കേരളം

kerala

ETV Bharat / state

കേരളത്തില്‍ കുടിവെള്ള സൗകര്യമില്ലാത്ത 14 സ്‌കൂളുകള്‍!; അധ്യാപകരേക്കാള്‍ നാലിരട്ടി അധ്യാപികമാര്‍, കൊഴിഞ്ഞു പോകുന്നതില്‍ ഏറെയും ആണ്‍കുട്ടികള്‍ - UDISE KERALA SCHOOLS REPORT

രാജ്യത്തെ മുഴുവന്‍ സ്‌കൂൾ വിദ്യാഭ്യാസ മേഖലയുടെ നിലവിലെ സ്ഥിതി വിവരങ്ങള്‍ ഉൾക്കൊള്ളുന്ന യുഡിഐഎസ്‌ഇ റിപ്പോര്‍ട്ടിലാണ് കൗതുകകരമായ വിവരങ്ങളുള്ളത്. കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

UDISE KERALA REPORTS  SCHOOLS DRINKING WATER FACILITY  KERALA SCHOOLS DATA  കേരളം വിദ്യാഭ്യാസ മേഖല
Representative Image (Getty Images)

By ETV Bharat Kerala Team

Published : Jan 4, 2025, 4:04 PM IST

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളിലാകെ എത്ര കുട്ടികളുണ്ട് ?. പൊതു വിദ്യാലയങ്ങളില്‍ 47 ലക്ഷമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പറയുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച് 2023-24 അധ്യായന വര്‍ഷത്തില്‍ കേരളത്തിലെ അംഗീകൃത സ്‌കൂളുകളില്‍ 6281704 കുട്ടികള്‍ പഠിക്കുന്നുണ്ട്. മുൻ അധ്യായന വര്‍ഷത്തെ അപേക്ഷിച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ എണ്ണം കേരളത്തില്‍ കൂടിയിരിക്കുകയാണ്. 2023-24ല്‍ കൂടിയത് 96344 കുട്ടികളാണ്.

കേരളത്തില്‍ കൂടുതല്‍ എയ്‌ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നത് എയ്‌ഡഡ് സ്‌കൂളുകളിലാണ്. 2023-24 അധ്യായന വര്‍ഷത്തില്‍ സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം 27,49,252 ആണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 18,01,570 വിദ്യാര്‍ഥികളും സ്വകാര്യ അൺ എയ്‌ഡ് അംഗീകൃത സ്‌കൂളുകളില്‍ 16,32,854 വിദ്യാര്‍ഥികളുമാണുള്ളത്. സംസ്ഥാനത്തെ മറ്റ് സ്‌കൂളുകളിലായി 98,028 കുട്ടികളും പഠിക്കുന്നുണ്ട്.

രാജ്യത്താകെ 14 71 891 സ്‌കൂളുകളാണ് ഉള്ളത്. കേരളത്തില്‍ 15864 സ്‌കൂളുകളും. കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 62.8 ലക്ഷമാണെങ്കില്‍ രാജ്യത്താകെയുള്ളത് 24കോടി എണ്‍പത് ലക്ഷത്തി നാല്‍പ്പത്തയ്യായിരത്തിലേറെ വിദ്യാര്‍ഥികളാണ്. കേരളത്തിലാകെയുള്ളത് രണ്ട് ലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി തൊണ്ണൂറ്റാറ് അധ്യാപകരാണ്. ഇന്ത്യയിലാകെയുള്ളതാകട്ടെ 98 ലക്ഷത്തില്‍പ്പരം അധ്യാപകരും.

UDISE 2023-24 റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ സ്‌കൂളുകളിലുള്ള കുട്ടികളില്‍ 69.5 ശതമാനം പേരും ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 38.9 ശതമാനം മുസ്‌ലിം വിദ്യാര്‍ഥികളും ഒബിസി വിഭാഗത്തില്‍പ്പെടുന്നു. പട്ടികജാതി വിഭാഗത്തില്‍ നിന്നും 8.6 ശതമാനം വിദ്യാര്‍ഥികളും പട്ടികവര്‍ഗ വിഭാഗത്തില്‍ നിലവില്‍ 1.5 ശതമാനം കുട്ടികളുമാണ് പഠിക്കുന്നത്.

