തൃശൂർ :ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്‌ടമി രോഹിണിയുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെയാണ് കണ്ണൻ്റെ പിറന്നാളായ അഷ്‌ടമിരോഹിണി. ദർശനത്തിനെത്തുന്ന ഭക്തർക്ക് പരമാവധി സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ, ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ വി ജി രവീന്ദ്രൻ, കെ പി വിശ്വനാഥൻ, അഡ്‌മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ അറിയിച്ചു.
അഷ്‌ടമിരോഹിണി ദർശനം
വരിനിന്ന് ദർശനം നടത്തുന്നവർക്കാകും മുൻഗണന. വരി നിൽക്കുന്നവരെ കൊടിമരത്തിനു സമീപത്തു കൂടി നേരിട്ട് അകത്ത് പ്രവേശിപ്പിക്കുന്നതായിരിക്കും. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി പ്രദക്ഷിണം എന്നിവ ഒഴിവാക്കും. മുതിർന്ന പൗരന്മാർക്ക് പുലർച്ചെ 4.30 മുതൽ 5.30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും പ്രത്യേക ദർശനം.
നാട്ടുകാർക്ക് നിലവിലുള്ള രീതി തുടരും. ചോറൂണ് കഴിഞ്ഞ കുട്ടികൾക്കുള്ള ദർശന സൗകര്യമുണ്ടാകും. തിരക്ക് പരിഗണിച്ച് നാളെ മുതൽ 28 വരെ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ സ്പെഷ്യൽ, വിഐപി ദർശനം ഇല്ല. വരി നിൽക്കാൻ പുറത്ത് പ്രത്യേക പന്തലുകൾ നിർമിച്ചിട്ടുണ്ട്. കിഴക്കേ നടപ്പുരയും പൂന്താനം ഹാളും കൂടുതലായി ഉപയോഗിക്കുന്നതായിരിക്കും.
ക്ഷേത്രച്ചടങ്ങുകൾ
രാവിലെയും ഉച്ചകഴിഞ്ഞും കാഴ്‌ചശീവേലി, രാത്രി വിളക്ക് എഴുന്നള്ളിപ്പ്, രാവിലെ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ മേളം, ഉച്ചകഴിഞ്ഞ് വൈക്കം ചന്ദ്രൻ്റെ പ്രമാണത്തിൽ പഞ്ചവാദ്യം അകമ്പടിയാകും. സന്ധ്യയ്ക്ക് ഗുരുവായൂർ ശശി മാരാരുടെ തായമ്പക, രാത്രി പഞ്ചവാദ്യം, ശശി മാരാരും ഗുരുവായൂർ മുരളിയും നയിക്കുന്ന ഇടയ്ക്ക, നാഗസ്വര മേളത്തോടെ വിളക്ക് എഴുന്നള്ളിപ്പ്, വിളക്കെഴുന്നള്ളിപ്പ് കഴിഞ്ഞ് രാത്രി 12.30 ഓടെ നടയടയ്ക്കും.