പത്തനംതിട്ട: പന്തളത്തും കോന്നിയിലും ഉണ്ടായ രണ്ട് വ്യത്യസ്‌ത ബൈക്ക് അപകടങ്ങളിൽ രണ്ട് യുവാക്കൾ മരിച്ചു. എം സി റോഡിൽ പന്തളത്തു കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കോളേജ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു നിസാര പരിക്കേറ്റു.
തമിഴ്‌നാട് മരുതുംപാറ പാറയിൽ വീട്ടിൽ വിജയൻ്റെ മകൻ വി എം ആദർശ് (21) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന സുഹൃത്തും സഹപാഠിയുമായ അബീഷിന് നിസ്സാര പരുക്കേറ്റു. അടൂർ പറന്തൽ മാർ ക്രിസോസ്‌റ്റം കോളേജിലെ ബിസിഎ വിദ്യാർഥികളാണ് ഇരുവരും. ഗുരുതരമായി പരിക്കേറ്റ ആദർശിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ എം സി റോഡിൽ പന്തളം ചിത്രാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ബൈക്കിൽ കോളേജിലേക്ക് പോകുമ്പോൾ കൊട്ടാരക്കര നിന്നു കോട്ടയത്തേക്ക് വന്ന ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ടാപ്പിങ് തൊഴിലാളിയായ പിതാവ് വിജയനും മാതാവ് മനോഹരഭായിയും മെഴുവേലി ഉള്ളന്നൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്.