എംവി ഗോവിന്ദൻ സംസാരിക്കുന്നു (ETV Bharat) തിരുവനന്തപുരം : ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞത് സംഘടന നടപടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പകരം ചുമതല ടി പി രാമകൃഷ്‌ണൻ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ നടത്തിയ പ്രസ്‌താവനകളുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ പാർട്ടിക്കുള്ളിൽ ഉണ്ടായതായും, അതാണ് ഇപിയെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റാൻ കാരണമായതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. മാത്രമല്ല ഇപി ജയരാജന് ചില രാഷ്‌ട്രീയ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ തൊട്ടു തലേദിവസം പുറത്തു വന്ന ഇ പി ജയരാജന്‍-പ്രകാശ് ജാവദേക്കര്‍ കൂടിക്കാഴ്‌ചയുടെ വാര്‍ത്തകളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ ജാവദേക്കർ വീട്ടിൽ വന്നു കണ്ടു അതു മാത്രമേ നടന്നിട്ടുള്ളു. അതു മാത്രമല്ല അദ്ദേഹത്തിനെ പുറത്താക്കുനുള്ള കാരണം എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയിട്ടുള്ള ചർച്ചകളും അതിന്‍റെ സംഘടനാപരമായ കാര്യങ്ങളുമുൾപ്പെടെ എല്ലാം ചേർത്താണ് ഈ നടപടി. ഇപി ഇപ്പോഴും സംഘടനയുടെ ഒരു ഭാഗം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
Also Read:ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ചയില്‍ അച്ചടക്ക നടപടി; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇപി ജയരാജനെ മാറ്റി