മൂന്നാർ പുഷ്‌പമേളയ്ക്ക് തുടക്കമായി (source: etv reporter) ഇടുക്കി : തെക്കിന്‍റെ കശ്‌മീരായ മൂന്നാറിൽ വർണ്ണ വിസ്‌മയം തീർത്ത് പുഷ്‌പമേള. കണ്ണിനും മനസിനും കുളിർമ പകർന്ന് മൂന്നാർ പുഷ്‌പമേളയ്ക്ക് തുടക്കമായി. അയ്യായിരത്തോളം പുഷ്‌പങ്ങളാണ് നയനമനോഹര കാഴ്‌ച്ച ഒരുക്കുന്നത്. ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ ദേവികുളം റോഡിലുള്ള ബോട്ടാണിക്കൽ ഗാർഡനിലാണ് മൂന്നാമത് മൂന്നാർ പുഷ്‌പമേളയ്ക്ക് തുടക്കമായത്.
ദൃശ്യവിരുന്ന് ഒരുക്കിയാണ് മൂന്നാമത് മൂന്നാർ പുഷ്‌പമേളയ്ക്ക് തുടക്കമായത്. വിദേശ ഇനം ടൂലിപ്പുകൾ തുടങ്ങി 5000 ത്തോളം ഇനം പുഷ്‌പങ്ങളാണ് നയന മനോഹര കാഴ്‌ച ഒരുക്കാനായി ബൊട്ടാണിക്കൽ ഗാർഡനിൽ വിവിധ വർണ്ണങ്ങളിലും ആകൃതിയിലും പൂത്തുലഞ്ഞു നിൽക്കുന്നത്.
കശ്‌മീരിൽ നിന്നും എത്തിച്ചിരിക്കുന്ന ടൂലിപ് പുഷ്‌പങ്ങളും മരുഭൂമികളിൽ മാത്രം കാണുന്ന കള്ളിമുൾച്ചെടിയും ഡാലിയകളും മാരി ഗോൾഡും മെലസ്‌റ്റോമ, ഇംപേഷ്യൻസ്, മഗ്നോളിയ ഗ്രാന്‍റി ഫ്ലോറ, മഗ്നോളിയ ലില്ലി ഫ്ലോറ, വിവിധയിനം റോസുകൾ, 30 ഇനം ചൈനീസ് ബോൾസം, 31 ഇനം അസീലിയ, ആന്തൂറിയം തുടങ്ങിയവ വർണ്ണവസന്തം തീർക്കുകയാണ് മൂന്നാറിൽ.
പൂക്കൾ കാണാൻ മാത്രമല്ല പൂക്കളും വിത്തുകളും വാങ്ങാനുമുള്ള അവസരവും മേളയിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 9 ന് തുടങ്ങുന്ന മേള രാത്രി 9 വരെ നീളും. മുതിർന്നവർക്ക് 60 ഉം കുട്ടികൾക്ക് 35 ഉം വീതമാണ് പ്രവേശന ഫീസ്. ക്യാമറ കൊണ്ടുപോകണമെങ്കിൽ അധിക തുക നൽകേണ്ടി വരും. കനത്ത വേനൽചൂടിൽ കുടുംബവുമൊത്ത് തണുപ്പ് ആസ്വദിക്കാനുള്ള തീരുമാനവും ഇതിന് പിന്നിൽ ഉണ്ടെന്ന് സഞ്ചാരികൾ പറയുന്നു.
പൂക്കൾക്ക് പുറമെ സെൽഫി പോയിന്‍റുകളും ആനയും മരംകൊത്തിയും അണ്ണാനുമെല്ലാം പൂക്കളിൽ തന്നെ ഇടം നേടിക്കഴിഞ്ഞു. എല്ലാദിവസവും ഏഴുമണിക്ക് വാട്ടർ ഫൗണ്ടൻ ഷോയും അതിനുശേഷം ഗാനമേളയും ഡിജെയും മേളയിൽ നടക്കും. പൂക്കൾക്ക് ശേഷം വാട്ടർ ഷോയാണ് മുഖ്യ ആകർഷണമായി ഉള്ളത്.
വിപണനശാലകളും മേളയിൽ സജീവം. ബൊട്ടാണിക്കൽ ഗാർഡനുള്ളിൽ തന്നെ ഫിഷ് സ്‌പായും ഒരുക്കിയിട്ടുണ്ട്. ചെറിയ തുക മുടക്കിയുള്ള ഫിഷ് മസാജ് ശരീരത്തിനും മനസിനും ഉന്മേഷമേകും. മേള മെയ് 12 ന് സമാപിക്കും.
Also Read:തേക്കടിയിൽ ഇതു 'പൂക്കാലം'; കടുത്ത വേനലിലെ തേക്കടി പുഷ്‌പമേള ശ്രദ്ധേയമാവുന്നു