കേരളം

kerala

ETV Bharat / state

ശ്രീപത്മനാഭനെ കാണാൻ തിരുവനന്തപുരത്തുകാർക്ക് പ്രത്യേക ക്യൂ; മനുഷ്യാവകാശ കമ്മിഷൻ ഇടപെടുന്നു - sree padmanabhaswamy temple

ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്തജനങ്ങൾക്ക് നിലവിലുള്ള സംവിധാനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും വേണമെന്നാണ് ആവശ്യം.

PADMANABHASWAMY DARSHAN  ശ്രീപത്മനാഭ സ്വാമി ക്ഷേത്രം  ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദർശനം  PADMANABHASWAMY TEMPLE NEWS
Sree Padmanabhaswamy Temple (ETV Bharat)

By ETV Bharat Kerala Team

Published : Jul 6, 2024, 5:33 PM IST

Updated : Jul 6, 2024, 6:01 PM IST

തിരുവനന്തപുരം :വിവിധ സംസ്ഥാനങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങൾ ദർശനത്തിനെത്തുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുരം നിവാസികൾക്ക് വേണ്ടി പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷൻ. ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്തജനങ്ങൾക്ക് നിലവിലുള്ള സംവിധാനം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്‌ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രത്തിൽ തിരുവനന്തപുരത്തുകാരായ സാധാരണകാർക്ക് ദർശനം നടത്താൻ കഴിയുന്നില്ലെന്നാണ് പരാതി. പ്രത്യേക ക്യൂ സംവിധാനം നിലവിൽ വന്നാൽ ഭരണഘടന ഉറപ്പു നൽകുന്ന ആരാധന സ്വാതന്ത്ര്യം ഉറപ്പാക്കാമെന്ന് പരാതിക്കാരായ കവടിയാർ ഹരികുമാർ, അഡ്വ. വിജയകുമാർ എന്നിവർ പറഞ്ഞു.

കേരള, ദ്രാവിഡ ശൈലിയിൽ നിർമിക്കപ്പെട്ട ലോകപ്രശസ്‌തമായ ക്ഷേത്രമാണ് തിരുവനന്തപുരം കിഴക്കേ കോട്ടയിലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്‍റെ പുറത്ത് ശയിക്കുക്കുന്ന മഹാവിഷ്‌ണുവാണ് ഇവിടുത്തെ പ്രധാന പ്രതിഷ്‌ഠ. ഒപ്പം തെക്കേടത്ത് നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്‌ണസ്വാമി എന്നിവർക്കും തുല്യ പ്രാധാന്യത്തോടെ ക്ഷേത്രത്തിൽ പ്രതിഷ്‌ഠകളുണ്ട്.

ഇന്ത്യയിലെ 108 വൈഷ്‌ണവ ആരാധന കേന്ദ്രങ്ങളില്‍ ഒന്നായാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം കണക്കാക്കപ്പെടുന്നത്. അന്ന് 108 'ദിവ്യദേശങ്ങള്‍' എന്നാണ് ഈ ആരാധന കേന്ദ്രങ്ങള്‍ അറിയപ്പെട്ടിരുന്നത്. തമിഴ് വൈഷ്‌ണവ ആചാര്യന്മാരായ ആഴ്‌വാര്‍മാര്‍ രചിച്ച ദിവ്യകീര്‍ത്തനങ്ങള്‍ ഈ ആരാധന കേന്ദ്രങ്ങളെ പ്രകീര്‍ത്തിക്കുന്നവയാണ്.

