കേരളം

kerala

ETV Bharat / state

കാത്തിരിക്കുന്നത് വമ്പന്‍ ട്വിസ്‌റ്റോ, സീറ്റ് എഡ്‌ജ് ത്രില്ലര്‍ പോരിനൊടുക്കം ആരെടുക്കും തൃശൂര്‍ ? - THRISSUR Lok Sabha Constituency - THRISSUR LOK SABHA CONSTITUENCY

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇത്തവണ ആര് വിജയിക്കുമെന്നതില്‍ പലവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ജില്ലയിലെ പോളിങ് ശതമാനത്തിലുണ്ടായ കുറവ് മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്.

LOK SABHA ELECTION RESULTS 2024  തെരഞ്ഞെടുപ്പ് 2024  KERALA VIP CONSTITUENCY  KERALA LOKSABHA ELECTION RESULTS
തൃശൂരിലെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണത്തില്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jun 3, 2024, 3:58 PM IST

Updated : Jun 3, 2024, 5:17 PM IST

തൃശൂര്‍:സിറ്റിങ് എംപിമാരെ എന്നും തോല്‍പ്പിച്ച ചരിത്രമാണ് തൃശൂര്‍ മണ്ഡലത്തിന്. അങ്ങനെ ആരെയും വാഴിക്കാന്‍ തൃശൂരുകാര്‍ വിടില്ല. കഴിഞ്ഞ ഒമ്പത് പൊതു തെരഞ്ഞെടുപ്പുകളിലും തൃശൂരില്‍ സംഭവിച്ചത് ഇതുതന്നെയാണ്. സിറ്റിങ് എംപി ടിഎന്‍ പ്രതാപന്‍ ഇത്തവണ മത്സരത്തിനില്ലാത്തതിനാല്‍ ആ റെക്കോഡിന് വലിയ മാറ്റമില്ല. പുതിയൊരാളാകും എംപിയാകുന്നതെന്ന് ഉറപ്പ്.

ശക്തമായ ത്രികോണ മത്സരം നടന്നിട്ടും ഇത്തവണ പോളിങ് ശതമാനത്തില്‍ അഞ്ച് ശതമാനത്തിന്‍റെ ഇടിവാണ് തൃശൂരില്‍ കണ്ടത്. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരത്തില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഇടതുമുന്നണിയാകട്ടെ ബിജെപി വിരുദ്ധ പോരാട്ടത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ടുകള്‍ ഏകീകരിക്കപ്പെടുമെന്നും വിശ്വസിക്കുന്നു. കേരളത്തില്‍ താമര വിരിയാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലമാണ് തൃശൂര്‍.

ഇത്തവണ അങ്കത്തട്ടില്‍ ഇവര്‍ (ETV Bharat)

മധ്യ കേരളത്തില്‍ കടുത്ത മത്സരം നടന്ന ലോക്‌സഭ മണ്ഡലം. മൂന്ന് മുന്നണികളും ബലാബലം നില്‍ക്കുന്ന മണ്ഡലം. രാജ്യത്ത് തന്നെ ആദ്യമായി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മാസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടതും തൃശൂര്‍ മണ്ഡലത്തിലായിരുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് മഹിള മോര്‍ച്ചയുടെ നാരീ ശക്തി മോദിക്കൊപ്പം എന്ന വനിതാസംഗമത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മോദി പ്രചാരണത്തിന് തുടക്കമിട്ടത്. കഴിഞ്ഞ തവണ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച സുരേഷ് ഗോപി തന്നെയാവും ഇത്തവണയും സ്ഥാനാര്‍ഥിയെന്ന് ബിജെപി കേന്ദ്ര നേതൃത്വം പറയാതെ പറഞ്ഞിരുന്നു.

നിയമസഭ തെരഞ്ഞെടുപ്പിലും തൃശൂരില്‍ മത്സരിച്ച് മണ്ഡലത്തിലെ കാര്യങ്ങളിലെല്ലാം ഇടപെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷവും സജീവമായിരുന്നു സുരേഷ് ഗോപി. കഴിഞ്ഞ തവണ 28.2 ശതമാനം വോട്ട് നേടാന്‍ സുരേഷ് ഗോപിക്ക് കഴിഞ്ഞിരുന്നു. മണ്ഡലത്തിലെ 24.27 ശതമാനം വരുന്ന ക്രിസ്ത്യന്‍ സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളും സുരേഷ് ഗോപി നടത്തി. ലൂര്‍ദ് മാത പള്ളിയിലേക്ക് സ്വര്‍ണ കിരീടം നേര്‍ന്നും സഭാമേലധികാരികളുടെ ആശിര്‍വാദം നേടിയും പള്ളിപ്പെരുന്നാളുകളില്‍ പങ്കെടുത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായുമൊക്കെ സുരേഷ് ഗോപി തൃശൂരില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു.

