കോഴിക്കോട് :കൂടരഞ്ഞിയിൽ കഴിഞ്ഞ ദിവസം എട്ടുപേരെ കടിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു (Stray Dog Confirmed Rabies). തെരുവുനായയെ ഇന്നലെ വൈകീട്ട് കൂടരഞ്ഞി ടൗണിന് സമീപത്തുള്ള കെട്ടിടത്തിന് പിറകിൽ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെ വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പോസ്‌റ്റ്‌മോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് (29-02-2024) രാവിലെയാണ് തെരുവുനായയുടെ ജഡം പോസ്‌റ്റ്‌മോർട്ടം ചെയ്‌തത്.
നായയുടെ കടിയേറ്റ അന്നുതന്നെ പരിക്കേറ്റ എട്ട് പേരും പ്രതിരോധ വാക്‌സിനും ഇമ്മ്യൂണോ ഗ്ലോബുലിനും എടുത്തിരുന്നു. പരിക്കേറ്റ എല്ലാവർക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ എല്ലാവർക്കും പതിനായിരം രൂപ വീതം നൽകാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൂടരഞ്ഞി പഞ്ചായത്തിൽ ചേർന്ന ഭരണസമിതി യോഗത്തിൽ പ്രത്യേക അജണ്ടവച്ചാണ് നഷ്‌ടപരിഹാരം നൽകാൻ തീരുമാനിച്ചത്. ആന്‍റി റാബിസ് വാക്‌സിൻ സ്വീകരിച്ച ചീട്ടുമായി എത്തുന്ന മുറയ്ക്ക് പരിക്കേറ്റവർക്ക് തുക കൈമാറും. മൃഗസംരക്ഷണ വകുപ്പിന്‍റെ സഹായത്തോടുകൂടി ഇന്ന് പ്രദേശത്തുനിന്നും 13 ഓളം തെരുവ് നായകളെ പിടികൂടിയിട്ടുണ്ട്. ഇവയെ വന്ധ്യംകരണത്തിനായി എബിസി സെന്‍ററിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.