കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി (ETV Bharat) ന്യൂഡല്‍ഹി:സുരേഷ് ഗോപി കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. ശാസ്ത്രിഭവനില്‍ പെട്രോളിയം പ്രകൃതി വാതക വകുപ്പ് സഹമന്ത്രിയായാണ് സുരേഷ് ഗോപി ചുമതലയേറ്റത്. വകുപ്പിലെ ക്യാബിനറ്റ് മന്ത്രി ഹര്‍ദീപ് പുരിയുടെ സാന്നിധ്യത്തിലാണ് സുരേഷ് ഗോപി സഹമന്ത്രി സ്ഥാനമേറ്റത്. ടൂറിസം വകുപ്പിലും സഹമന്ത്രിയായി അദ്ദേഹം ഉടന്‍ സ്ഥാനമേല്‍ക്കും.
ചുമതലകള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. വകുപ്പിനെ നവീകരിക്കുമെന്നും ടൂറിസം മേഖലയില്‍ വലിയ മാറ്റം കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചാവക്കാട് കണ്ടല്‍ ആയുര്‍വേദ ടൂറിസത്തിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അറിയപ്പെടാതെ കിടക്കുന്ന അത്തരം നിരവധി കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നും സുരേഷ് ഗോപി സൂചിപ്പിച്ചു.
വകുപ്പില്‍ മികച്ച പ്രവര്‍ത്തനം തന്നെ കാഴ്‌ച വയ്ക്കുമെന്ന ഉറപ്പും അദ്ദേഹം നൽകി. ടൂറിസം മേഖലയെ അടുത്ത പടിയിലേക്ക് ഉയർത്താനും ലോകത്തിന് അടുത്ത ദശാബ്‌ദത്തിന്‍റെ ടൂറിസം എന്താണെന്ന് മനസിലാക്കി കൊടുക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയേയും ക്യാബിനറ്റ് മന്ത്രിയേയും സഹായിക്കാന്‍ സഹമന്ത്രിയെന്ന നിലയില്‍ സാധ്യമായതെല്ലാം ചെയ്യും. പ്രധാനമന്ത്രി നല്‍കിയത് വലിയ ചുമതലയാണ്. ഇന്ത്യയിലെ ഉയർന്നുവരുന്ന പെട്രോളിയം സംവിധാനങ്ങളെ കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ തെരഞ്ഞെടുത്ത തൃശൂരിലെ വോട്ടര്‍മാരോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ഞായറാഴ്‌ച വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്‌ത 71 അംഗങ്ങളിൽ ഒരാളായ ഗോപിക്ക് പെട്രോളിയം, ടൂറിസം വകുപ്പുകളാണ് അനുവദിച്ചത്.
മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവയ്ക്കാൻ പോകുന്നു എന്ന തെറ്റായ വാർത്തകൾ മാധ്യമസൃഷ്‌ടി മാത്രമാണെന്നും താൻ എവിടേയും അങ്ങനെ ഒരു കാര്യം പറഞ്ഞിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു വ്യക്തമാക്കി. മാത്രമല്ല മോദി സർക്കാരിൻ്റെ മന്ത്രിസഭയിൽ അംഗമാകുന്നതും ജനങ്ങളെ പ്രതിനിധീകരിക്കുന്നതും അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമയും എന്‍റെ ജീവിതത്തിന്‍റെ ഒരു ഭാഗമാണെന്നും രാഷ്‌ട്രീയത്തിനും സിനിമയ്‌ക്കും ഉള്ള സ്‌പേയ്‌സ് കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ചുമതലയേറ്റ ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ആദ്യമെത്തിയ കോള്‍ മെഗാ സ്‌റ്റാര്‍ മമ്മൂട്ടിയുടേതായിരുന്നു. സുരേഷ് ഗോപിക്ക് അഭിനന്ദനം നേര്‍ന്ന മമ്മൂട്ടി നല്ല രീതിയില്‍ പ്രവൃത്തിക്കാനാവട്ടെയെന്നും ആശംസിച്ചു.
ALSO READ :സുരേഷ് ഗോപിയ്‌ക്ക് സാംസ്‌കാരിക-ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനം; മൂന്നാം മോദി സര്‍ക്കാറിന്‍റെ വകുപ്പ് തീരുമാനമായി