പാലക്കാട്:ട്രോളി വിവാദത്തിനു പിന്നാലെ ഉപതെരഞ്ഞെടുപ്പിലെ ചൂടേറിയ വിഷയമായി സ്‌പിരിറ്റ് കടത്തു മാറുന്നു. അതിർത്തി പ്രദേശമായ ചിറ്റൂർ മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി നടന്ന സ്‌പിരിറ്റ് വേട്ടയാണ് പുതിയ ആരോപണങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ശനിയാഴ്‌ച വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലെ തെങ്ങിൻ തോപ്പിൽ സൂക്ഷിച്ച 1326 ലിറ്റർ സ്‌പിരിറ്റ് എക്സൈസ് വകുപ്പ് പിടികൂടിയതോടെയാണ് വിവാദം ആളിപ്പടർന്നത്.
പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് തെങ്ങിൻ തോപ്പ്. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ രീതിയിൽ മദ്യം ഒഴുക്കുകയാണെന്ന് ആരോപിച്ച് എൽഡിഎഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സ്‌പിരിറ്റ് കടത്ത് നടക്കുന്നത് ഭരണകക്ഷി നേതാക്കളുടെ സഹായത്തോടെ ആണെന്നാണ് യുഡിഎഫ് തിരിച്ചടിക്കുന്നത്.