വിഭാഗം കേരളം ഇന്ത്യ
ജനറല്‍ 20.4 26.9
എസ്‌സി 8.6 18
എസ്‌ടി 1.5 9.9
ഒബിസി 69.5 45.2
മുസ്‌ലിം 38.9 15.8

ആണ്‍കുട്ടികളായ വിദ്യാര്‍ഥികളുടെ എണ്ണം നിലവില്‍ 31,96,874 ആണ്. പെണ്‍കുട്ടികളുടെ എണ്ണം 3084830 ഉം ആണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള 75,543 ആണ്‍കുട്ടികളും 48,334 പെണ്‍കുട്ടികളുമാണുള്ളത്. റിപ്പോർട്ട് പ്രകാരം ഒന്നാം ക്ലാസിൽ 4,32,287 വിദ്യാർഥികൾ പ്രവേശനം നേടി. ഇവരിൽ 2,19,739 പേരും ആൺകുട്ടികളാണ്.

വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണം ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍
2023-24 6281704 3196874 3084830
2022-23 6185360 3150336 3035024

വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്

ഇന്ത്യയില്‍ ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ 10.9 ശതമാനം കുട്ടികള്‍ കൊഴിഞ്ഞു പോകുന്നതായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. കേരളത്തില്‍ ഇത് 2.2 ശതമാനം മാത്രമാണ്. കൊഴിഞ്ഞു പോകുന്നതില്‍ ഏറെയും ആണ്‍കുട്ടികളാണ്. 2.9 ശതമാനം. പെണ്‍കുട്ടികളില്‍ 1.4 ശതമാനമാണ് കൊഴിഞ്ഞു പോക്ക്. ഇന്ത്യയില്‍ ആണ്‍കുട്ടികളാണ് ഏറെയും കൊഴിഞ്ഞു പോകുന്നത് 12.3 ശതമാനം. പെണ്‍കുട്ടികളില്‍ കൊഴിഞ്ഞു പോകുന്നത് ദേശീയ തലത്തില്‍ 9.4 ശതമാനമാണ്.

കേരളം ഏറെ മുന്നില്‍

കുടിവെള്ള സൗകര്യമുള്ള സ്‌കൂളുകളുടെ ശതമാന കണക്കില്‍ ദേശീയ ശരാശരിയേക്കാള്‍ ഒരുപടി മുന്നിലാണ് കേരളം. സ്‌കൂൾ വിദ്യാഭ്യാസ മേഖലയുടെ സ്ഥിതിവിവരക്കണക്ക്‌ ഉൾക്കൊള്ളുന്ന യുഡിഐഎസ്‌ഇ+ (UDISE) റിപ്പോർട്ടിലാണ്‌ ഇക്കാര്യം പറയുന്നത്. സംസ്ഥാനത്തെ 99.9 ശതമാനം സ്‌കൂളുകളുടെയും പരിസരത്ത് തന്നെ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

98.3 ആണ് ദേശീയ ശരാശരി. അതേസമയം, സംസ്ഥാനത്ത് 1173 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഇപ്പോഴും ഹാൻഡ് പമ്പുകള്‍ ഉപയോഗിച്ചാണ് കുടിവെള്ളമെടുക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടിവെള്ളത്തിനായി 38 സ്‌കൂളുകള്‍ സുരക്ഷിതമല്ലാത്ത കിണറുകള്‍ ഉപയോഗിക്കുന്നുണ്ട്. 14 വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് കുടിവെള്ളം ലഭ്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

