ആലപ്പുഴ: ഇന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്‌ദി എക്‌സ്‌പ്രസിൽ ഭിക്ഷക്കാരന്‍റെ ആക്രമണത്തിനിരയായ ടിടിഇ ജയ്‌സന്‍റെ പ്രതികരണം ഇടിവി ഭാരതിന്. ട്രെയിനിൽ കയറുന്നത് തടയാൻ ശ്രമിച്ചതിനാണ് ഭിക്ഷക്കാരൻ തന്‍റെ മുഖത്തടിച്ചതെന്ന് ജയ്‌സൻ പറഞ്ഞു. ജനശതാബ്‌ദി എക്‌സ്‌പ്രസിൽ തമ്പാനൂരിൽ വെച്ചായിരുന്നു സംഭവം.
മുഖത്തടിയേറ്റ ജയ്‌സന്‍റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപെട്ടു. ഭക്ഷണ വിൽപനക്കാരെ തള്ളിയിട്ട ശേഷമാണ് ഇയാൾ ട്രെയിനിൽ കയറാൻ ശ്രമിച്ചത്. തുടർന്ന് ഇയാൾ ട്രെയിനിൽ കയറാൻ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് തന്നെ ആക്രമിച്ചതെന്ന് ടിടിഇ പറഞ്ഞു.
പ്രതികരിച്ചാൽ ആക്രമിക്കും എന്ന തരത്തിലാണ് ഭിക്ഷക്കാരൻ നിന്നിരുന്നതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പിടികൂടാൻ ശ്രമിച്ച കാറ്ററിങ് ജോലിക്കാരെ തള്ളിയിട്ട ശേഷമാണ് പ്രതി രക്ഷപെട്ടതെന്ന് യാത്രക്കാരി അപർണ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് തൃശൂരിൽ അതിഥി തൊഴിലാളി ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്.
എറണാകുളം സ്വദേശിയായ കെ വിനോദാണ് മരിച്ചത്. എറണാകുളം-പട്‌ന എക്‌സ്പ്രസിൽ ചൊവ്വാഴ്‌ച രാത്രി ഏഴോടെ ആണ് സംഭവം. ഒഡീഷ സ്വദേശി രജനീകാന്ത ആണ് പ്രതി. ഇതിനു പിന്നാലെയാണ് തിരുവനന്തപുരത്ത് അടുത്ത സംഭവം.
Also read: ടിടിഇക്ക് നേരെ വീണ്ടും ആക്രമണം; സംഭവം തിരുവനന്തപുരത്ത്