കേരളം

kerala

ETV Bharat / state

കിരീടം ചെമ്പോ സ്വര്‍ണമോ; സുരേഷ് ഗോപിയുടെ നേര്‍ച്ച സ്വര്‍ണ്ണത്തിന്‍റെ മാറ്റളക്കുമോ ? വസ്‌തുത അറിയാം

നേര്‍ച്ച സ്വര്‍ണ്ണത്തിന്‍റെ മാറ്റളക്കുന്ന പതിവില്ലെന്ന് തൃശ്ശൂര്‍ ലൂര്‍ദ് മാതാ പള്ളി. സമൂഹമാധ്യമങ്ങളിലൂടെ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടത്തെക്കുറിച്ച് നിരവധി വ്യാജ വാര്‍ത്തകളാണ് പ്രചരിച്ചത്. മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരെയാണ് തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി നേര്‍ന്ന സ്വര്‍ണ്ണ കിരീടത്തിലെ സ്വര്‍ണ്ണത്തിന്‍റെ മാറ്റ് ചര്‍ച്ചയാക്കിയത്. ഇത്തരത്തില്‍ മാറ്റ് അളക്കുന്ന പരിപാടി സഭയ്ക്ക് ഇല്ലെന്നാണ് തൃശ്ശൂര്‍ ലൂര്‍ദ് മാതാ പള്ളി വ്യക്തമാക്കിയിരിക്കുന്നത്.

Suresh Gopi  സുരേഷ് ഗോപി  Golden crown donation controversy  സുരേഷ് ഗോപിയുടെ സ്വര്‍ണ്ണ കിരീടം
Thrissur Lourdes church will not check amount of gold offered by Suresh Gopi

By ETV Bharat Kerala Team

Published : Mar 5, 2024, 3:33 PM IST

തൃശൂര്‍: മകളുടെ വിവാഹത്തിന് മുന്നോടിയായി തൃശ്ശൂര്‍ ലൂര്‍ദ് മാതാ പള്ളിയില്‍ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടത്തിലെ സ്വര്‍ണ്ണത്തിന്‍റെ അളവുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ യാഥാർത്ഥ്യം ഇങ്ങനെ. സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടത്തിന്‍റെ മാറ്റ് പരിശോധിക്കാന്‍ ഇടവക കമ്മിറ്റി തീരുമാനിച്ചു എന്ന മട്ടില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ പള്ളി കമ്മിറ്റി ട്രസ്റ്റ് അംഗങ്ങള്‍ ഇത് നിഷേധിച്ചു (Thrissur Lourdes church will not check amount of gold offered by Suresh Gopi).

പരിശുദ്ധി അളക്കാന്‍ തങ്ങളില്ലെന്ന് തൃശ്ശൂര്‍ ലൂര്‍ദ് മാതാ പള്ളി അധികൃതര്‍ വ്യക്തമാക്കിയതോടെയാണ് സുരേഷ് ഗോപിയുടെ നേര്‍ച്ച സ്വര്‍ണ്ണത്തിന്‍റെ അളവുമായി ബന്ധപ്പെട്ട വിവാദം (Suresh Gopi golden crown controversy) പുതിയ തലത്തിലേക്കെത്തിയത്. "അത്തരത്തില്‍ ഒരു തീരുമാനവും എടുത്തിട്ടില്ല. എന്നുമാത്രമല്ല ഭക്തര്‍ വിശ്വാസ പൂര്‍വ്വം സമര്‍പ്പിക്കുന്ന കാണിക്കയുടെ പരിശുദ്ധി അളക്കുന്നത് ശരിയല്ലെന്നും അങ്ങനെ ഒരു പതിവ് ഇടവകയ്ക്ക് ഇല്ലെന്നും കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കി.

അതിന്‍റെ മൂല്യവും പരിശുദ്ധിയും അളക്കുന്നത് ഭക്തരുടേയും അവരുടെ സമര്‍പ്പണത്തേയും അവഹേളിക്കുന്നതിന് തുല്യമാവും. എന്നാൽ ഓരോ ട്രസ്റ്റിന്‍റേയും ഭരണ കാലത്ത് പള്ളിക്ക് ലഭിക്കുന്ന നേര്‍ച്ചകളുടെ കണക്ക് തിട്ടപ്പെടുത്തണമെന്ന് മാത്രമാണ് കഴിഞ്ഞ ദിവസം തീരുമാനിച്ചതെന്ന്" പള്ളി അധികൃതര്‍ വ്യക്തമാക്കി. ഇത് നേരത്തേ തുടരുന്ന പതിവാണ്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ കണക്ക് തയ്യാറാക്കുക പതിവാണ്.

