കാസർകോട്: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ അധ്യാപിക അറസ്റ്റില്‍. മുൻ ഡിവൈഎഫ്ഐ ജില്ല കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സച്ചിത റൈ ആണ് പിടിയിലായത്. ലക്ഷങ്ങൾ തട്ടിയ അധ്യാപിക സച്ചിത റൈക്കെതിരെ 11 കേസുകളാണ് കാസർക്കോട്ടെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
വിദ്യാനഗർ പൊലീസിന്‍റെ പിടിയിലായ സച്ചിതയെ തുടർ നടപടികൾക്കായി കുമ്പള പൊലീസിന് കൈമാറി. കോടതിയിൽ കീഴടങ്ങാനുള്ള ശ്രമത്തിനിടെ സാഹസികമായാണ് വിദ്യാനഗർ പൊലീസ് ഇവരെ പിടികൂടിയത്. മുൻകൂർ ജാമ്യാപേക്ഷയുമായി യുവതി കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് കോടതിക്ക് മുന്നില്‍ കീഴടങ്ങാനുള്ള ശ്രമം സച്ചിത നടത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തോട്ടവിള ഗവേഷണ കേന്ദ്രത്തിലും കേന്ദ്ര സർവകലാശാലയിലും കേന്ദ്രീയ വിദ്യാലയത്തിലും കർണാടക എക്സൈസിലും ജോലി വാഗ്‌ദാനം ചെയ്‌തായിരുന്നു പ്രധാനമായും തട്ടിപ്പ് നടത്തിയത്. പണം കൈമാറി മാസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് കുമ്പള കിദൂർ സ്വദേശി നിഷ്‌മിത ഷെട്ടിയാണ് ആദ്യം പൊലീസിനെ സമീപിച്ചത്. പിന്നീട് നിരവധി പേർ തട്ടിപ്പിന് ഇരയായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.