കോഴിക്കോട് :ഇന്ന് അധ്യാപക ദിനം. ജീവിതത്തിൽ മാതാപിതാക്കളെപോലെ തന്നെ നമുക്ക് വെളിച്ചം പകർന്നു തരുന്നവരാണ് നമ്മുടെ അധ്യാപകർ. ഈ അധ്യാപക ദിനത്തിൽ കുട്ടികൾക്ക് പുതിയ പാഠം പകർന്നു നൽകുന്ന ഒരു അധ്യാപകനെ പരിചയപ്പെടാം.
ക്ലാസ് മുറിയെന്ന ചട്ടക്കൂടിന് പുറത്തേക്ക് വിദ്യാർഥികൾ സ്വയം തത്‌പരരാകേണ്ടതിന്‍റെ നല്ല പാഠമാണ് അധ്യാപക ദിനത്തിൽ ഈ അധ്യാപകൻ നൽകുന്ന സന്ദേശം. ചിങ്ങപുരം സികെജി മെമ്മോറിയൽ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ അനിൽകുമാർ സി വിയാണ് വിദ്യാർഥികൾക്ക് നൂതന ആശയം പകർന്ന് കൊടുക്കുന്നത്.
പ്ലാസ്റ്റിക്ക് എന്ന വിപത്തിൽ നിന്നും പ്രകൃതിയെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജപ്പാനിലെ ചെടി വളര്‍ത്തല്‍ രീതിയായ 'കൊക്കഡാമ' കുട്ടികൾക്ക് പരിചയപ്പെടുത്തിയാണ് ഈ അധ്യാപകൻ വ്യത്യസ്‌തത കൊണ്ടുവന്നത്. കൊക്കഡാമയ്‌ക്ക് പായല്‍പ്പന്തുകളെന്നും പാവങ്ങളുടെ ബോണ്‍സായിയെന്നും വിളിപ്പേരുണ്ട്. ചെടിച്ചട്ടി ഇല്ലാതെ പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന വളരെ കുറച്ച് വിഭവങ്ങൾ മാത്രം ഉപയോഗിച്ച് പൂന്തോട്ടം തയ്യാറാക്കുന്നതാണ് ഈ രീതി.
എൻഎസ്എസ് വളണ്ടിയർമാരായ നൂറ് കുട്ടികൾ ചേർന്ന് ഈ നൂതന രീതി നാടിന് പരിചയപ്പെടുത്തിയത്. മണ്ണും പൂപ്പലും നൂലും ചേരുന്നതാണ് കൊക്കഡാമയുടെ ബെയ്‌സ്. മണ്ണും ചകിരിച്ചോറും ചാണകപ്പൊടിയും മിശ്രിതമാക്കി വെള്ളം ചേർത്ത് കുഴച്ച് ഗോള രൂപത്തിൽ ആക്കി അതിൽ ചെടി നട്ടുപിടിപ്പിച്ച് അതിനുചുറ്റും പായൽ വച്ചുപിടിപ്പിക്കുന്ന രീതിയാണ് കൊക്കഡാമ അഥവാ പായൽ പന്ത്. നിരവധി സസ്യയിനങ്ങൾ ഇതിൽ വളർത്താം. പ്രകൃതിയും മനുഷ്യനും തമ്മിൽ ഇണങ്ങി ജീവിക്കേണ്ടതിന്‍റെ ആവശ്യകത കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രസക്തമാണെന്ന് വിദ്യാർഥികളെ ബോധ്യപ്പെടുത്താൻ കൂടി ഇത് സഹായകമാകും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും