കേരളം

kerala

ETV Bharat / state

'തിരുത്തലുകള്‍ക്ക് സിപിഎം , തിരുത്താന്‍ വഴങ്ങാതെ എസ്എഫ്ഐ'; ഗുരുദേവ കോളജ് സംഘർഷത്തിൽ ടിഎൻ സരസു - T N SARASU AGAINST SFI - T N SARASU AGAINST SFI

കൊയിലാണ്ടി ഗുരുദേവ കോളജിലുണ്ടായ സംഘർഷത്തിൽ പ്രിൻസിപ്പാളിനെ എസ്‌എഫ്‌ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ സിപിഎം പ്രതിരോധത്തില്‍. വിദ്യാർഥി സംഘടനയുടെ പ്രവൃത്തിക്കെതിരെ വ്യാപക പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകർക്ക് നല്ല വഴി കാണിച്ചു കൊടുക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്ന വിമര്‍ശനവുമായി എസ്എഫ്ഐ പ്രവർത്തകരാൽ കുഴിമാടം തീർക്കപ്പെട്ട വിക്‌ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ: ടി. എൻ സരസു.

KOYILANDY GURUDEVA COLLEGE CLASH  ടി എൻ സരസു  എസ്‌എഫ്ഐ  ഗുരുദേവ കോളജ് സംഗർഷം
T N Sarasu & Gurudeva College clash CCTV visual (ETV Bharat)

By ETV Bharat Kerala Team

Published : Jul 2, 2024, 6:31 PM IST

ഡോ: ടി. എൻ സരസു സംസാരിക്കുന്നു (ETV Bharat)

കോഴിക്കോട്: തെരഞ്ഞടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പരിഹാരം കാണാൻ താഴേത്തലം തൊട്ട് സിപിഎം തിരുത്തലുകള്‍ക്ക് ഒരുങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥി സംഘടന എസ്‌എഫ്‌ഐയുടെ ചെയ്തികള്‍ പാര്‍ട്ടിക്ക് തീരാ തലവേദനയാകുന്നത്. ക്രിമിനല്‍ മാഫിയാ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന ആക്ഷേപങ്ങളാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ന്നതിന് കാരണമായി ജില്ലാ യോഗങ്ങളില്‍ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെട്ടത്. ഇതിനു തുടര്‍ച്ചയായി മുന്നണി ഘടകകക്ഷി നേതാക്കളും സിപിഎമ്മിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അതിനിടെയാണ് കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിന്‍റെ കൈപിടിച്ച് തിരിക്കുകയും , മുഖത്തടിക്കുകയും , പുറത്ത് ചവിട്ടുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതെന്നും സുനിൽ ഭാസ്കർ തന്നെ പറയുന്നു.

ഒരു വിദ്യാര്‍ത്ഥി സംഘടനയെന്ന നിലവിട്ട് എസ്എഫ്ഐ നടത്തുന്ന അക്രമങ്ങളോട് കേരളീയ സമൂഹത്തില്‍ നിന്ന് വന്‍ തോതില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. എസ്എഫ്ഐ പ്രവർത്തകരാൽ കുഴിമാടം തീർക്കപ്പെട്ട വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ: ടി. എൻ സരസു ഉള്‍പ്പെടെയുള്ളവര്‍ ഇതേക്കുറിച്ച് രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു. സിപിഎമ്മിനും മുകളിലാണ് എസ്എഫ്ഐയെന്ന് പ്രൊഫസര്‍ ടി എന്‍ സരസു ഇടിവി ഭാരതിനോട് പറഞ്ഞു.

