എറണാകുളം : ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ വർധിപ്പിക്കാതിരിക്കാൻ കാരണങ്ങൾ ബോധിപ്പിക്കാനുണ്ടോയെന്ന് പ്രതികളോട് ഹൈക്കോടതി (TP Chandrasekharan Murder Case). നിരപരാധികളാണെന്നും, ശിക്ഷയിൽ ഇളവ് നൽകണമെന്നും പ്രതികൾ. ഇവര്‍ക്ക് പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള സർക്കാരിന്‍റെയടക്കമുള്ള അപ്പീലുകൾ ഹൈക്കോടതി നാളത്തേക്ക് മാറ്റി.
പ്രതികളിൽ 11 പേരെ ഹൈക്കോടതിയിൽ നേരിട്ട് ഹാജരാക്കി. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം, മറ്റൊരു പ്രതിയായ ജ്യോതി ബാബുവിനെ ഓൺലൈനായി ഹാജരാക്കി. താൻ നിരപരാധി ആണെന്നായിരുന്നു ഒന്നാം പ്രതി എം സി അനൂപ് കോടതിയിൽ വ്യക്തമാക്കിയത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. കിർമാണി മനോജും കൊടി സുനിയടക്കമുള്ള മറ്റ് പ്രതികളും ശിക്ഷയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ടു. ഡയാലിസിസ് ഇന്ന് വൈകിട്ട് മൂന്നിന് നടത്താനുള്ളതിനാലാണ് ജ്യോതി ബാബുവിനെ കോടതിയിൽ ഹാജരാക്കാതിരുന്നത്.
നടക്കാൻ പോലും പറ്റാത്ത ആരോഗ്യ പ്രശ്‌നമാണ് തനിക്ക്. വീട്ടിൽ ഭാര്യക്കും മകനും അസുഖമുണ്ട്. അനുജൻ കൊല ചെയ്യപ്പെട്ടതാണ്. അനുജന്‍റെ കുടുംബത്തിന്‍റെ ഉത്തരവാദിത്തവും തനിക്കാണെന്നും ജ്യോതി ബാബു കോടതിയിൽ പറഞ്ഞു. കുടുംബ പ്രാരാബ്‌ധങ്ങൾ അറിയിച്ച് ശിക്ഷ കുറച്ചുനൽകണമെന്നാണ് പ്രതികൾ കോടതിയിൽ ആവശ്യപ്പെട്ടത്.
ശിക്ഷ വർധിപ്പിക്കുന്നതിന് മുൻപ് തങ്ങളുടെ ഭാഗം കൂടി കേൾക്കണമെന്ന പ്രതിഭാഗം ആവശ്യം അംഗീകരിച്ച കോടതി പ്രതികളുടെ മാനസികാരോഗ്യനില സംബന്ധിച്ച റിപ്പോർട്ട്, ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്, പ്രൊബേഷണറി ഓഫീസറുടെ റിപ്പോർട്ട് തുടങ്ങിയവ പ്രോസിക്യൂഷനും പ്രതി ഭാഗത്തിനും കൈമാറാൻ നിർദേശിച്ചു. അപ്പീലുകൾ ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
പത്ത് വർഷത്തിന് ശേഷം, 12 പ്രതികൾ വിധിക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളുകയായിരുന്നു. അതേസമയം ഒഞ്ചിയം സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗം കെ കെ കൃഷ്‌ണനെയും ജ്യോതി ബാബുവിനെയും വെറുതെ വിട്ടത് കോടതി റദ്ദാക്കുകയും ചെയ്‌തിരുന്നു. 2012 മേയ് 4 ന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് ആർഎംപി സ്‌ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. പാര്‍ട്ടി വിട്ട് ഒഞ്ചിയത്ത് ആർഎംപി ഉണ്ടാക്കിയതിന്‍റെ പക തീർക്കാൻ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.