കേരളം

kerala

ETV Bharat / state

കാട്ടാന ആക്രമണത്തെ തുടർന്ന് പ്രതിഷേധം; കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി കോടതി

കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

കാട്ടാന ആക്രമണം  കോൺഗ്രസ് നേതാക്കൾ  Magistrate Court  bail plea  Wild Animal Attacks
കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി കോടതി

By ETV Bharat Kerala Team

Published : Mar 5, 2024, 10:18 PM IST

എറണാകുളം: കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ മൃതദേഹവുമായി പ്രതിഷേധിച്ചതിനെതിരെയെടുത്ത കേസ് കോടതി നാളെ പരിഗണിക്കും. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്, മാത്യു കുഴൽ നാടൻ എംഎൽഎ എന്നിവർക്കെതിരായ കസ്റ്റഡി അപേക്ഷയും, ജാമ്യാപേക്ഷയുമാണ് കോതമംഗലം മജിസ്ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റിയത്.

രണ്ടു ദിവത്തെ കസ്റ്റഡിയിൽ വേണമെനാണ് പൊലിസിൻ്റെ ആവശ്യം. പ്രതികളുടെ കുറ്റകൃത്യത്തിലെ പങ്കു വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഹാജറാക്കാമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. മൃതദേഹത്തോട് അനാദരവ് കാണിക്കൽ, ആരോഗ്യ പ്രവർത്തകരുടെ ജോലി തടസപ്പെടുത്തൽ, പൊലീസിനെ ആക്രമിക്കൽ ഉൾപ്പടെയുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.

തിങ്കളാഴ്‌ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു കോൺഗ്രസ് നേതാക്കളെ നാടകീയമായി പൊലിസ് അറസ്റ്റു ചെയ്‌തത്. വയോധികയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിനു പിന്നാലെയായിരുന്നു കോതമംഗലം കേന്ദ്രീകരിച്ച് എംഎൽഎ മാരായ എൽദോസ് കുന്നപിള്ളിലും മാത്യു കുഴൽനാടനും കോതമംഗലത്ത് ഉപവാസ സമരം തുടങ്ങിത്.

ഇവിടെ നിന്നും രാത്രി പതിനൊന്ന് മണിയോടെ സമീപത്തെ ചായക്കടയിൽ എത്തി ചായ കുടിക്കുന്നതിനിടെയായിരുന്നു ബലപ്രയോഗത്തിലൂടെ ഡിസിസി പ്രസിഡൻ്റ് ഷിയാസിനെ അറസ്റ്റ് ചെയ്‌തത്. തൊട്ടുപിന്നാലെ മാത്യു കുഴൽനാടൻ എംഎൽഎയും അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടർന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌ത് മടങ്ങിയ രമേശ് ചെന്നിത്തലയുൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ കോതമംഗലത്ത് തിരിച്ചെത്തി പ്രതിഷേധിച്ചതോടെയാണ് പുലർച്ചെ രണ്ടര മണിയോടെ ഇരുവരെയും മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്. എന്നാൽ ഇരുവർക്കും മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കുകയും രാവിലെ പതിനൊന്ന് മണിയോടെ കോടതിയിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു.

അതേസമയം സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ തടഞ്ഞും, മൃതദേഹം ആശുപത്രിയിൽ നിന്നും എടുത്തു കൊണ്ടുപോയി നഗരത്തിൽ പ്രതിഷേധിച്ചും അസാധാരണമായ സമരമായിരുന്നു ഇന്നലെ കോൺഗ്രസ് നടത്തിയത്. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിൽ പൊലീസിനെ തളളിമാറ്റിയായിരുന്നു മൃതദേഹം കൊണ്ടുപോവുകയും പ്രതിഷേധിക്കുകയും ചെയ്‌തത്.

ഇതിനു പിന്നാലെ പൊലീസ് ബലപ്രയോഗത്തിലൂടെ മൃതദേഹം ഏറ്റെടുക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്‌ത് നീക്കുകയും ചെയ്‌തിരുന്നു. ഇതിൻ്റെ തുടർച്ചയായി രണ്ടാം ദിവസവും കോതമംഗലത്ത് കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്.

ABOUT THE AUTHOR

...view details