കണ്ണൂര്‍:നാടന്‍ രുചിയുളള മീന്‍കറിയും സാമ്പാറും തോരനും അച്ചാറും ഉള്‍പ്പെടെ ഇരുപത് രൂപക്ക് ഉച്ചയൂണ്, തലശേരി മൈസൂര്‍ റോഡില്‍ ചിറക്കരയിലെ സുഭിക്ഷ ഹോട്ടലിലാണ് ഇത്ര കുറഞ്ഞ വിലയ്‌ക്ക് നാടൻ ഭക്ഷണങ്ങൾ ലഭിക്കുന്നത്. ജനകീയ ഭക്ഷണത്തിന്‍റെ പേരില്‍ പെരുമ നേടുകയാണ് സുഭിക്ഷ ഹോട്ടൽ.
ഭക്ഷ്യ സിവില്‍ സപ്ലൈസ് ഓഫിസിന്‍റെ വിശപ്പു രഹിത കേരളം പദ്ധതിയില്‍പ്പെടുത്തി ഏറ്റവും കുറഞ്ഞ നിരക്കില്‍ ഊണ് നല്‍കുകയാണ് സുഭിക്ഷ ഹോട്ടല്‍. സിപിഐ നേതാവ് സി പി ഷൈജന്‍ പ്രസിഡന്‍റായുളള സ്വയംസഹായ സംഘത്തിന്‍റെ കീഴിൽ, പത്ത് വനിതകള്‍ ഉള്‍പ്പെടെ 32 പേരാണ് സുഭിക്ഷ ഹോട്ടലിന്‍റെ നടത്തിപ്പുകാര്‍.
നാടൻ രുചി വിളമ്പി സുഭിക്ഷ ഹോട്ടൽ (ETV Bharat) ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെയാണ് ഹോട്ടലില്‍ തിരക്ക് അനുഭവപ്പെടുക. കൗണ്ടറില്‍ 20 രൂപ അടച്ചാല്‍ കിട്ടുന്ന ടോക്കണുമായി വിളമ്പുകാര്‍ക്ക് മുന്നിലെത്തിയാല്‍ പ്ലേറ്റില്‍ ഊണും അനുബന്ധ കറികളും ലഭിക്കും. സ്‌പെഷ്യല്‍ വേണ്ടുന്നവര്‍ക്ക് വറുത്ത മീനായി അയല, മാന്തള്‍, ആമൂര്‍ തുടങ്ങിയവയും ലഭിക്കും. വറുത്ത മീനിന് 30 രൂപയില്‍ കൂടില്ല. മറ്റ് ഹോട്ടലുകളില്‍ നല്‍കുന്ന തുകയുടെ മൂന്നിലൊന്നുകൊണ്ട് സ്‌പെഷ്യല്‍ ഉള്‍പ്പെടെയുള്ള ഊണ് സുഭിക്ഷയില്‍ നിന്ന് കഴിക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നല്ല വൃത്തിയുളള അടുക്കളയില്‍ പാചകം ചെയ്യുന്നത് നേരിട്ട് കാണാം എന്നതും സുഭിക്ഷയിലെ പ്രത്യേകതയാണ്. അടുക്കളയില്‍ വനിതാധിപത്യമാണ്. ഹോട്ടലിന് വലിയ ആഢംബരങ്ങളൊന്നുമില്ല. അവർ തന്നെ തയ്യാറാക്കുന്ന അരപ്പില്‍ കൃത്രിമങ്ങളൊന്നും ചേര്‍ക്കാതെ വെളിച്ചെണ്ണയിലാണ് പാചകം. ഓരോ ദിവസവും ഇവിടെ വ്യത്യസ്‌ത കറികൾ ലഭിക്കും. ഒന്നിടവിട്ട ദിവസമാണ് സാമ്പാർ നല്‍കുക.
തലശേരിക്കാരുടെ തനത് രുചിക്ക് ചില പ്രത്യേകതകളുണ്ട്. തേങ്ങ അരച്ചുവെച്ച മീന്‍കറിയാണ് അതിൽ പ്രധാനം. എത്ര പരുവത്തില്‍ അരക്കുന്നുവോ അതാണ് മീന്‍കറിയുടെ രുചി രഹസ്യം. സുഭിക്ഷയിലെ ഉച്ചയൂണിനെത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതും മീന്‍കറി തന്നെയാണ്. അവിടുത്തെ സാമ്പാറിനുമുണ്ട് പ്രത്യേകത. വെണ്ട കൂടുതലായി ചേര്‍ത്ത സാമ്പാറാണ് ഇവിടെ വിളമ്പുന്നത്.
Subhiksha Hotel, Chirakkara (ETV Bharat) രുചി പ്രേമികള്‍ക്ക് ചോറിന്‍റെ അളവിലല്ല കറികളുടെ സ്വാദിലാണ് താത്പര്യം. ദിവസവും അറുന്നൂറിലേറെ പേര്‍ക്കാണ് 20 രൂപയ്ക്ക് ഇവിടെ ഭക്ഷണം നല്‍കുന്നത്. അതിന് 70 കിലോഗ്രാം അരി ഒരു ദിവസം തന്നെ വേണം. മാസം 600 കിലോഗ്രാം അരി കിലോഗ്രാമിന് 12 രൂപ വെച്ച് സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
Subhiksha Hotel, Chirakkara (ETV Bharat) മുടങ്ങാതെ ഭക്ഷണം നല്‍കാന്‍ മാസം 650 കിലോഗ്രാം അരി പൊതു മാര്‍ക്കറ്റില്‍ നിന്നും വാങ്ങേണ്ടി വരുന്നു. ഫലത്തില്‍ ലാഭനഷ്‌ടമില്ലാതെ നടക്കുന്നുണ്ടെങ്കിലും ഈ വിലയ്ക്ക് എത്രനാള്‍ ഊണ് നല്‍കാനാവുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതേസമയം ഊണ് കഴിക്കാനെത്തുന്നവര്‍ ആരും ഇന്ന് വരെ പരാതി പറഞ്ഞിട്ടില്ലെന്ന് സുഭിക്ഷ ഹോട്ടല്‍ മാനേജര്‍ ഷിനോജ് പറഞ്ഞു.
Also Read:ബിരിയാണിയ്‌ക്കൊപ്പം മാജിക്കും മെന്‍റലിസവും; ഹിറ്റായി റാഫിയുടെ ടേക്ക് എവേ