തിരുവനന്തപുരം: വേനലിന്‍റെ വരവറിയിച്ച് കേരളത്തിൽ ഇന്നും നാളെയും (ഫെബ്രുവരി 3,4) ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്‍റെ മുന്നറിയിപ്പ്. മാർച്ച്-ഏപ്രിലോടെ വേനൽക്കാലം വരുന്നതിന് മുന്നോടിയായാണ് സംസ്ഥാനത്ത് ചൂട് കൂടുന്നത്. ആകാശം മേഘാവൃതമായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇനിയും ചൂട് വര്‍ധിക്കുമെന്ന് ഇന്ത്യൻ മീറ്റിയോറളജിക്കൽ ഡിപ്പാർട്മെന്‍റ് കേരള ഡയറക്‌ടർ നീത ഇടിവി ഭാരതിനോട് പറഞ്ഞു.
ജനുവരി 15നാണ് സൂര്യന്‍റെ ഉത്തരായനം ആരംഭിച്ചത്. സ്വാഭാവികമായും ഭൂമധ്യ രേഖയ്ക്ക് സമീപത്തുള്ള കേരളത്തിൽ ഇതിന്‍റെ സ്വാധീന ഫലമായാണ് ചൂട് കൂടുന്നതെന്നും നീത വ്യക്തമാക്കി. വരും ദിവസങ്ങളിൽ ഇന്ത്യയുടെ വടക്കൻ മേഖലകളിലേക്ക് ഇത് വ്യാപിക്കുകയും കേരളത്തിൽ ചൂട് വീണ്ടും വർധിക്കുകയും ചെയ്യുമെന്നും ഐഎംഡി ഡയറക്‌ടർ വ്യക്തമാക്കി.
ഇന്നും നാളെയും കേരളമാകെ ചൂട് കൂടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് ചൂട് കൂടാനുള്ള സാധ്യത. തെക്കൻ കേരളത്തിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇന്നലെയും നേരിയ മഴ ലഭിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമെ ചൂട് കൂടുവെന്ന പ്രവചനം. മാർച്ച് - ഏപ്രിൽ മാസത്തിൽ വേനൽ എത്തുന്നതോടെ ചൂട് കഴിഞ്ഞ വർഷത്തെക്കാൾ വർധിക്കാനാണ് സാധ്യതയെന്നും നീത പറഞ്ഞു.