കേരളം

kerala

ETV Bharat / state

രാജ്യസഭ സീറ്റില്‍ കുഴങ്ങി ഇടത് മുന്നണി; മാണി വിഭാഗത്തെ പൂട്ടാന്‍ ഒരു മുഴം മുന്‍പേയെറിഞ്ഞ് സിപിഐ - Rajya Sabha Seat LDF - RAJYA SABHA SEAT LDF

എല്‍ഡിഎഫിന് അര്‍ഹതയുള്ള 2 സീറ്റുകളില്‍ രണ്ടാം സീറ്റിലേക്ക് സിപിഐയും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെ സീറ്റ് നല്‍കുന്നതില്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് സിപിഎം.

LDF RAJYASABHA SEAT  CONGRESS M  CPI  രാജ്യസഭ സീറ്റ് ഇടത് മുന്നണി
Representative Image (Source : Etv Bharat Network)

By ETV Bharat Kerala Team

Published : May 13, 2024, 8:28 PM IST

തിരുവനന്തപുരം : ജൂലൈ 1 ന് ഒഴിവ് വരുന്ന മൂന്ന് രാജ്യസഭ സീറ്റുകളില്‍ അര്‍ഹതയുള്ള രണ്ടു സീറ്റുകളില്‍ ഒരു സീറ്റിന്‍മേലുള്ള രണ്ടു ഘടക കക്ഷികളുടെ അവകാശ വാദം ഇടതു മുന്നണിയില്‍ കല്ലുകടിയാകുന്നു. എല്‍ഡിഎഫിന് അര്‍ഹതയുള്ള 2 സീറ്റുകളില്‍ രണ്ടാം സീറ്റിലേക്ക് സിപിഐയും കേരള കോണ്‍ഗ്രസ് മാണി വിഭാഗവും അവകാശവാദം ഉന്നയിച്ചതോടെ പ്രശ്‌ന പരിഹാരം എങ്ങനെയെന്ന് തലപുകയ്ക്കുകയാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎം.

വിട്ടു വീഴ്‌ചയ്ക്കില്ലെന്നു മാത്രമല്ല, അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ സീറ്റിന്‍മേല്‍ അവകാശവാദമുന്നയിക്കാന്‍ സിപിഐ തീരുമാനിക്കുകയും ചെയ്‌തു. ഇതേ ആവശ്യമുന്നയിക്കാന്‍ ഇന്ന് കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയും തീരുമാനിച്ചതോടെ പന്ത് സിപിഎമ്മിന്‍റെ കോര്‍ട്ടിലായി.

എളമരം കരിം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം) എന്നവരുടെ രാജ്യസഭ കാലാവധിയാണ് ജൂലൈ 1-ന് പൂര്‍ത്തിയാകുന്നത്. നിലവിലെ നിയസഭ കക്ഷിനില അനുസരിച്ച് ഇതില്‍ രണ്ടു സീറ്റ് എല്‍ഡിഎഫിനും ഒരു സീറ്റ് യുഡിഎഫിനും ലഭിക്കും.

എല്‍ഡിഎഫിന് ലഭിക്കുന്ന രണ്ടു സീറ്റിലൊന്ന് സിപിഎം എടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടാം സീറ്റിലേക്കാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. എല്‍ഡിഎഫിലെ രണ്ടാമത്തെ ഘടക ക്ഷിയായ സിപിഐക്ക് ബിനോയ് വിശ്വം ഒഴിയുന്നതോടെ അംഗബലം ഒന്നായി ചുരുങ്ങും.

സിപിഎമ്മിനാകട്ടെ അത് നാലായി നിലനിര്‍ത്താനാകും. അതേ സമയം തങ്ങള്‍ രാജ്യസഭയില്‍ ഒന്നിലേക്കൊതുങ്ങുന്നത് സിപിഐക്ക് സങ്കല്‍പ്പിക്കാനാകില്ലെന്ന് മാത്രമല്ല, കേരള കോണ്‍ഗ്രസിനും സിപിഐക്കും രാജ്യസഭയില്‍ തുല്യ പ്രാതിനിധ്യമാകുകയും ചെയ്യും.

ഇത് എല്‍ഡിഎഫിലെ രണ്ടാമത്തെ ഘടക കക്ഷി എന്ന സ്ഥാനം ഭാവിയില്‍ കേരള കോണ്‍ഗ്രസ് തട്ടിയെടുക്കുന്നതിന് ഇടയാക്കുമെന്ന ആശങ്കയും സിപിഐക്കുണ്ട്. ഇതു കണക്കിലെടുത്താണ് ബിനോയ് വിശ്വം ഒഴിയുന്ന രാജ്യസഭ സീറ്റിലേക്ക് ഒരു വിട്ടു വീഴ്‌ചയും വേണ്ടെന്ന് നിലപാടില്‍ ഇന്നു ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവ് യോഗം എത്തിയത്.