ബിജെപി സംസ്ഥാന നേതാക്കളുമായി സ്വരച്ചേര്‍ച്ചയിലല്ലെങ്കിലും ദേശീയ നേതൃത്വത്തിന്‍റെ താത്‌പര്യ പ്രകാരമാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്‍റെ ഓരോ ഘട്ടവും കൃത്യമായി നിശ്ചയിച്ച് നടപ്പാക്കിയത്. പ്രചാരണത്തിന്‍റെ ഓരോ ഘട്ടത്തിലും പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള നേതാക്കള്‍ തൃശൂരിലെത്തി റോഡ് ഷോയിലും റാലിയിലുമൊക്കെ പങ്കാളികളായി. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണി ഭരണം മാത്രം കണ്ട മലയാളി വോട്ടര്‍മാര്‍ക്കിടയിലേക്ക് പുതിയ വികസന ഭരണ മാതൃക പരിചയപ്പെടുത്താന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടെത്തിയത് കൗതുകമായി.

ഭക്തിയും മതവുമല്ല വികസനവും രാഷ്‌ട്രീയവും മാത്രമാണ് പ്രധാനമന്ത്രി കേരളത്തിലെ റാലികളിലും പൊതുയോഗങ്ങളിലും മലയാള മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും വരെ പരാമര്‍ശിച്ചത്. കരുതലോടെ നടത്തിയ ഈ നീക്കം കേരളത്തില്‍ ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു. തൃശൂര്‍ പോലെ 24.27 ശതമാനം ക്രിസ്‌ത്യന്‍ വോട്ടുകളുള്ള മണ്ഡലത്തില്‍ ഈ നീക്കം നിര്‍ണായകമായി.

സിപിഎം നടത്തുന്ന സഹകരണ ബാങ്ക് അഴിമതിയുടെ മുഖമായി കരുവന്നൂര്‍ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിയും സുരേഷ് ഗോപിയും നടത്തിയ ശ്രമങ്ങള്‍ മണ്ഡലത്തില്‍ ചര്‍ച്ചയായി. കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് സുരേഷ് ഗോപി നടത്തിയ പദയാത്ര വലിയ ചലനം സൃഷ്‌ടിച്ചു. കോണ്‍ഗ്രസില്‍ സിറ്റിങ് എംപി ടിഎന്‍ പ്രതാപന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പിച്ചതായിരുന്നു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ മൂന്നര ലക്ഷം പോസ്റ്റര്‍ അടിച്ച് പ്രതാപന്‍ പ്രചാരണം തുടങ്ങിയേടത്ത് നിന്നാണ് തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മാറിയത്. പ്രതാപനെ മാറ്റി കെ മുരളീധരന്‍ ഗോദയിലേക്കിറങ്ങി. പ്രതാപന്‍ മുരളീധരന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയെങ്കിലും പ്രതാപന്‍റെ സമുദായം പിണങ്ങി.

ധീവര സഭയുടെ പിണക്കം തീരദേശ മേഖലയില്‍ ഉണ്ടാക്കാനിടയുള്ള ആഘാതം തൃശൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഇപ്പോഴും ഭീഷണിയായി തുടരുകയാണ്. എംപി എന്ന നിലയില്‍ പ്രതാപനെതിരെ നിലവിലുണ്ടായിരുന്ന വിരുദ്ധ വികാരം കണക്കിലെടുത്തായിരുന്നു സ്ഥാനാര്‍ഥി മാറ്റം എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നത്. കെ.കരുണാകരന്‍റെ മകന്‍ എന്ന നിലയ്ക്ക് തൃശൂരിലുള്ള കരുണാകരന്‍ ആരാധകരുടെ കൂടി വോട്ടുകള്‍ സമാഹരിക്കുക എന്നതാണ് കെ.മുരളീധരന്‍ തൃശൂരില്‍ മത്സരിക്കാന്‍ കാരണം.

ബിജെപിക്ക് പോകാനിടയുള്ള ഹിന്ദു നായര്‍ വോട്ടുകള്‍ പിടിച്ചെടുക്കുക എന്നതും സഹോദരി പത്മജയുടെ ബിജെപി പ്രവേശനത്തോടെ പാര്‍ട്ടിയില്‍ നിന്ന് പ്രത്യേകിച്ച് തൃശൂരില്‍ നിന്നും ഉണ്ടാകാനിടയുള്ള വോട്ട് ചോര്‍ച്ച പ്രതിരോധിക്കുകയും കെ മുരളീധരന്‍ തൃശൂരിലേക്ക് നിയോഗിക്കപ്പെട്ടതിന്‍റെ കാരണങ്ങളായി.

