കോഴിക്കോട് : കേരളത്തെ മൊത്തം ഇളക്കി മറിച്ച്, മിന്നും വിജയവുമായി ഡൽഹിയിലെത്തിയ സുരേഷ് ഗോപി, വെറുമൊരു പ്രവർത്തകനെ പോലെ പ്രധാനമന്ത്രിയുടെ ചായ സത്‌കാരത്തിന് പോയ ജോർജ് കുര്യൻ, രണ്ട് പേർക്കും കിട്ടി ഒരേപോലെ സഹമന്ത്രി സ്ഥാനം. കേരളത്തിൽ ആദ്യമായി താമര വിരിയിച്ച, അതും ലോക്‌സഭ സീറ്റിൽ, സുരേഷ് ഗോപിക്ക് അതൃപ്‌തി ഉണ്ടായെങ്കിൽ അത് സ്വാഭാവികം.
ക്യാബിനറ്റ് പദവി ഇല്ല എന്നത് അറിഞ്ഞത് കൊണ്ടാണോ രാജ്യ തലസ്ഥാനത്ത് ഒരു ദിവസം മുമ്പേ എത്തിയ സുരേഷ് ഗോപി ആരെയും അറിയിക്കാതെ തിരുവനന്തപുരത്തേക്ക് മടങ്ങിയത് എന്ന് സംശയിക്കുന്നവരുമുണ്ട്. പിന്നാലെ ഡൽഹിയിലേക്ക് തിരിച്ചു പോകുന്നതിൽ പോലും അനിശ്ചിതത്വം തുടരുന്നു എന്ന തരത്തിൽ വാർത്തകളും പുറത്തു വന്നു. ഒടുവിൽ 'നരേന്ദ്ര മോദി നേരിട്ടു വിളിച്ചു, താൻ അനുസരിക്കുന്നു' എന്ന് പറഞ്ഞ് സത്യപ്രതിജ്ഞക്കായി ഇറങ്ങി.
അതിനിടയിൽ മറ്റൊരു വിവരം കൂടി പുറത്ത് വന്നു. ഏറ്റെടുത്ത സിനിമകൾ ചെയ്‌ത് തീർക്കേണ്ടത് കൊണ്ട് ക്യാബിനറ്റ് പദവി വേണ്ട എന്ന് സുരേഷ് ഗോപി ആവശ്യപ്പെട്ടു എന്ന്. സിനിമകൾ ഒരുപിടിയുണ്ട്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന മമ്മൂട്ടി, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ എന്നിവർ അണിനിരക്കുന്ന സിനിമ, ഒരു ബിഗ്ബജറ്റ് പ്രോജക്‌ട് അടക്കം ഗോകുലം ഗോപാലൻ നിർമിക്കുന്ന മൂന്ന് സിനിമകൾ, ആലോചന നടക്കുന്ന ഷാജി കൈലാസിന്‍റെ ചിന്താമണി കൊലക്കേസിന്‍റെ രണ്ടാം ഭാഗം, റിലീസിനൊരുങ്ങുന്ന വരാഹം, ജാനകി V/s കേരള സ്റ്റേറ്റ്. ഈ തിരക്കുകൾക്കിടയിലാണ് സൂപ്പർ സ്റ്റാർ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത്.