കണ്ണൂര്‍:തലശേരി - മൈസൂര്‍ റെയില്‍പാത നിര്‍ദേശത്തിന് വീണ്ടും ജീവന്‍ വയ്ക്കുന്നു. കര്‍ണാടകയുടെ ഭാഗമായ കുടക് വഴിയുള്ള പാത എന്ന നിര്‍ദേശം വഴിമുട്ടിയതോടെ ബദല്‍പാതയ്ക്കായി കേരളത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. കുടകിലെ സംരക്ഷിത വനമേഖലയിലെ വന്യജീവികള്‍ക്കും പരിസ്ഥിതിക്കും വരുന്ന നാശം എടുത്ത് കാട്ടിയാണ് കര്‍ണാടക നേരത്തെ തലശേരി മൈസൂര്‍ പാതയ്‌ക്കെതിരെ നിഷേധ നിലപാട് സ്വീകരിച്ചത്.
5000 കോടി രൂപ ചെലവില്‍ കേരള റെയില്‍ ഡവലപ്‌മെന്‍റ് കോര്‍പറേഷന്‍ ഏറ്റെടുത്ത പദ്ധതിയായിരുന്നു ഇത്. വയനാട് ജില്ലയെ കേരളത്തിന്‍റെ റെയില്‍ ഭൂപടത്തില്‍ എത്തിക്കാനുള്ള ശ്രമമായിരുന്നു കേരളം മുന്നോട്ട് വച്ചത്. ഒപ്പം മൈസൂരിലേക്കുള്ള എളുപ്പ വഴിയും.
തലശേരി-മൈസൂര്‍ റെയില്‍പാത (ETV Bharat) കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍, ദേശീയ ഉദ്യാനങ്ങളും വയനാട് വന്യജീവി സങ്കേതങ്ങളും നിര്‍ധിഷ്‌ഠ റെയില്‍വേ ലൈന്‍ വന്നാല്‍ ഗുരുതരമായ ആഘാതം സൃഷ്‌ടിക്കുമെന്ന് 20 സംസ്ഥാനങ്ങളിലേയും വനം വകുപ്പുകള്‍ക്ക് ആശങ്കയുണ്ടായിരുന്നു. വന്യജീവികളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയവും ഈ നിര്‍ദേശത്തിന് അനുമതി നിഷേധിച്ചിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ കേരളം മറ്റൊരു വഴിയിലൂടെ തലശേരി-മൈസൂര്‍ റെയില്‍പാത പ്രാവര്‍ത്തികമാക്കാനുളള നീക്കം തുടങ്ങിക്കഴിഞ്ഞു. തലശേരി-ചമ്പാട്-നിടുംപൊയില്‍-മാനന്തവാടി-കുട്ട വഴി മൈസൂരില്‍ എത്താവുന്ന പുതിയ നിര്‍ദേശവുമായി മുന്നോട്ട് പോവുകയാണ് കേരളം.
കൂട്ടുപുഴ-വീരാജ്‌പേട്ട വഴി പാത നടപ്പാക്കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശവുമായി മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചപ്പോള്‍ ഈ ഒരു ചര്‍ച്ചക്ക് ഷാഫി പറമ്പില്‍ എംപിയാണ് തുടക്കമിട്ടത്. തലശേരി-മൈസൂര്‍ പാതയ്ക്ക് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കാന്‍ മുഖ്യമന്ത്രിയും എംപിമാരോട് അഭ്യര്‍ഥിച്ചു. പുതിയ സാഹചര്യത്തില്‍ കര്‍ണാടക സര്‍ക്കാരുമായി റെയില്‍വേ ഇക്കാര്യം സംസാരിക്കാന്‍ കെസി വേണുഗോപാല്‍ എംപിയുടെ സഹായവും മുഖ്യമന്ത്രി തേടി.
കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് മുമ്പാകെ ഷാഫി പറമ്പില്‍ ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. ഇംഗ്ലീഷുകാര്‍ ഭരിച്ചിരുന്ന കാലത്ത് തലശേരി-മൈസൂര്‍ പാത ഉണ്ടാക്കാനുള്ള ശ്രമം നടത്തിയിരുന്നു. അതിന്‍റെ ഭാഗമായി തലശേരിയില്‍ 48 ഏക്കര്‍ സ്ഥലം നിലവിലുണ്ട്. മാനന്തവാടി വഴിയുള്ള പാതയ്ക്ക് വനമേഖല താരതമ്യേന കുറവാണ്. ചെറിയ തോതിലുള്ള തുരങ്ക പാത നിര്‍മിച്ചാല്‍ തലശേരി-മൈസൂര്‍ പാത പ്രാവര്‍ത്തികമാക്കാം.
Also Read:റെയില്‍വേയുടെ 'സൂപ്പർ ആപ്പ്' വരുന്നു; ഇനി ടിക്കറ്റ് ബുക്കിങ് അടക്കം എല്ലാ സേവനങ്ങളും ഒരുകുടക്കീഴില്‍