തിരുവനന്തപുരം :കേന്ദ്ര നഗര മന്ത്രാലയത്തിന്‍റെ സ്‌മാർട്ട് സിറ്റി 2.0 ലേക്കും തിരുവനന്തപുരം നഗരസഭയെ തിരഞ്ഞെടുത്തു. സ്‌മാർട്ട് സിറ്റി 1.0 യിൽ 100 നഗരങ്ങളെയായിരുന്നു തിരഞ്ഞെടുത്തത്. ഇത്തവണ ഇതിൽ നിന്നും 36 നഗരങ്ങളെ ആദ്യ ഘട്ടത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ഷോർട്ട് ലിസ്റ്റിൽ നിന്നും ഇന്‍റര്‍വ്യൂവിലൂടെ 18 നഗരങ്ങളെ തിരഞ്ഞെടുക്കുകയുമായിരുന്നു.
സ്‌മാർട്ട് സിറ്റി സി ഇ ഒ അഫ്‌സാന പർവീൺ ഐ എ എസ്, നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ് എന്നിവരുമാണ് നഗരസഭക്ക് വേണ്ടി കേന്ദ്ര നഗര മന്ത്രാലയത്തിന്‍റെ ഇന്‍റര്‍വ്യൂവിൽ പങ്കെടുത്തത്. സംസ്ഥാനത്ത് നിന്നും തിരുവനന്തപുരത്തെ മാത്രമാണ് സ്‌മാർട്ട് സിറ്റി 2.0 ലേക്ക് തിരഞ്ഞെടുത്തത്.
സ്‌മാർട്ട് സിറ്റി 1.0 ൽ ഉൾപ്പെടുത്തി 1135 കോടി രൂപയുടെ പദ്ധതികളാണ് നഗരത്തിൽ നടപ്പിലാക്കി വരുന്നത്. അടുത്ത ഘട്ടമായ സ്‌മാർട്ട് സിറ്റി 2.0 ൽ മാലിന്യ പരിപാലന പദ്ധതികളാണ് പ്രധാനമായി നഗരസഭ ലക്ഷ്യമിടുന്നത്. സ്‌മാർട്ട് സിറ്റി 1.0 ഈ വർഷം ജൂണിൽ അവസാനിക്കും.