തിരുവനന്തപുരം :എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്‌ണന്‍. എഡിജിപി തെറ്റു ചെയ്‌തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും. അതുവരെ വെയിറ്റ് ചെയ്യൂ എന്ന് എല്‍ഡിഎഫ് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ പറഞ്ഞു.
എഡിജിപി അജിത് കുമാര്‍ ആര്‍എസ്‌എസ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയെങ്കില്‍ എന്തിനെന്നത് ഗൗരവമുള്ളതാണ്. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിലും എഡിജിപിയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കും.
ആര്‍എസ്എസുമായി ബന്ധമുണ്ടാക്കാനോ നിലപാടെടുക്കാനോ സിപിഎമ്മോ ഇടതു മുന്നണിയോ തയ്യാറാകുമെന്ന് കരുതാനാകില്ല. അത്രയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോഴത്തെ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഉചിതമായ നിലപാടെടുത്താണ് മുന്നോട്ടു പോകുന്നതെന്ന ബോധ്യം ഇടതു മുന്നണിക്കുണ്ട്.
പിവി അന്‍വര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. അന്‍വറിന് കൂടുതല്‍ പരാതികളുണ്ടെങ്കില്‍ എഴുതി നല്‍കിയാല്‍ അതും അന്വേഷിക്കും. അന്‍വര്‍ ഇതുവരെ നല്‍കിയ പരാതികളിലൊരിടത്തും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പരാമര്‍ശമില്ല. അഥവാ ഉണ്ടെങ്കില്‍ ഇനി പരാതി നല്‍കിയാലും അന്വേഷിക്കാം.
പിവി അന്‍വര്‍ എല്‍ഡിഎഫിലെ ഒരംഗം മാത്രമാണ്. അന്‍വര്‍ കൂടി ഉള്‍പ്പെടുന്ന എല്‍ഡിഎഫിന്‍റെ കണ്‍വീനറാണ് താന്‍. പിവി അന്‍വറാണ് എല്‍ഡിഎഫിന്‍റെ നയം രൂപീകരിക്കുന്നതെന്ന് പറയരുത്. പാര്‍ട്ടിക്കു മുന്നില്‍ പി ശശിക്കെതിരെ ഒരു പരാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
പി ജയരാജനെ മാറ്റിയത് ജാവദേക്കറെ കണ്ടതിനല്ല