ജലത്തിന്‍റെ ഉറവിടം കേരളം ഇന്ത്യ
കുടിവെള്ളത്തിനായി ഏതെങ്കിലും ഉറവിടങ്ങള്‍ ഉപയോഗിക്കുന്ന സ്‌കൂളുകള്‍ 15850 1447311
ടാപ് വാട്ടര്‍ 7701 872230
പായ്ക്ക് ചെയ്‌ത വെള്ളം 164 22767
ഹാൻഡ് പമ്പ് 1173 481951
കിണര്‍ 6542 22538
സുരക്ഷിതമല്ലാത്ത കിണര്‍ 38 3233
മറ്റ് ഉറവിടങ്ങള്‍ 232 43238
സ്‌കൂള്‍ പരിസരത്ത് കുടിവെള്ള സൗകര്യമില്ലാത്തവ 14 24580
സ്‌കൂള്‍ പരിസരത്ത് കുടിവെള്ള സൗകര്യം ഉള്ളവ (ശതമാനം) 99.9 98.3

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

6281704 വിദ്യാർഥികൾക്ക് കേരളത്തിൽ 15,864 സ്‌കൂളുകളും 2,91,096 അധ്യാപകരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദ്യാര്‍ഥി അധ്യാപക അനുപാതം കേരളത്തില്‍ 22 ആണ്. ദേശീയ ശരാശരി ഇത് 25 ആണ്. മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ വിദ്യാര്‍ഥി അധ്യാപക അനുപാതവും മികച്ചതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ബിഹാര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക എന്നിവിടങ്ങളിലെല്ലാം അനുപാതം 30-ൽ കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കേരളം ഇന്ത്യ
വിദ്യാർഥി അധ്യാപക അനുപാതം 22 25
ഓരോ സ്‌കൂളിലും ശരാശരിയുള്ള അധ്യാപകർ 18 7
ഓരോ സ്‌കൂളിലുമുള്ള ശരാശരി വിദ്യാര്‍ഥികള്‍ 396 169
സീറോ എൻറോൾമെൻ്റുകളുള്ള സ്‌കൂളുകൾ 104 12954
സീറോ എൻറോൾമെൻ്റുകളുള്ള സ്‌കൂളുകളിലെ അധ്യാപകര്‍ 504 31981
ഏകാധ്യാപക വിദ്യാലയങ്ങള്‍ 76 110971
ഏകാധ്യാപക വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ളവര്‍ 1224 3994097

കേരളത്തിലെ ഒരു സ്‌കൂളില്‍ ശരാശരി 396 വിദ്യാര്‍ഥികളും 18 അധ്യാപകരുമുണ്ടെന്നാണ് കണക്ക്. ദേശീയ തലത്തില്‍ ഈ കണക്ക് 169, 7 എന്നിങ്ങനെയാണ് വരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ അധ്യായന വര്‍ഷത്തില്‍ 1224 വിദ്യാര്‍ഥികള്‍ പഠിക്കുന്ന 76 ഏകാധ്യാപക വിദ്യാലയങ്ങളാണ് കേരളത്തിലുള്ളത്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ 22:1 എന്നതാണ് വിദ്യാര്‍ഥി അധ്യാപക അനുപാതം. സർക്കാർ എയ്‌ഡഡ് സ്‌കൂളുകളില്‍ ഇത് 23:1 ആണ്. അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലാകട്ടെ 20 വിദ്യാര്‍ഥികള്‍ക്ക് ഒരു അധ്യാപകൻ എന്നതാണ് സംസ്ഥാനത്തെ കണക്ക്.

അധ്യാപകരില്‍ കൂടുതല്‍ വനിതകള്‍

അതേസമയം, സംസ്ഥാനത്തെ അധ്യാപകരായ പുരുഷന്മാരുടെയും സ്‌ത്രീകളുടെയും എണ്ണത്തില്‍ വലിയ അന്തരമാണുള്ളത്. 55,477 പുരുഷ അധ്യാപകരും 2,35,619 വനിത അധ്യാപകരും കേരളത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ജെൻഡര്‍ കേരളം ഇന്ത്യ
പുരുഷ അധ്യാപകര്‍ 55477 4577026
വനിതാ അധ്യാപകര്‍ 235619 5230574
ആകെ 291096 9807600

ABOUT THE AUTHOR

...view details