പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുത്തരി ഉത്സവം (ETV Bharat) കണ്ണൂർ : ഇന്ന് പലയിടത്തും ജാതിയുടെയും മതത്തിന്‍റെയും പേരിൽ ഭിന്നിപ്പും കലഹവും നടക്കുമ്പോൾ ലോകത്തിന് മുന്നില്‍ മാതൃകയായി ഒരു ക്ഷേത്രം. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രമാണ് മതസൗഹാര്‍ദത്തിന്‍റെ സുന്ദരമായ കഥ പങ്കുവയ്‌ക്കുന്നത്. ഉത്തര പഴനി എന്ന് അറിയപ്പെടുന്ന ശിവപാർവതി പുത്രനായ ശ്രീ സുബ്രമണ്യന്‍റെ ഈ ക്ഷേത്രത്തിന് നിരവധി സവിശേഷതകളാണുള്ളത്.
ചിങ്ങമാസത്തിലെ പുത്തരി ഉത്സവവും ഈ ക്ഷേത്രത്തിലെ പ്രത്യേകതകളിൽ ഒന്നാണ്. കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് ക്ഷേത്രത്തിലെ നിറയുത്സവവും പുന്നെൽകൂഴവും പുത്തരിയും കൽപ്പിക്കുന്നത്. ആദ്യ കതിരുകൾ ക്ഷേത്രത്തിലേക്ക് നിറയ്ക്കുന്നത് ആണ് നിറയുത്സവമെങ്കിൽ കൊയ്ത്തെടുത്ത പുതിയ നെല്ല് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുന്ന ആചാരം ആണ് പുന്നെൽകൂഴം.
ഇതിൽ നിന്നും കുത്തിയെടുക്കുന്ന പുന്നെല്ലരി ചോറും ആഗ്രാന്നവും പെരുമാൾക്ക് സമർപ്പിക്കുന്ന ഒരു ചടങ്ങാണ് തൃപ്പുത്തരി. ആഗ്രാന്നം എന്നാൽ 11 മധുരങ്ങൾ ചേർത്തുള്ള വിഭവം ആണ്. നിവേദ്യത്തിൽ ചേർത്ത് പ്രസാദിക്കുന്ന ഈ മധുരത്തിനു പിന്നിൽ മതസൗഹാർദത്തിന്‍റെ സുന്ദരമായൊരു കാഴ്‌ചയും ചരിത്രവും ഉണ്ട്.
ഒരു മുസ്‌ലീം കുടുംബത്തിൽ നിന്നാണ് ഇതിനാവശ്യമായ പഞ്ചസാര എത്തിക്കുന്നത് എന്നതാണത്. ക്ഷേത്രത്തിൽ നിന്ന് അധികം ദൂരമില്ലാത്ത കേളോത്തെ ഒരു മുസ്‌ലീം തറവാട്ടില്‍ നിന്ന് എല്ലാ തൃപ്പുത്തരിക്കും പഞ്ചസാര കലവുമായി ക്ഷേത്ര നടയിൽ എത്തും. തൃപ്പുത്തരിക്ക് ദിവസം നിശ്ചയിച്ചാൽ ക്ഷേത്രത്തിൽ നിന്ന് ബന്ധപ്പെട്ടവർ പ്രസ്‌തുത കുടുംബത്തിൽ ചെന്ന് വിവരമറിയിക്കുന്നതാണ് പതിവ്. തുടർന്ന് കുടുംബത്തിലെ ഒരംഗം ആ ദിവസം പുതിയ കലത്തിൽ പഞ്ചസാരയുമായി ക്ഷേത്രത്തിലെത്തും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പഞ്ചസാര കലവുമായി എത്തുമ്പോൾ ക്ഷേത്രം ഭരണ സമിതിയും ജീവനക്കാരും അവരെ സ്വീകരിക്കും. ബലിക്കല്ലിനു സമീപത്തായാണ് കലം സമർപ്പിക്കുക. പെരുമാൾക്ക് പുത്തരി ദിവസം നിവേദിക്കുന്ന ആഗ്രാന്നത്തിലും പാൽപ്പായസത്തിലും ഈ പഞ്ചസാരയാണ് ചേർക്കുന്നത്. ചടങ്ങ് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ കുടുംബത്തിന് ക്ഷേത്രം വകയായി അഞ്ചിടങ്ങഴി അരിയും അഞ്ചു തേങ്ങയും 25 നേന്ത്രപ്പഴവും ക്ഷേത്രം സന്തോഷത്തോടെ നൽകുന്നു. ഇന്നും ഈ പതിവ് തുടർന്നു വരുന്നു.
ക്ഷേത്രത്തിലെ മതസൗഹാർദത്തിനു പിന്നിലെ ചരിത്രത്തെ കുറിച്ച് മുൻ ട്രസ്റ്റി മെമ്പർ കൂടിയായ പി. രമേശൻ പറയുന്നതിങ്ങനെ, ടിപ്പുവിന്‍റെ പടയാളികളുടെ ആക്രമണത്തെ തുടർന്ന് കൊല്ലവർഷം 964 മീനമാസം 27ന് ക്ഷേത്രം നിശേഷം അഗ്നിക്കിരയാക്കി. രത്നങ്ങളും സ്വർണങ്ങളും പാത്രങ്ങളും അടക്കം വലിയ സ്വത്ത് കൊള്ളയടിക്കപ്പെട്ടു എന്നുമാണ് ക്ഷേത്രത്തിന്‍റെ ചരിത്ര രേഖകൾ പറയുന്നത്.
പിന്നീട് മൂന്നുവർഷം കഴിഞ്ഞ് 967ൽ താഴക്കാട്ടുമനയിലെ തിരുമുമ്പും ക്ഷേത്രം ഭരണാധികാരികളായ ഊരാളൻമാരുടെയും കാരാളന്മാരുടെയും പരിശ്രമവും ആണ് ക്ഷേത്രം പുനരുദ്ധികരിക്കപ്പെടാൻ ഇടയാക്കിയത്. നാട്ടുകാരുടെയും കഴകക്കാരുടെയും സഹായ സഹകരണത്തോടൊപ്പം അന്ന് കേളോത്തെ ഒരു മുസ്‌ലീം കുടുംബത്തിന്‍റെ സഹായവും ഉണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണം ആണ് പുത്തരിയിൽ ഇന്നും മുസ്‌ലീം കുടുംബം ഭാഗവാക്കാവുന്നത്. അഹിന്ദുക്കൾക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം ഇല്ലെന്നു പറയുമ്പോഴും എല്ലാ പുത്തരി ദിവസവും അവർക്ക് ഇവിടെയെത്താം രമേശൻ പറയുന്നു.
Also Read : ഓണത്തെ വരവേല്‍ക്കാന്‍ തൃശൂര്‍; ശക്തന്‍റെ തട്ടകത്തില്‍ ഭീമന്‍ പൂക്കളമൊരുങ്ങി - Flower Carpet Vadakkunnathan