മംഗളൂരു :അനധികൃതമായി പിസ്റ്റൾ കൈവശം വച്ച മലയാളികളെ അറസ്റ്റ് ചെയ്‌ത് മംഗളൂരു സിസിബി പൊലീസ്. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്‌ഗർ (26), അബ്‌ദുൾ നിസാർ കെ (29) എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് ഒരു പിസ്റ്റൾ, രണ്ട് ലൈവ് ബുള്ളറ്റുകൾ, രണ്ട് മൊബൈൽ ഫോണുകൾ, ഒരു കാർ എന്നിവ പിടിച്ചെടുത്തു.
ഉള്ളാള്‍ താലൂക്കിലെ തലപ്പാടി വില്ലേജിലെ പിലിക്കൂർ ഭാഗത്താണ് പ്രതികൾ കാറിൽ അനധികൃത പിസ്റ്റളുമായി കറങ്ങിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ച മംഗളൂരു സിസിബി പൊലീസ് റെയ്‌ഡ് നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ഉല്ലല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.
അതേസമയം പ്രതികളിൽ നിന്നും പിടിച്ചെടുത്ത വസ്‌തുവിൻ്റെ ആകെ മൂല്യം 7,15,000 രൂപ ആണെന്നാണ് കണക്കാക്കുന്നത്. പ്രതികളിലൊരാളായ മുഹമ്മദ് അസ്‌ഗറിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, ആക്രമണം, ഉള്ളാള്‍ പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് വിൽപന അടക്കം 8 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ബെംഗളൂരു നഗരത്തിലെ ബൈയപ്പനഹള്ളി പൊലീസ് സ്റ്റേഷനിൽ കഞ്ചാവ് കടത്തിയതിനും ഇയാൾക്കെതിരെ കേസുണ്ട്.
സിസിബി യൂണിറ്റിലെ എസിപി ഗീത കുൽക്കർണിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്‌ടർ ഓഫ് പൊലീസ് ശ്യാം സുന്ദർ എച്ച്എം, പിഎസ്ഐ സുധീപ് എംവി, സിസിബി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രതികളെ വലയിലാക്കിയത്.
ALSO READ:ഒരാളെ അവയവ കടത്തിന് എത്തിച്ചാല്‍ പത്ത് ലക്ഷം: അഞ്ച് വർഷം കൊണ്ട് സാബിത്ത് നേടിയത് കോടികൾ; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്