എറണാകുളം:സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രഞ്ജിത്ത് നല്ല സംവിധായകനാണ്. നല്ല ചിത്രങ്ങൾ കേരളത്തിന് നൽകിയിട്ടുണ്ട്. പക്ഷേ ഈ അവസരത്തിൽ രഞ്ജിത്ത് ഈ സ്ഥാനത്തുനിന്ന് ഒഴിയണമെന്നാണ് അദ്ദേഹത്തോട് അഭ്യർഥിക്കാനുള്ളത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് ഒഴിയും എന്ന് തന്നെയാണ് കരുതുന്നത്. രഞ്ജിത്തിനെതിരായ ആരോപണം പൊലീസ് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിക്ക് എതിരെ തെളിവില്ലാതിരുന്നിട്ടും പിണറായി സർക്കാർ കേസ് സിബിഐ അന്വേഷണത്തിന് വിട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സോളാർ വിഷയത്തില്‍ കേസെടുത്തത് വെറുതെയായില്ലെ എന്നാണ് സജി ചെറിയാൻ ചോദിക്കുന്നത്. ഒന്നാമതായി അതൊരു കുറ്റസമ്മതമാണ്. സോളാർ വിഷയത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ ആരും അതിനെ എതിർത്തില്ല. ഉമ്മൻ ചാണ്ടിയടക്കം അന്വേഷിക്കട്ടെ എന്നാണ് പറഞ്ഞത്.
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെല്ലാം തെളിവ് ഇല്ലന്നാണ് പറഞ്ഞത്. എന്നിട്ടും പിണറായി സർക്കാർ കേസ് സിബിഐ അന്വേഷണത്തിന് വിടുകയായിരുന്നു. സിബിഐ അന്വേഷണം നടത്തി ഒരു തെളിവുമില്ലന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും വേട്ടയാടിയതിൻ്റെ കുറ്റ സമ്മതമാണ് മന്ത്രി സജി ചെറിയാൻ ഇന്ന് നടത്തിയതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവക്കാൻ കൂട്ടുനിന്ന സജി ചെറിയാൻ മന്ത്രി സ്ഥാനം ഒഴിയണമെന്നും മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വേട്ടക്കാരെ ന്യായീകരിക്കുകയും ഇരകളെ തള്ളി പറയുകയുമാണ് മന്ത്രി സജി ചെറിയാൻ ചെയ്യുന്നത്. വനിത അന്വേഷണ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നാണ് തങ്ങൾ ആവശ്യപ്പെട്ടത്. അന്വേഷണം വേണ്ട എന്നാണെങ്കിൽ ഈ റിപ്പോർട്ടിന്‍റെ ഫലമെന്താണെന്നും കോൺഗ്രസ് നേതാവ് ചോദിച്ചു.
യഥാർഥ കുറ്റവാളികൾ ആരാണെന്ന് അന്വേഷണം നടത്തി കണ്ടെത്തണം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. കുറ്റകൃത്യം നടന്നു എന്നതിൻ്റെ തെളിവ് സർക്കാറിൻ്റെ കയ്യിൽ ഇരിക്കുകയാണ്. ഇനി ആര് വന്നു പരാതി പറയാനാണെന്നും വി ഡി സതീശൻ ചോദിച്ചു.
സർക്കാർ വേട്ടക്കാരന് വഴങ്ങിയിരിക്കുകയാണ്. നിരപരാധിധികളെയും കുറ്റക്കാരെയും സർക്കാർ ഒരുമിച്ച് നിർത്തുകയാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് താരസംഘടന അമ്മ സ്വീകരിച്ച നിലപാടിനെ വിഡി സതീശൻ സ്വാഗതം ചെയ്‌തു. അമ്മയ്ക്ക് എതിരല്ല റിപ്പോർട്ട് എന്നാണ് സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും അമ്മ ഭാരവാഹികൾ പറയുന്നു. അതിലെന്താണ് തെറ്റ് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള ഹർജിയിൽ കക്ഷി ചേരുന്നത് സംബന്ധിച്ച് പിന്നീട് ആലോചിക്കും. സ്വന്തം നിലയിൽ കോടതിയെ സമീപിക്കുമോ എന്നത് പിന്നീട് അറിയിക്കാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read:'മന്ത്രി സജി ചെറിയാനും രഞ്ജിത്തും രാജിവയ്‌ക്കണം': കെ സുരേന്ദ്രന്‍