എറണാകുളം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷയില്ല. പ്രതികളുടെ ശിക്ഷ ഉയര്‍ത്തി ഹൈക്കോടതി. 1,2,3,4,5,7 പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി എന്നിവരുടെയും ഏഴാം പ്രതിയായ കെ.ഷിനോജിന്‍റെയും ശിക്ഷയാണ് ഹൈക്കോടതി ഉയര്‍ത്തിയത്. ഇവര്‍ക്കെതിരെ കൊലപാതക കുറ്റത്തിന് പുറമെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയാണ് ഹൈക്കോടതി ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തിയത്. അതേസമയം കേസിലെ ആറാം പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
കേസില്‍ അടുത്തിടെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെകെ കൃഷ്‌ണനും ജ്യോതി ബാബുവിനും ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. അങ്ങേയറ്റം പ്രാകൃതമായ കൊലപാതകമാണെങ്കിലും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. 1 മുതല്‍ 7 വരെയുള്ള പ്രതികള്‍ക്ക് ശിക്ഷ കാലയളവില്‍ ഇളവുകള്‍ നല്‍കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
20 വര്‍ഷത്തേക്കാണ് യാതൊരു ഇളവുകളും നല്‍കരുതെന്ന് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ കേസിലെ പ്രതികളായ പ്രതി കെകെ കൃഷ്‌ണന്‍, ജ്യോതി ബാബു എന്നിവര്‍ക്ക് പരോളിനായി അപേക്ഷിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ഇരുവരുടെയും പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്താണ് കോടതി നടപടി.