തൃശൂർ: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ "ഭാരതമാതാവ്" എന്നും അന്തരിച്ച കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരനെ "ധീരനായ ഭരണാധികാരി" എന്നും വിശേഷിപ്പിച്ച് കേരളത്തിലെ ആദ്യത്തെ ബിജെപി എംപി സുരേഷ് ഗോപി. തൃശൂരിൽ കരുണാകരൻ്റെ സ്‌മാരകമായ മുരളി മന്ദിരം സന്ദർശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്‌താവന.
പെട്രോളിയം, പ്രകൃതി വാതക, ടൂറിസം മന്ത്രാലയത്തിൻ്റെ സഹമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ-മാർക്‌സിസ്റ്റിൻ്റെ മുതിർന്ന നേതാവായ ഇകെ നായനാരും കെ കരുണാകരനും തൻ്റെ രാഷ്‌ട്രീയ ഗുരുക്കളാണെന്നും പരാമർശിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെ കരുണാകരൻ്റെ മകൻ കെ മുരളീധരനെ പരാജയപ്പെടുത്തിയാണ് സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചത് എന്നതും ശ്രദ്ധേയം.
'ഇന്ദിര ഗാന്ധിയെ ഭാരതമാതാവായി കാണുന്നതുപോലെ, കരുണാകരനെയും 'അമ്മ' എന്ന് ഞാൻ സ്‌നേഹത്തോടെ വിളിക്കുന്ന അദ്ദേഹത്തിൻ്റെ ഭാര്യയെയും യാത്രയയക്കുന്ന ഘട്ടത്തിൽ തനിക്ക് വരാനായില്ലെന്നും സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കെ കരുണാകരൻ ധീരനായ നേതാവായിരുന്നു എന്നും തനിക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ടെന്നും തൃശൂർ എംപി പറഞ്ഞു. അതിനാൽ, അദ്ദേഹം ഉൾപ്പെടുന്ന പാർട്ടിയോടും തനിക്ക് ഒരു ഇഷ്‌ടം ഉണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.