തിരുവനന്തപുരം: 'ദ ഹിന്ദു' പത്രത്തിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഭിമുഖം തയ്യാറാക്കിയ പിആർ ഏജൻസിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏജൻസിക്ക് ആരുമായാണ് ബന്ധം എന്ന് അന്വേഷിക്കണം. ഏജൻസി എഴുതിക്കൊടുത്ത ഭാഗമാണ് പത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണല്ലോ അഭിമുഖം നൽകിയത്. ഏജൻസി ഏത് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നു എന്ന് അന്വേഷിച്ചാൽ മനസിലാകും. പിആർ ഏജൻസി വാഗ്‌ദാനം ചെയ്‌തിട്ടാണ് പത്രം അഭിമുഖത്തിന് തയ്യാറായത്. ഏജൻസിക്ക് രാഷ്ട്രീയ ബന്ധങ്ങളുണ്ട്. ഡൽഹിയിലെ ഏമാന്മാരെ തൃപ്‌തിപ്പെടുത്താനാണ് മുഖ്യമന്ത്രി അഭിമുഖം നൽകിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ദേശീയ തലത്തിൽ സംഘപരിവാർ പ്രചരിപ്പിക്കുന്ന കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. ബുദ്ധിപൂർവം ഭിന്നിപ്പുണ്ടാക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഏജൻസിയെക്കൊണ്ട് ഈ പരാമർശം നൽകിച്ചത്. അത് പിടിക്കപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്നും അദ്ദേഹം പറഞ്ഞു. അഭിമുഖത്തിന് ഏജൻസിയെ നിയോഗിക്കുന്നത് തമാശയാണെന്നും വിഡി സതീശന്‍ അഭിപ്രായപ്പെട്ടു.
ഹിന്ദു പത്രത്തിന്‍റെ വിശദീകരണം വായിച്ചാല്‍ കാര്യം വ്യക്തമാകും. വിശദീകരണം മുഴുവൻ കൊടുക്കാത്തത് ദേശാഭിമാനി പത്രം മാത്രമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്വർണക്കടത്ത് വിഷയം ആദ്യമായി കൊണ്ടുവന്നത് പ്രതിപക്ഷമാണ്. അതിനെ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി മുഖ്യമന്ത്രി ഉപയോഗിച്ചെന്നും വിഡി സതീശന്‍ പറഞ്ഞു.