കൂളിമാട് കടവിനോട് ചേർന്നുള്ള ടൂറിസം പദ്ധതിയെ കുറിച്ച് എംഎൽഎ പി ടി എ റഹീം സംസാരിക്കുന്നു (ETV Bharat) കോഴിക്കോട്: കൂളിമാട് കടവിനോട് ചേർന്നുള്ള ടൂറിസം പദ്ധതിയുടെ ഭാഗമായി എംഎൽഎ പി ടി എ റഹീമും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് കൂളിമാട് കടവിനു കുറുകെ പാലം വന്നതോടെ കാഴ്‌ചക്കാരുടെ ബാഹുല്യമാണ് ദിവസവും രാവിലെയും വൈകുന്നേരവും. ഈ ടൂറിസം സാധ്യത മുൻനിർത്തിയാണ് ഇപ്പോൾ കൂളിമാട് കടവിൽ ടൂറിസം പദ്ധതിക്ക് വേണ്ടിയുള്ള പ്രാരംഭ പഠന പ്രവർത്തനങ്ങൾ ആരംഭിച്ചത്.
പുഴയോട് ചേർന്ന് ധാരാളം പൊതു സ്ഥലം വെറുതെ കിടക്കുന്നതിനാൽ ഈ സ്ഥലം ഉപയോഗപ്പെടുത്തി ടൂറിസം എങ്ങനെ പ്രാവർത്തികമാക്കാം എന്നതാണ് പ്രാരംഭ പഠന പ്രവർത്തനത്തിലൂടെ ഉദേശിക്കുന്നത്. കോഴിക്കോട് ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണ് സാധ്യത പഠനം നടത്തുന്നത്. നേരത്തെ ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചാത്തമംഗലം ഗ്രാമപഞ്ചായത്തും നാട്ടുകാരുടെയും നേതൃത്വത്തിൽ ടൂറിസം വകുപ്പ് മന്ത്രിക്ക്
നിവേദനം സമർപ്പിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥരുടെ സംഘം കൂളിമാട് കടവിൽ എത്തിയത്.
കൂളിമാട് കടവിലെത്തിയ ഉദ്യോഗസ്ഥർ ഇരു പുഴയോരത്തെയും പൊതു സ്ഥലത്തിൻ്റെ ഘടനയും പുഴകളുടെ പരിസരവും വീക്ഷിച്ചു. കൂടാതെ പ്രദേശവാസികളിൽ നിന്നും സംശയ നിവാരണം നടത്തി. കുട്ടികൾക്കും മുതിർന്നവരും ഉൾപ്പെടെ യോജിച്ച പദ്ധതിയാകും ആവിഷ്‌കരിക്കുക എന്ന് അഡ്വ പി ടി എ റഹീം എംഎൽഎ അറിയിച്ചു. ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കുന്ന പദ്ധതി കേരളാ ടൂറിസം വകുപ്പിന് കൈമാറും.
Also Read : സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണം; നിര്‍ദേശം നല്‍കി മുഖ്യമന്ത്രി
അത് ലഭിക്കുന്ന മുറയ്ക്ക് ടൂറിസം പദ്ധതി പ്രാവർത്തികമാക്കുമെന്നും എംഎൽഎ അറിയിച്ചു.
ഡിടിപിസി സെക്രട്ടറി നിഖിൽദാസ് ,പ്രോഗ്രാം എൻജിനീയർ ലീനീഷ് തോമസ്, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഫൈസൽ, കൺസൾട്ടൻസ് കെ പി ദിലീപ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സാധ്യത പഠനം നടത്തിയത്. കൂടാതെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കൽ ഗഫൂർ, ഗ്രാമപഞ്ചായത്ത് അംഗം റഫീഖ് കൂളിമാട് എന്നിവരും സംഘത്തെ അനുഗമിച്ചു.