കണ്ണൂർ: വിദേശ വിമാന കമ്പനികളുടെ സർവീസിനുള്ള പോയിൻ്റ് ഓഫ് കോൾ പദവിയുടെ കാര്യത്തിൽ കണ്ണൂരിൻ്റെ മോഹങ്ങൾക്ക് വീണ്ടും തിരിച്ചടിയായി മന്ത്രിയുടെ രാജ്യസഭയിലെ പ്രഖ്യാപനം. കണ്ണൂർ വിമാനത്താവളത്തിന് പോയിൻ്റ് ഓഫ് കാൾ പദവി നൽകാൻ കഴിയില്ലെന്നും പകരം കൂടുതൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അനുവദിക്കുന്നത് പരിഗണിക്കും എന്നുമാണ് കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയിൽ അറിയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കാലാവധി കഴിഞ്ഞാൽ കണ്ണൂരിന് പോയിൻ്റ് ഓഫ് കാൾ പദവി ലഭ്യമാകും എന്നായിരുന്നു അഭ്യൂഹം.
എന്നാൽ, ഇതാണ് കേന്ദ്രം തള്ളിയത്. ഇതോടെ വിമാനത്താവളത്തിൻ്റെ വികസന സ്വപ്‌നങ്ങൾക്ക് മേൽ കരിനിഴൽ വീണിരിക്കുകയാണ്. മുമ്പും പലതവണ കണ്ണൂരിൽ വിദേശ കമ്പനികളുടെ സർവീസ് അനുവദിക്കാൻ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പുതിയ വിമാനത്താവളങ്ങൾക്ക് പോയിൻ്റ് നൽകാനാവില്ല എന്നാണ് കാരണമായി പറഞ്ഞത്. എന്നാൽ കണ്ണൂരിന് ശേഷം പ്രവർത്തനം തുടങ്ങിയ ഗോവയിലെ മോപ്പാ മനോഹരർ വിമാനത്താവളത്തിൽ ഒമാൻ എയർ സർവീസ് അനുവദിച്ചു. കണ്ണൂർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് എന്നതാണ് മറ്റൊരു തവണ കാരണമായി പറഞ്ഞത്. വ്യോമയാന പാർലമെൻ്ററി സമിതി കഴിഞ്ഞവർഷം വിമാനത്താവളം സന്ദർശിക്കുകയും വിമാനത്താവളത്തിലെ സൗകര്യങ്ങളിൽ പൂർണ്ണ സംതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
സമിതി പദവി നൽകുന്നതിന് അനുകൂലമായാണ് നിലപാടെടുത്തത്. ഇതെല്ലാമാണ് മന്ത്രിയുടെ ഒറ്റ പ്രഖ്യാപനത്തിലൂടെ മങ്ങി പോയത്. വിദേശ സർവീസുകൾ ഇല്ലാത്തതിനാൽ എയർ ഇന്ത്യയും ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റ് കഴിഞ്ഞവർഷം സർവീസ് നിർത്തി.
പ്രവർത്തനം തുടങ്ങി ആറ് വർഷമായിട്ടും ഗൾഫ് രാജ്യങ്ങളിലേക്ക് മാത്രമാണ് കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ ഉള്ളത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ വിമാനത്താവള കമ്പനിയായ കിയാൽ കടന്നുപോകുന്നത് എന്നതും വിമാനതാവളത്തിൻ്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യുന്നു. വൻ നഗരങ്ങളിലല്ലാത്ത നിരവധി വിമാനത്താവളങ്ങൾക്ക് ഈ പദവിയുണ്ട്.
പക്ഷേ, കണ്ണൂരിന് പറ്റില്ലെന്ന നിലപാട് യുക്തിസഹമല്ല എന്നും വിമാന സർവീസുകൾ വർധിപ്പിക്കാൻ കഴിയാത്തത് കണ്ണൂർ വിമാനത്താവളത്തിൻ്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമിച്ച വിമാനത്താവളത്തിന് നിർമാണാവശ്യത്തിനെടുത്ത 800 കോടി രൂപക്കു മുകളിൽ വായ്‌പ തിരിച്ചടക്കാനുണ്ട്.
വിമാനത്താവള വികസനത്തിൻ്റെ പേരിലും രാഷ്ട്രീയ പോര്:കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശ വിമാനക്കമ്പനികളുടെ സര്‍വീസിന് വേണ്ട പോയിന്‍റ് ഓഫ് കോള്‍ പദവി നിഷേധിച്ച കേന്ദ്ര നടപടി നീതികരിക്കാനാവാത്തതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ കുറ്റപ്പെടുത്തി. കണ്ണൂര്‍ വിമാനത്താവളത്തെ മോദി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന് കരുവാക്കുകയാണ്. പോയിന്‍റ് ഓഫ് കോള്‍ പദവി ലഭ്യമാക്കുമെന്നായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് ബിജെപിയുടെ പ്രചരണം.