തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം ആലസ്യത്തിലാണ്ടു കിടക്കുന്ന സിപിഎമ്മിനുമേല്‍ ഉഗ്രശേഷിയുള്ള ബോംബായി പതിക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും മലയാള മനോരമയുടെ തിരുവനന്തപുരം മുന്‍ ചീഫ് ഓഫ് ബ്യൂറോയുമായ ജോണ്‍ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് 2014 ല്‍ എല്‍ഡിഎഫ് നടത്തിയ സോളാര്‍ സമരം ഒത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് മധ്യസ്ഥത വഹിക്കാന്‍ കൈരളി ടിവി എംടിയും മാധ്യമ പ്രവര്‍ത്തകനും നിലവിലെ രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ് വിളിച്ചുവെന്ന മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലാണ് സിപിഎമ്മിനെ അനവസരത്തില്‍ വല്ലാതെ ഉലച്ചിരിക്കുന്നത്.
സോളാര്‍ പരാതിക്കാരിക്കുവേണ്ടി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും, ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിലെ ചിലരും ഇടപെട്ടുവെന്ന അന്നത്തെ വിവിധ വെളിപ്പെടുത്തലുകൾ ആയുധമാക്കി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഎമ്മും എല്‍ഡിഎഫും ആരംഭിച്ച സെക്രട്ടേറിയറ്റ് സമരം ലക്ഷ്യം കാണും മുന്‍പെ പൊടുന്നനെ അവസാനിപ്പിച്ചത് രഹസ്യ ഡീലാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. അതിനാണ് ഇപ്പോള്‍ അടിവര വീണിരിക്കുന്നത്. മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ സൃഷ്‌ടിച്ച പ്രകമ്പനം ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും സിപിഎം അണികളും മാധ്യമങ്ങളും കേരളത്തിലെ പൊതു മണ്ഡലവും അന്നത്തെ 'ഡീല്‍' സംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ വെളിപ്പെടുത്തലോ പുറത്തു വിട്ടിട്ടില്ല.
ജോണ്‍ മുണ്ടക്കയത്തിന്‍റെ ആരോപണം തള്ളിയ ജോണ്‍ ബ്രിട്ടാസ്, അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, അന്ന് കോണ്‍ഗ്രസ് വിട്ട് കൈരളി ടിവിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വന്ന ചെറിയാന്‍ ഫിലിപ്പിന്‍റെ ഫോണിലേക്ക് വിളിച്ച് തന്നോട് സംസാരിക്കുകയായിരുന്നു എന്നാണ് മാധ്യമങ്ങളോടു പറഞ്ഞത്. മാത്രമല്ല, മുണ്ടക്കയം തന്നെ വിളിച്ചിട്ടേയില്ലെന്നും ബ്രിട്ടാസ് വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആരംഭിച്ച സമരം പൊടുന്നനെ മുഖ്യമന്ത്രിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യത്തിലേക്ക് മാറിയതെന്തിനെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കിയില്ല. തങ്ങളുടെ സമരത്തിന്‍റെ ഫലമായാണ് ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യവും അതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി ഉള്‍പ്പെടുത്താന്‍ തയ്യാറായതെന്നും ഉള്ള പുതിയ അവകാശവാദം അദ്ദേഹം ഉന്നയിക്കുകയായിരുന്നു.