വോട്ടര്‍ പട്ടിക പരിശോധന തൊട്ട് ബൂത്ത് തലത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ യുഡിഎഫില്‍ മന്ദഗതിയിലായിരുന്നു എന്ന ആക്ഷേപം നേതാക്കള്‍ക്കുണ്ട്. ഇത് പ്രചാരണ ഘട്ടത്തിലും പ്രകടമായിരുന്നു. പ്രചാരണത്തില്‍ ബിജെപിക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസ് പ്രായസപ്പെട്ടിരുന്നു. ഇടതുമുന്നണിയിലാകട്ടെ സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണവും ഏറെ സുഗമമായിരുന്നു.

കറ പുരളാത്ത പ്രതിഛായയുള്ള വിഎസ് സുനില്‍ കുമാര്‍ മണ്ഡലത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്ന സ്ഥാനാര്‍ഥിയാണെന്നത് ഇടതുമുന്നണിക്ക് അനുകൂല ഘടകമായി. തൃശൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് 3 തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായിരുന്നു സുനില്‍കുമാര്‍. അഴിമതി രഹിത ജനപ്രതിനിധിയെന്ന സുനില്‍ കുമാറിന്‍റെ പ്രതിഛായ മണ്ഡലത്തില്‍ സിപിഐക്ക് ഏറെ അനുകൂലമായി.

പക്ഷേ കരുവന്നൂര്‍ ഉള്‍പ്പടെ സിപിഎം ഇടത് അഴിമതികളും സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരവുമെല്ലാം വിലങ്ങുതടിയുമായി. കരുവന്നൂര്‍ ബാങ്ക് അഴിമതിയില്‍ സിപിഎം നേതാക്കള്‍ക്കെതിരെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുവരെ നടന്ന ഇഡി അന്വേഷണം സുനില്‍ കുമാറിന് പ്രതികൂലമായി. കരുവന്നൂരില്‍ പ്രതി സ്ഥാനത്തുണ്ടായിരുന്ന സിപിഎം നേതാക്കളെ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തലപ്പത്ത് വച്ചതും ജന വികാരം എതിരാക്കി.

തൃശൂരിലെ ബിജെപി മുന്നേറ്റം ചെറുക്കാന്‍ ന്യൂനപക്ഷ വോട്ടര്‍മാര്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയും ഇടത് ക്യാമ്പിലുണ്ട്. തൃശൂര്‍ക്കാരുടെ വികാരമായ തൃശൂര്‍ പൂരം പൊലീസ് ഇടപെടലിലൂടെ അലങ്കോലമായത് മണ്ഡലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത് ആരെ സഹായിക്കും ആരെ ബാധിക്കുമെന്നത് ഇനിയും മുന്നണികള്‍ക്ക് വിലയിരുത്താനായിട്ടില്ല.

കഴിഞ്ഞ തവണ പോരാട്ടം ഇവര്‍ തമ്മില്‍ (ETV Bharat)

കഴിഞ്ഞ തവണ 77.86 % പോളിങ് നടന്ന തൃശൂരില്‍ ഇത്തവണ പോളിങ് ശതമാനം വളരെയധികം കുറഞ്ഞു. ആകെയുള്ള 1483055 വോട്ടര്‍മാരില്‍ 1081125 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. 2014നെ അപേക്ഷിച്ച് മെച്ചപ്പെട്ട പോളിങ് ശതമാനമാണ് ഇത്തവണത്തേതെങ്കിലും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ ആശങ്കയുണ്ട്.

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് വോട്ടുചേര്‍ക്കല്‍ തള്ളല്‍ പ്രവര്‍ത്തനങ്ങളില്‍ ബിജെപിയാണ് മണ്ഡലത്തില്‍ മുന്നില്‍ നിന്നത്. തൃശൂരിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് ബിജെപി വന്‍തോതില്‍ വോട്ട് ചേര്‍ത്തെന്ന് ഇടതുമുന്നണിയും ആരോപിക്കുന്നു. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ തൃശൂരില്‍ ബിജെപിക്ക് മേധാവിത്വമുണ്ടെന്നാണ് കണക്കുകൂട്ടല്‍. മണലൂര്‍, ഇരിങ്ങാലക്കുട, തൃശൂര്‍ നിയമസഭ മണ്ഡലങ്ങളില്‍ ലീഡ് പിടിക്കാനാവുമെന്നാണ് ബിജെപിയുടെ വിശ്വാസം.

പോളിങ്ങ് ശതമാനം
2024 72.9
2019 77.86
2014 72.18

2019ലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

  1. ടി എന്‍ പ്രതാപന്‍ (യുഡിഎഫ്)-4,15,089
  2. രാജാജി മാത്യു തോമസ് (എല്‍ഡിഎഫ്)-3,21,456
  3. സുരേഷ് ഗോപി (എന്‍ഡിഎ)-2,93,822

Also Read:തൃശൂര്‍ ആരെടുക്കും? തെരഞ്ഞെടുപ്പ് പൂരം കഴിയുമ്പോള്‍ പ്രതീക്ഷയില്‍ മുന്നണികള്‍

Last Updated : Jun 3, 2024, 5:17 PM IST

ABOUT THE AUTHOR

...view details