''സ്വയം തിരുത്താനോ തിരുത്തപ്പെടലിന് വിധേയരാകാനോ അവർ തയാറല്ല. നല്ല വഴി കാണിച്ചു കൊടുക്കാൻ സിപിഎം തയ്യാറാകുന്നുമില്ല. അഹങ്കാരവും അഹമ്മതിയുമാണ് എസ്എഫ്ഐയുടെ മുഖമുദ്ര. അവര്‍ക്ക് എന്തും ചെയ്യാമെന്ന സ്വാതന്ത്ര്യമുണ്ട്. കോളജിലെ നിയമങ്ങൾ പോലും സംഘടനക്ക് ബാധകമല്ല. ക്യാമ്പസുകളിൽ രാഷ്ട്രീയം പാടില്ലെന്ന ഹൈക്കോടതി വിധി പോലും മാനിക്കുന്നില്ല. വയനാട്ടിലെ സിദ്ധാർത്ഥന്‍റെ മരണം, മഹാരാജാസ് അടക്കം മറ്റ് കോളജുകളിൽ അരങ്ങേറുന്ന അക്രമ സംഭവങ്ങള്‍. എസ്എഫ്ഐ എന്ത് ചെയ്താലും മറ്റുള്ളവർ കണ്ണടക്കും എന്നതിന്‍റെ തിമിരമാണ് അവർ കാണിക്കുന്നത്'' സരസു പറഞ്ഞു.

വിദ്യാർഥി സമരത്തിന്‍റെ കാര്യത്തിൽ കർക്കശ നിലപാട് എടുത്തതിന്‍റെ പേരിൽ 2016ലാണ് വിക്ടോറിയ കോളജ് പ്രിൻസിപ്പൽ ആയിരുന്ന സരസുവിനെതിരെ എസ്എഫ്ഐ പ്രവർത്തകർ കുഴിമാടം തീർത്തത്. "ഞാൻ വിദ്യാർഥികളെ പ്രതിഷേധിക്കാനും ക്ലാസുകൾ തടസ്സപ്പെടുത്താനും അനുവദിച്ചിട്ടില്ല. അതിനാൽ ഇത് എനിക്ക് അവരുടെ വിടവാങ്ങൽ സമ്മാനമാണ്. ഇതിൽ അവർ ഒറ്റയ്ക്കല്ല. ഇടതുപക്ഷ ചായ്‌വുള്ള സംഘടനകളിലെ ചില അധ്യാപകരും ഇതിന് പിന്നിലുണ്ട്" ഇതായിരുന്നു സരസുവിന്‍റെ അന്നത്തെ പ്രതികരണം. കുട്ടികളുടേത് ആര്‍ട്ട് ഇന്‍സ്റ്റലേഷനാണെന്ന് ന്യായീകരിച്ച മുന്‍ വിദ്യാഭ്യാസ മന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ എംഎ ബേബിയുടെ പ്രസ്താവനയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

Also Read: കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷം: പ്രിൻസിപ്പലിനും എസ്‌എഫ്ഐക്കാര്‍ക്കുമെതിരെ കേസ്, പ്രതിഷേധത്തിന് എസ്‌എഫ്‌ഐ

സിപിഎമ്മിനെതിരെ ഉലേഖിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്:അതിനിടെ പാട്യം ഗോപാലന്‍റെ മകൻ ഉലേഖിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റും ചർച്ചയാവുകയാണ്. "ഗുണ്ടായിസം നിർത്തിയാൽ പാർട്ടി തകരും" എന്ന് പറയുന്നതും വിശ്വസിക്കുന്നതും ഗുണ്ടകളും ഗുണ്ടാസ്വഭാവമുള്ള നേതാക്കളുമാണ്. ഈ ധാരണ തന്നെയാണ് ഏറ്റവും പരിഹാസ്യം" എന്നായിരുന്നു പത്രപ്രവർത്തകൻ കൂടിയായ ഉലേഖ് കുറിച്ചത്. പാർട്ടി വിട്ട കണ്ണൂരിലെ സിപിഎം മുൻ ജില്ല കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ മുൻ ജില്ല പ്രസിഡന്‍റുമായിരുന്ന മനു തോമസാണ് പോസ്റ്റ് പങ്കു വെച്ചത്.

ABOUT THE AUTHOR

...view details