അതേ സമയം കേരള കോണ്‍ഗ്രസിനെ സംബന്ധിച്ചാകട്ടെ 2020 ല്‍ ജോസ് കെ മാണി എല്‍ഡിഎഫിലേക്ക് വരുമ്പോള്‍ രാജ്യസഭ എംപി സ്ഥാനവുമായാണ് എത്തിയത്. യുഡിഎഫിലായിരിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ ലോക്‌സഭ സ്ഥാനവും രാജ്യസഭാ സ്ഥാനവും ഒരുമിച്ചു ജോസ് കെ മാണിക്കുണ്ടായിരുന്നു.

ലോക്‌സഭ സീറ്റിന്‍റെ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് ജോസ് കെ മാണി ലോക്‌സഭ സീറ്റൊഴിഞ്ഞ് രാജ്യസഭ എംപിയായി സത്യ പ്രതിജ്ഞ ചെയ്‌തത്. 2020 ല്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തുമ്പോള്‍ ഈ രാജ്യസഭ എംപി സ്ഥാനം ഉണ്ടായിരുന്നെങ്കിലും യുഡിഎഫ് നല്‍കിയ സ്ഥാനം എന്ന നിലയില്‍ അദ്ദേഹം രാജി വച്ച് എല്‍ഡിഎഫ് പിന്തുണയോടെ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ഫലത്തില്‍ യുഡിഎഫിന്‍റെ ഭാഗമായിരുന്ന കാലത്തേത് പോലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് എല്‍ഡിഎഫിലെത്തിയപ്പോഴും രാജ്യസഭയിലും ലോക്‌സഭയിലും പ്രാതിനിധ്യമുണ്ടായിരുന്നു. അതിന്‍ മേലാണ് ഇപ്പോള്‍ കരിനിഴല്‍ വീഴുന്നത്.

മാത്രമല്ല, കോട്ടയം ലോക്‌സഭ സീറ്റില്‍ തോല്‍വി പിണയുകയും രാജ്യസഭ സീറ്റില്‍ സിപിഐ പിടിമുറുക്കുകയും ചെയ്‌താല്‍ എല്‍ഡിഎഫ് പ്രവേശം കേരള കോണ്‍ഗ്രസിനെ സംബന്ധിച്ച് നഷ്‌ടക്കച്ചവടമാകും. ഔദ്യോഗിക സ്ഥാനമാനങ്ങളൊന്നുമില്ലാതെ വെറും പാര്‍ട്ടി ചെയര്‍മാന്‍ മാത്രമായി ജോസ് കെ മാണി ഒതുങ്ങുമെന്നത് അവരെ സംബന്ധിച്ച് അങ്ങേയറ്റം അചിന്ത്യമാണ്.

റോഷി അഗസ്റ്റിന്‍ മന്ത്രിയായി തുടരുമ്പോള്‍ പാര്‍ട്ടി ചെയര്‍മാനായ താനെങ്ങനെ വെറും ജോസ് കെ മാണിയായി നാട്ടിലിറങ്ങി നടക്കും എന്നതു മാത്രമല്ല, ഒരിക്കല്‍ വിട്ടു വന്ന യുഡിഎഫ് നേതാക്കളുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുമാകില്ല. ഇത് അണികള്‍ക്കിടയിലുണ്ടാക്കാനിടയുള്ള മോഹ ഭംഗം വേറെയും. ഇവിടെയാണ് സിപിഎം ഇടപെടല്‍ നിര്‍ണായകമാകുന്നത്.

പൊതുവേ മാണി വിഭാഗത്തിനു ബദല്‍ സഥാനം എല്‍ഡിഎഫില്‍ നല്‍കി തങ്ങളെ തളയ്ക്കണം എന്നു കരുതുന്ന സിപിഎം നേതാക്കള്‍ ഉണ്ടെന്ന കാര്യം സിപിഐക്കറിയാം. അതിനു പറ്റിയ അവസരമാക്കി സിപിഎം ഇതു മാറ്റുമെന്നു കണ്ടറിഞ്ഞാണ് സിപിഐ ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുന്നത്. കേരള കോണ്‍ഗ്രസിനു സീറ്റു വിട്ടു കൊടുക്കുന്നതാകട്ടെ സിപിഐ സംബന്ധിച്ച് ചിന്തിക്കാനേ കഴിയില്ല. അപ്പോള്‍ ഇരുവരെയും പിണക്കാതെ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ സിപിഎം വിട്ടു വീഴ്‌ച ചെയ്യേണ്ടി വരും. അതിനു തയാറായി ഇരു കൂട്ടരെയും അനുനയിപ്പിക്കുക എന്ന സമീപനം സിപിഎം സ്വീകരിക്കുമോ എന്നു കണ്ടു തന്നെ അറിയണം.

Also Read :കണ്ണൂരിൽ ഐസ്ക്രീം ബോംബ് സ്‌ഫോടനം ; പൊട്ടിത്തെറി സംഘര്‍ഷ സ്ഥലത്ത് - Bomb Blast In Kannur

ABOUT THE AUTHOR

...view details