തൃശൂര്‍: തൃശൂരില്‍ എടിഎം കൗണ്ടർ കൊള്ളയടിച്ച കേസിലെ പ്രതികളെ തൃശൂരിലെത്തിച്ചു. ജനറൽ ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം സിജെഎം കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് തൃശൂർ ഈസ്റ്റ് പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രതികളുമായി നാളെ (05-10-2024) ഷൊർണൂർ റോഡിലെ എടിഎം സെന്‍ററിൽ എത്തി ഈസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതിനുശേഷം സംഘം മോഷണം നടത്തിയ കോലഴിയിലെ എടിഎമ്മിലും ഇരിങ്ങാലക്കുട മാപ്രാണത്തെ എടിഎമ്മിലും എത്തിച്ച് തെളിവെടുപ്പ് നടത്തും. വിയ്യൂർ, ഇരിങ്ങാലക്കുട പൊലീസ് ആണ് ഇവിടങ്ങളിൽ തെളിവെടുപ്പ് നടത്തുക. തുടർന്ന് പ്രതികളെ തിരികെ തമിഴ്‌നാട്ടിലെ ജയിലിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ 27-ന് പുലർച്ചെയാണ് പ്രതികൾ തൃശൂരിലെ മൂന്ന് എടിഎമ്മുകൾ തകർത്ത് 65 ലക്ഷം രൂപ കവർന്നത്.
മോഷണ ശേഷം മോഷ്‌ടിച്ച പണവും കാറും കണ്ടെയ്‌നർ ലോറിയിൽ കയറ്റി രക്ഷപ്പെടുന്നതിനിടെയാണ് പ്രതികള്‍ തമിഴ്‌നാട് നാമക്കല്ലിൽ വെച്ച് പിടിയിലാകുന്നത്. 7 പേരടങ്ങിയ മോഷണം സംഘത്തിൽ ഒരാൾ തമിഴ്‌നാട് പൊലീസിന്‍റെ വെടിയേറ്റ് മരിച്ചു. മറ്റൊരു പ്രതി കാലിൽ വെടിയേറ്റ് തമിഴ്‌നാട്ടിൽ ചികിത്സയില്‍ കഴിയുകയാണ്.
ബാക്കിയുള്ള 5 പ്രതികളെയാണ് തൃശൂരിൽ എത്തിച്ചത്. കൊള്ളയ്ക്കും സൈബര്‍ തട്ടിപ്പുകള്‍ക്കും കുപ്രസിദ്ധി നേടിയ ഹരിയാനയിലെ മേവാത് സംഘത്തില്‍ ഉള്‍പ്പെട്ട കൊള്ള സംഘമാണ് എടിഎം കവര്‍ച്ചയ്ക്ക് പിന്നില്‍. നാമക്കലില്‍ പിടിയിലായവരില്‍ ആറ് പേരും മേവാത് മേഖലയിലെ നൂഹ്, പല്‍വാല്‍ ജില്ലക്കാരാണ്. പ്രൊഫഷണല്‍ രീതിയില്‍ കവര്‍ച്ച നടത്തുന്ന, ആക്രമണ സ്വഭാവമുള്ള കൊള്ള സംഘമാണ് മേവാത്. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമായും മേവാത് അറിയപ്പെടുന്നുണ്ട്.
Also Read:റോഡിലുണ്ടായിരുന്ന വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു, പൊലീസിന്‍റെ ശ്രദ്ധ മാറിയപ്പോള്‍ ആക്രമണം; നാമക്കലില്‍ നടന്നത് ആക്ഷന്‍ സിനിമകളെ വെല്ലുന്ന രംഗങ്ങള്‍