കേരളം

kerala

ETV Bharat / state

വേദിയിൽ നിന്ന് ഉമാ തോമസ് എംഎൽഎ വീണ സംഭവം; സംഘാടകർക്കെതിരെ കേസെടുത്ത് പൊലീസ് - POLICE CASE IN UMA THOMAS ACCIDENT

ഭരതനാട്യം പരിപാടിയുടെ സംഘാടകർക്കെതിരെയും സ്റ്റേജ് ഒരുക്കിയ കരാറുകാർക്കെതിരെയുമാണ് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പരിപാടി ഒരുക്കിയതിനാണ് കേസ്.

UMA THOMAS MLA ACCIDENT  UMA THOMAS MLA  KALOOR INTERNATIONAL STADIUM  DANCE EVENT AT KALOOR
UMA THOMAS MLA (FB)

By ETV Bharat Kerala Team

Published : Dec 30, 2024, 9:26 AM IST

എറണാകുളം : കലൂർ സ്റ്റേഡിയത്തിലെ വേദിയിൽ നിന്ന് വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ഭരതനാട്യം പരിപാടിയുടെ സംഘാടകർക്കെതിരെയും സ്റ്റേജ് ഒരുക്കിയ കരാറുകാർക്കെതിരെയുമാണ് പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ പരിപാടി ഒരുക്കിയതിനാണ് കേസ്. സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്നും വീണ് പരിക്കേറ്റ എംഎൽഎ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

ചികിത്സയ്ക്കായി വിദഗ്‌ധ സംഘം

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളജിലെയും എറണാകുളം മെഡിക്കല്‍ കോളജിലെയും വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘവുമാണ് വിദഗ്‌ധ ചികിത്സയുറപ്പാക്കാൻ റിനൈ മെഡിസിറ്റിയിലെത്തിയത്. ഈ ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണിത്.

സംഘാടകർക്ക് ഗുരുതര വീഴ്‌ച

നൃത്ത പരിപാടിയുടെ സംഘാടകർക്ക് ഗുരുതര വീഴ്‌ച സംഭവിച്ചതായി ഫയർഫോഴ്‌സിൻ്റെ പ്രാഥമിക റിപ്പോർട്ട്. വേദിയിൽ സുരക്ഷയ്ക്ക് ആവശ്യമായ ബാരിക്കേഡ് സ്ഥാപിച്ചില്ല. സ്റ്റേജിൻ്റെ കപ്പാസിറ്റിയിൽ കൂടുതൽ കസേരകളിട്ടതും അപകടത്തിന് കാരണമായെന്നും ഫയർഫോഴ്‌സ് റിപ്പോട്ടിലുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനത്തിനിടെയായിരുന്നു അപകടം. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ ഇരിക്കുകയായിരുന്ന വിഐപി വേദിയിൽ നിന്നാണ് എംഎൽഎ താഴേക്ക് വീണത്. വേദിയിലിരുന്ന എംഎൽഎ പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് നടക്കവെ, വേദിയിലെ താത്‌കാലിക റെയിൽ റിബണിൽ പിടിച്ചതോടെയാണ് താഴേക്ക് വീണത്. പതിനഞ്ച് അടി ഉയരത്തിൽ നിന്നും താഴേക്ക് വീണ എംഎൽഎയ്ക്ക്‌ തലയ്ക്കാണ് പരിക്കേറ്റത്.

ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് സിടി സ്‌കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയതോടെയാണ് പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്. തുടർന്ന് എംഎൽഎയെ വെൻ്റിലേറ്ററിലേക്കും മാറ്റി. എംഎൽഎയുടെ തലയ്ക്കും, വാരിയെല്ലിനും, ശ്വാസകോശത്തിനുമാണ് പ്രധാനമായി പരിക്കുള്ളതെന്ന് റിനൈയിലെ ഡോക്‌ടർമാർ അറിയിച്ചു.

നിലവിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലന്നും 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരുമെന്നും ഡോക്‌ടർമാർ വ്യക്തമാക്കിയിരുന്നു. തലച്ചോറിനേറ്റ പരിക്ക് ഗുരുതരമാണെങ്കിലും ഏത് രീതിയിൽ ആരോഗ്യ സ്ഥിതിയെ ബാധിക്കുമെന്ന് ഉടനെ പറയാൻ കഴിയില്ലന്നും ഡോക്‌ടർമാർ അറിയിച്ചു.

പൊലീസിന് വീഴ്‌ചയെന്ന് ഡിസിസി

ഉമാ തോമസ് എംഎൽഎയ്ക്ക്‌ പരിക്ക് പറ്റിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. മന്ത്രിയും ജനപ്രതിനിധികളും പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും സംഘാടകർ ഒരുക്കിയിരുന്നില്ല. ഇത് ഗുരുതരകരമായ വീഴ്‌ചയാണ്. പതിനായിരത്തിലേറെ ആളുകൾ പങ്കെടുക്കുന്ന ഒരു പരിപാടി എന്ന നിലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും സ്വീകരിച്ചിട്ടില്ല. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്ത പരിപാടിക്ക് പൊലീസ് അനുമതി നൽകിയത് എന്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നും അദ്ദേഹം ചോദിച്ചു.

Also Read:മുഖത്തും വാരിയെല്ലിനും പരിക്ക്; അപകടനില തരണം ചെയ്‌തിട്ടില്ല, ഉമാ തോമസിന്‍റെ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

ABOUT THE AUTHOR

...view details