ആലപ്പുഴ : പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് തുടക്കം കുറിച്ച് കൊടികയറി. പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരന്‍ കൊടി ആശീര്‍വദിച്ച് ഉയര്‍ത്തിയതോടെയാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
രാവിലെ 5.45-ന് പ്രധാന അള്‍ത്താരയില്‍ നടന്ന ദിവ്യബലിക്ക് ശേഷം പൊന്‍, വെള്ളി കുരിശുകളുടേയും മെഴുകുതിരികളുടെയും മുത്തുകുടകളുടെയും അകമ്പടിയോടെ വിശ്വാസ സാഗരത്തെ സാക്ഷിയാക്കിയായിരുന്നു ആശീര്‍വദിച്ച കൊടി മുകളിലേക്ക് ഉയര്‍ന്നത്. പട്ടുനൂല്‍കൊണ്ട് പിരിച്ചെടുത്ത കയറില്‍ കൊടി മുകളിലേക്ക് ഉയര്‍ന്നതോടെ വിശുദ്ധ ഗീവര്‍ഗീസേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ എന്ന് ആയിരങ്ങളുടെ നാവില്‍ നിന്ന് ഉയര്‍ന്ന പ്രാര്‍ഥന മന്ത്രത്തിന്‍റെ നിറവില്‍ എടത്വ പെരുന്നാളിന് തുടക്കമായി.