തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ഫെബ്രുവരി 8ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹി ജന്ദർമന്തിറിൽ നടത്തുന്ന സമരത്തിന് (kerala cabinets delhi protest) പിന്തുണ പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (Tamilnadu CM MK Stalin) കത്തയച്ചു. ഡിഎംകെ പ്രതിനിധികൾ സമരത്തിൽ പങ്കെടുക്കുമെന്ന് കത്തിൽ സ്റ്റാലിൻ ഉറപ്പ് നൽകി. ഡിഎംകെയെ പ്രതിനിധീകരിച്ച് ആരായിരിക്കും ഡൽഹിയിലെത്തുകയെന്ന് സൂചനയില്ലെങ്കിലും പാർലമെന്‍റ് സമ്മേളിക്കുന്ന ദിവസമായതിനാൽ ലോകസഭയിലെ മുതിർന്ന നേതാക്കൾ ഡിഎംകെയെ പ്രതിനിധീകരിച്ച് എത്തുമെന്നാണ് സൂചന.
സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നതിനെതിരെ സുപ്രീം കോടതിയിൽ കേരളം സമർപ്പിച്ച ഹർജിക്ക് തമിഴ്‌നാട് സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് സ്റ്റാലിൻ ഉറപ്പ് കൊടുത്തിട്ടുണ്ട്. തെക്കേ ഇന്ത്യയിൽ തമിഴ്‌നാടും കേരളവും കിഴക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒപ്പം നമ്മുടെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കളെല്ലാവരും ഇന്ന് സംസ്ഥാനങ്ങളുടെ സ്വയം ഭരണത്തിനായി ഒരുമിച്ച് നിൽക്കുന്നു.