ട്രസ്റ്റിന്‍റെ ഭാഗമായി ലഭിക്കുന്ന സ്ഥാവര ജംഗമ വസ്‌തുവകകളുടെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുക മാത്രമാണ് ചെയ്യുക. കിരീടത്തിന്‍റെ തൂക്കം നോക്കലും മാറ്റളക്കലുമല്ല ചെയ്യാന്‍ പോകുന്നത്. തീര്‍ത്തും സ്വാഭാവികമായ ഇത്തരം നടപടിക്രമങ്ങള്‍ വിവാദമാക്കുന്നതില്‍ വേദനയുണ്ടെന്നും കമ്മിറ്റി അറിയിച്ചു.

"കാണിക്കയായി ലഭിച്ച സ്വര്‍ണ്ണ കിരീടത്തെക്കുറിച്ച് ഞായറാഴ്‌ചത്തെ ഇടവക യോഗത്തില്‍ ചര്‍ച്ച വന്നിരുന്നു. എന്നാല്‍ അവിടെത്തന്നെ ഇടവക വികാരി ഫാദര്‍ ഡേവിസ് പുലിക്കോട്ടില്‍ ട്രസ്റ്റിന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. വീണ്ടും കിരീടത്തിന്‍റെ മാറ്റളക്കാന്‍ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നു. ഇത് തെറ്റിദ്ധാരണ പരത്തുന്നതും വേദനാ ജനകവുമാണ്" പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പള്ളി കമ്മിറ്റി ട്രസ്റ്റ് അംഗം ഇ ടി വി ഭാരതിനോട് പറഞ്ഞു.

വിവാദത്തിന് തിരികൊളുത്തിയ ഫേസ് ബുക്ക് പോസ്റ്റ് മുന്‍ എം എല്‍എ അനില്‍ അക്കരെയുടേത്

മുന്‍ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ അനില്‍ അക്കരെയാണ് തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ സുരേഷ് ഗോപി നേര്‍ന്നസ്വര്‍ണ്ണ കിരീടത്തിലെ സ്വര്‍ണ്ണത്തിന്‍റെ മാറ്റ് ചര്‍ച്ചയാക്കിയത്. സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ കിരീടത്തിന്‍റെ പരിശുദ്ധിയെപ്പറ്റി വിശ്വാസികള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ടെന്നായിരുന്നു അനില്‍ അക്കര ഫെബ്രുവരി 27 ന് പോസ്റ്റ് ചെയ്‌തത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ സ്വര്‍ണ്ണ കിരീടത്തിന്‍റെ പരിശുദ്ധി വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചെമ്പില്‍ സ്വര്‍ണം പൂശി നല്‍കിയതാണ് കിരീടമെന്ന ആക്ഷേപങ്ങള്‍ ഉയരുന്നതിനിടെ ഇടവകാ പ്രതിനിധി യോഗത്തില്‍ കിരീടത്തിലെ സ്വര്‍ണത്തിന്‍റെ തൂക്കമറിയണമെന്ന് ആവശ്യം ഉന്നയിച്ചുവെന്നും ഇതിനായി അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചെന്നും അവകാശപ്പെട്ട്കൗണ്‍സിലര്‍ ലീലാ വര്‍ഗീസ് രംഗത്തെത്തിയിരുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായാണ് ഇക്കഴിഞ്ഞ ജനുവരി 15 ന് സുരേഷ് ഗോപിയും കുടുംബവും നേരിട്ടെത്തി തൃശൂരിലെ ലൂര്‍ദ് മാതാ പള്ളിയില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ചത്.

Also read: ചെമ്പില്‍ സ്വര്‍ണ്ണം പൂശിയോ; സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തിന്‍റെ മാറ്റളക്കാന്‍ നീക്കം

ABOUT THE AUTHOR

...view details