കോഴിക്കോട്: മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിൽ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലിലാണ് കേന്ദ്ര മന്ത്രി ഹാജരായത്. കേസ് 2025 ജനുവരി 17 ലേക്ക് മാറ്റി. കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിക്കും.
പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് സുരേഷ് ഗോപിയുടെ അഭിഭാഷകൻ ബി എൻ ശിവശങ്കർ പറഞ്ഞു. നേരത്തെ മുൻകൂർ ജാമ്യത്തിൻ്റെ അടിസ്ഥാനത്തിൽ സുരേഷ് ഗോപിയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇന്ന് (ഒക്ടോബർ 16) കോടതിയിൽ എത്തി ജാമ്യ നടപടികൾ പൂർത്തീകരിക്കുന്നതിൻ്റെ ഭാഗമായാണ് സുരേഷ് ഗോപി ഹാജരായത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ബാബുവും ഭാര്യയും ജാമ്യം നിന്നു. മജിസ്ട്രേറ്റിൻ്റെ ചേമ്പറിൽ വെച്ചാണ് നടപടികൾ പൂർത്തീകരിച്ചത്. കേസ് ഫ്രെയിം ചെയ്യുന്ന മുറയ്ക്ക് ഓപ്പൺ കോടതിയിൽ ഹാജരാവുമ്പോൾ കുറ്റപത്രം അടക്കം വായിച്ച് കേൾപ്പിക്കും.