Cremation of Benoy Thomas (ETV Bharat) തൃശൂര്‍: കുവൈറ്റ് തീപിടുത്തത്തിൽ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്‍റെ ഭൗതിക ദേഹം സംസ്‌കരിച്ചു. കുന്നംകുളം വി നാഗൽ ബെറിയൽ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലയൂരിലെ ബിനോയിയുടെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ച ശേഷം കുടുംബത്തെ ആശ്വസിപ്പിച്ചു. ബിനോയ് തോമസിന് വീട് വച്ചു നൽകുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.
രാവിലെ 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം റോഡ് മാർഗമാണ് വീട്ടിലേക്ക് എത്തിച്ചത്. തെക്കൻ പാലയൂരിലെ ബിനോയിയുടെ ഒറ്റമുറി വീട്ടിലെ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്‌കാരം.
ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ, മുൻ എംപി ടി എൻ പ്രതാപൻ തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധിയാളുകളാണ് ബിനോയിക്ക് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത്. കുവൈറ്റ് ദുരന്തത്തിന് പിന്നാലെ ബിനോയിയെ കാണാനില്ലെന്ന കുടുംബത്തിന്‍റെ പരാതി പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ വി അബ്‌ദുൾ ഖാദറാണ് വെളിപ്പെടുത്തിയത്.
ബിനോയ് തീപിടുത്തം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നോ എന്നായിരുന്നു സംശയം. 5 ദിവസം മുമ്പാണ് ബിനോയ് കുവൈറ്റിലെത്തിയത്. തീപിടിത്തം നടന്ന ദിവസം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നുവെങ്കിലും അപകടം നടന്നതിന് ശേഷം ബിനോയിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് കുടുംബം പരാതിപ്പെട്ടത്. ഇയാളുടെ വിവരങ്ങൾ നോർക്കക്ക് കൈമാറി നടത്തിയ അന്വേഷണത്തിലാണ് മരിച്ചതായി സ്ഥിരീകരിച്ചത്.
ALSO READ:'ദൈവത്തിനു നന്ദി, ഇത് രണ്ടാം ജന്മം'; കുവൈറ്റ് അപകടത്തിൽ രക്ഷപ്പെട്ട നളിനാക്ഷന്‍റെ ഭാര്യയും സഹോദരനും ഇടിവി ഭാരതിനോട്