തമിഴ്‌നാട് കർഷക സംഘടനകളുടെ മാർച്ച് (ETV Bharat) ഇടുക്കി:മുല്ലപ്പെരിയാറിൽ പുതിയ അണകെട്ടിന് അനുമതി തേടിയ കേരളത്തിന്‍റെ നടപടിയിൽ പ്രതിഷേധവുമായി തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ തമിഴ്‌നാട് ലോവർ ക്യാമ്പിൽ കർഷകർ മാർച്ച് നടത്തി. കേരളത്തിന്‍റെ നിവേദനം പരിശോധിയ്ക്കുന്നതിനായി കേന്ദ്ര സർക്കാരിന്‍റെ വിദഗ്‌ധ വിലയിരുത്തൽ സമിതി യോഗം ചേരാൻ ഇരിക്കെ ആണ് തമിഴ്‌നാട്ടിൽ വലിയ പ്രതിഷേധം ഉയരുന്നത്.
പെരിയാർ വൈഗൈ ഇറിഗേഷൻ അഗ്രികൾച്ചർ അസോസിയേഷന്‍റെ നേതൃത്വത്തിലാണ് വിവിധ കർഷക സംഘടനകൾ പ്രതിഷേധ സമരം നടത്തിയത്. കുമളിയിൽ തമിഴ്‌നാട് അതിർത്തിയിൽ മാർച്ച് നടത്താനായിരുന്നു സംഘടനകളുടെ തീരുമാനം. ലോവർ ക്യാമ്പ് ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച മാർച്ച് ലോവർ ക്യാമ്പിൽ തമിഴ്‌നാട് പൊലിസ് തടഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് പുതിയ അണകെട്ട് നിർമിയ്ക്കാൻ അനുമതി തേടി കേരളം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നിവേദനം നൽകിയത്. മെയ് 14 ന് നിവേദനം പരിഗണിച്ച മന്ത്രാലയം, ഇത് കേന്ദ്ര സർക്കാരിന്‍റെ വിദഗ്‌ദ വിലയിരുത്തൽ സമിതിക്ക് അയച്ചു. സമിതി 28ന് ഇത് സംബന്ധിച്ച് യോഗം ചേരും.പു
തിയ അണകെട്ടിന്‍റെ നിർമ്മാണ കാലയളവിലും തുടർന്നും തമിഴ്‌നാട്ടിലേക്കുള്ള ജലവിതരണം തടസമില്ലാതെ തുടരുമെന്ന് കേരളം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കേരളം കർഷകർക്കിടയിൽ ആശങ്ക സൃഷ്‌ടിയ്ക്കുന്നു എന്ന് ആരോപിച്ചാണ് തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ മാർച്ച് നടത്തിയത്.
Also Read : 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മാണത്തിന് കേരളത്തെ അനുവദിക്കരുത്'; കേന്ദ്രത്തിന് കത്തയച്ച് എം കെ സ്‌റ്റാലിന്‍ - MK Stalin Against Kerala