തിരുവിതാംകൂര്‍ രാജവംശത്തിന്‍റെ അധികാരവും ശക്തിയും വർധിപ്പിച്ച് രാജ്യ വിസ്‌തൃതിയും ഇരട്ടിപ്പിച്ച മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവാണ് ഈ ക്ഷേത്രം ഇന്ന് കാണുന്ന രീതിയില്‍ പുതുക്കി പണിതത്. എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറ് നിലവറകളാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലുള്ളത്. ഇവയിൽ ഇ, എഫ് നിലവറകളിൽ നിത്യപൂജക്കുള്ള സാമഗ്രികളാണ്. അതുകൊണ്ടുതന്നെ മിക്കവാറും ദിവസങ്ങളിൽ ഇത് തുറക്കാറുണ്ട്. സി, ഡി നിലവറകളിൽ വിശേഷാവസരങ്ങളിൽ ആവശ്യമുള്ളവയാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതും ആവശ്യം വരുമ്പോൾ തുറക്കും.

കോടതി ഉത്തരവിനെ തുടർന്ന് നേരത്തെ എ നിലവറ തുറന്നിരുന്നു. എ നിലവറയിൽ നിന്നാണ് ഏറ്റവും കൂടുതൽ സമർപ്പണങ്ങളുടെ ശേഖരം കിട്ടിയത്. സ്വർണാഭരണങ്ങൾ, രത്നക്കല്ലുകൾ, പതക്കങ്ങൾ, സ്വർണനാണയങ്ങൾ, സ്വർണമുത്തുകൾ, രാശിപ്പൊന്ന്, മാലകൾ, സ്വർണച്ചിരട്ടകൾ, വലിയ കൂമ്പാരം പേൾമുത്തുകൾ, സ്വർണവിളക്കുകൾ, വിലപിടിപ്പുള്ള രത്നങ്ങൾ, സ്വർണത്താമരപ്പൂക്കൾ, ചന്തിരമാലകൾ, കയർപിരി മാലകൾ, രത്നങ്ങൾ പതിച്ച കൈക്കെട്ടുകൾ, വിഷ്‌ണുപാദം, രാമപാദം പതക്കങ്ങൾ, വിവിധതരം മുടുകൾ (വളകൾ), കിരീടങ്ങൾ, ചങ്ങലമാലകൾ, മാങ്ങാമാലകൾ, നാഗപടം താലി, കോടികൾ വിലമതിക്കുന്ന അമൂല്യരത്നങ്ങൾ പതിച്ച പത്മനാഭന്‍റെ അരപ്പട്ട, ഉടയാട, പാമ്പണകൾ, ചാർത്താനുള്ള സ്വർണം, തോൾവളകൾ, രത്നങ്ങൾ പതിപ്പിച്ച മോതിരങ്ങൾ, ശ്രീപത്മനാഭന് ചാർത്താൻ 18 അടി നീളമുള്ള തങ്ക അങ്കി (പണി പൂർത്തിയാകാത്ത സ്വർണ തകിടുകൾ), വൈഡൂര്യമുൾപ്പടെ രത്നങ്ങൾ പതിപ്പിച്ച ഒന്നരയടി പൊക്കമുള്ള കിരീടം തുടങ്ങിയവയൊക്കെയാണ് എ നിലവറയിൽ കണ്ടെത്തിയത്.

എന്നാൽ ആറാമത്തെ നിലവറയായ ബി നിലവറ സ്‌ട്രോങ് റൂം അല്ല. ദേവചൈതന്യവുമായി അഭേദ്യബന്ധം ഉള്ള ഒരു പവിത്രസ്ഥാനം ആയാണ് ഈ അറയെ കണക്കാക്കുന്നത്. ഇത് ഇതുവരെ തുറന്നിട്ടുമില്ല. ഈ അറ തുറക്കാൻ പാടില്ലെന്നാണ് തിരുവിതാംകൂർ കൊട്ടാരവും പുരോഹിതന്മാരും ഭക്തജനങ്ങളും അടിയുറച്ച് വിശ്വസിക്കുന്നത്.

ALSO READ:ദക്ഷിണ കാശിയായ കൊട്ടിയൂർ; ഇവിടെ പ്രസാദം 'മുനിയുടെ താടി'

Last Updated : Jul 6, 2024, 6:01 PM IST

ABOUT THE AUTHOR

...view details