കോഴിക്കോട്:ഒരു കച്ചവടക്കാരന് എങ്ങനെ നല്ലൊരു കർഷകൻ ആകാം എന്ന് ചോദിക്കുന്നവർ ഈ മട്ടുപ്പാവിലേക്ക് ഒന്ന് എത്തി നോക്കിയാൽ മതി, അതിൻ്റെ ഉത്തരം കിട്ടും. മാനസിക സമ്മർദമേറിയ ബിസിനസ് തിരക്കുകൾക്കിടയിൽ വീണുകിട്ടുന്ന ഒഴിവുവേളകൾ ഇതുപോലെ ഉപയോഗപ്പെടുത്തിയാൽ ഏതു മട്ടുപ്പാവും വിളസമൃദ്ധമാകും.
മാവൂരിലെ ഹാർഡ് വെയർ വ്യാപാരിയായ നാസർ മാവൂരാൻ്റെ മൂത്തേടത്ത് കുഴിയിലെ വീടിന് മുകളിലാണ് പച്ചക്കറികൾ സമൃദ്ധമായി വിളയുന്നത്. ചൂട് സഹിക്കാൻ പറ്റാതായതോടെ വീടിന് മുകളിൽ പന്തൽ ഇടാമെന്ന ചിന്തയാണ് പിന്നീട് കൃഷിയിലേക്ക് എത്തിച്ചത്. ടെറസിന് മുകളിൽ പച്ചക്കറികൾ തഴച്ചു വളർന്നതോടെ ചൂടും കുറഞ്ഞു, ഒപ്പം അടുക്കളയിലേക്ക് ആവശ്യമുള്ള പച്ചക്കറികളും ലഭ്യമായി.
വെണ്ടയും പാവലും പടവലവും തക്കാളിയും പയറും വിവിധതരം വഴുതനകളുമടക്കം എല്ലാ കൃഷികളുമുണ്ട് മട്ടുപ്പാവില്‍. ബിസിനസ് തിരക്കിനിടയിലെ ഒഴിവ് സമയങ്ങളാണ് പരിചരണത്തിന് വിനിയോഗിക്കുന്നത്.