കേരളം

kerala

ETV Bharat / state

'വനംമന്ത്രിയെ പുറത്താക്കണം, മാസപ്പടി വിവാദത്തിൽ അന്വേഷണ ഏജൻസിക്ക് മറുപടി നൽകണം'; വി മുരളീധരൻ - എക്‌സാലോജിക് വിവാദം

വനം എന്തെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്തെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളത്തിലുള്ളതെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ പരിഹാസം.

V muraleedharan  elephant attack and exalogic  വി മുരളീധരൻ  എക്‌സാലോജിക് വിവാദം  വയനാട്ടില്‍‌ ആനയുടെ ആക്രമണം
V muraleedharan

By ETV Bharat Kerala Team

Published : Feb 11, 2024, 5:33 PM IST

വി മുരളീധരൻ മാധ്യമങ്ങളോട്

തിരുവനന്തപുരം: ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കാൻ കഴിയാത്ത വനംമന്ത്രിയെ പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. വയനാട്ടില്‍‌ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബവും ഈ ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട് (V muraleedharan about elephant attack). നികുതിദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും വി.മുരളീധരൻ ആറ്റിങ്ങലിൽ പറഞ്ഞു.

കർണാടക സർക്കാർ റേഡിയോ കോളർ ഘടിപ്പിച്ച ആനയായിട്ടും മുന്നറിയപ്പ് നൽകാൻ പോലും വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്‌ചയാണ്. മോദിവിരുദ്ധ സമരത്തിന് കേരള-കർണാടക വനംമന്ത്രിമാര്‍ ഒരേ സമയം ഡൽഹിയിൽ ഉണ്ടായിരുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും ചർച്ച നടത്തിയിരുന്നുവെങ്കിൽ ജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചേനെയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

മോദിക്കെതിരെ സമരം ചെയ്യുന്ന സമയത്ത് കേരളത്തിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാൻ എന്ത് നടപടിയെടുത്തുവെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കര്‍ണാടക ഭരിക്കുന്നവരുടെ നേതാവ് കൂടിയായ വയനാട് എംപി രാഹുൽഗാന്ധി മണ്ഡലത്തില്‍ നടക്കുന്നതൊന്നും അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നുവെന്നും മുരളീധരന്‍ പരിഹസിച്ചു.

വനം എന്തെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്തെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്. വന്യജീവി ആക്രമണം നേരിടാൻ കേന്ദ്രം നൽകുന്ന പണം എവിടെപ്പോയി എന്ന് സർക്കാർ പറയണം. വൈദ്യുതി വേലി കെട്ടുന്നതിനോ വനത്തിൽ ഭക്ഷണം എത്തിക്കുന്നതിനോ എന്തെങ്കിലും പദ്ധതി നടന്നോ? പ്രൊജക്‌ട് എലഫെന്‍റ് പദ്ധതി എന്തായെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

എക്‌സാലോജിക് വിവാദം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെങ്കിൽ കോടതിയിൽ പോകുന്നതിന് പകരം അന്വേഷണ ഏജൻസിക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ (V muraleedharan about exalogic controversy).

കമ്പനികൾ തമ്മിലുള്ള കരാറെങ്കിൽ വാങ്ങിയവർക്കും കൊടുത്തവർക്കും മറുപടി വേണം. അത് ഉണ്ടാകാത്തതിലാണ് എസ്എഫ്ഐഒ നോട്ടിസ് കൊടുത്തതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പാര്‍ട്ടി ന്യായീകരിക്കാന്‍ മുഖ്യമന്ത്രിയുടെ മകൾ ഏത് പാർട്ടി ഘടകത്തിലാണ് പ്രവർത്തിക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു. കോടിയേരി ബാലകൃഷ്‌ണന്‍റെ മകനെതിരായി ആരോപണം വന്നപ്പോൾ സ്വീകരിച്ച സമീപനമല്ല സിപിഎമ്മിന് വീണ വിജയന്‍റെ കാര്യത്തില്‍. അന്ന് നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് പറഞ്ഞ നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുടെ മകളെ ന്യായികരിക്കാൻ നടക്കുകയാണ്.

വിഡി സതീശന്‍റെ തേഞ്ഞ ആരോപണത്തിന് മറുപടിയില്ലെന്നും മുരളീധരന്‍ പറഞ്ഞു. ബിജെപിക്ക് ആരുമായും ഒത്തുതീർപ്പ് ഇല്ലാത്തത് കൊണ്ടാണ് വീണാ വിജയന് നോട്ടിസ് ലഭിക്കുന്നതും ശിവശങ്കരൻ ജയിലിൽ കിടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർണാടക സർക്കാർ എന്തുകൊണ്ട് എക്‌സാലോജിക്കിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ല. വിഡി സതീശൻ കേന്ദ്ര നേതൃത്വത്തോട് അത് ആവശ്യപ്പെട്ടില്ലെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി. രാഹുൽ ഗാന്ധിയും സീതാറാം യച്ചൂരിയും തമ്മിൽ ധാരണയുള്ളത് കൊണ്ട് വിഡി സതീശൻ എത്ര വെള്ളംകോരിയാലും ഒന്നും നടക്കാൻ പോകുന്നില്ലെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

ABOUT THE AUTHOR

...view details