കോഴിക്കോട് : തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ പരാതിയുമായി യുഡിഎഫ്. കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിനെ വേദിയിലിരുത്തി വികസന പ്രഖ്യാപനം നടത്തി എന്നതാണ് പരാതി. കോഴിക്കോട് ഒരു അന്താരാഷ്ട്ര സ്‌റ്റേഡിയം നിർമിക്കും എന്നതായിരുന്നു പ്രഖ്യാപനം. എന്നാൽ ഇത് നേരത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചതാണെന്നും മന്ത്രി പറഞ്ഞു.
പ്രസംഗം റെക്കോർഡ് ചെയ്‌ത തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വീഡിയോഗ്രാഫറെ സ്ഥാനാർഥിയായ എളമരം കരീം ഗ്രീൻ റൂമിലേക്ക് കൂട്ടികൊണ്ടുപോയി ദൃശ്യങ്ങള്‍ നശിപ്പിച്ചുവെന്നും യുഡിഎഫ് പരാതിയിൽ പറയുന്നു. തിങ്കളാഴ്‌ച (ഏപ്രില്‍ 1) നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിലെ പ്രസംഗമാണ് വിവാദത്തിലായത്. സംഭവത്തിൽ മന്ത്രി മുഹമ്മദ് റിയാസിനോട് ജില്ല കലക്‌ടർ വിശദീകരണം തേടി.
പ്രതികരണവുമായി മന്ത്രി:തനിക്കെതിരെയുള്ള യുഡിഎഫിന്‍റെ പരാതിയില്‍ മന്ത്രി പ്രതികരിച്ചു. പെരുമാറ്റചട്ടം ലംഘിച്ചിട്ടില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പുതിയ പ്രഖ്യാപനം നടത്തിയിട്ടില്ല. നേരത്തെ ചെയ്‌ത കാര്യം പറയുകയാണുണ്ടായത്. അത് ഇനിയും തുടരുമെന്നും മന്ത്രി റിയാസ് തുറന്നടിച്ചു. ജില്ല ഭരണകൂടത്തിൻ്റെ നോട്ടീസ് തനിക്ക് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.