കേരളം

kerala

പാമ്പുകടി മരണങ്ങള്‍ക്ക് തടയിടാനൊരുങ്ങി വനംവകുപ്പ്; കുടുംബശ്രീക്ക് സ്‌നേക്ക് റെസ്‌ക്യൂ പരിശീലനം നല്‍കും - Snake Rescue Training To Womens

By ETV Bharat Kerala Team

Published : Jul 16, 2024, 8:44 PM IST

സംസ്ഥാനത്ത്‌ ഈ വര്‍ഷം പാമ്പ് കടിയേറ്റ് മരിച്ചത് 6 പേര്‍. കുടുംബശ്രീക്ക് സ്‌നേക്ക് റെസ്‌ക്യൂ പരിശീലനം നല്‍കാനൊരുങ്ങി വനം വകുപ്പ്. സർപ്പ ആപ്പിലൂടെ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പിടികൂടിയത് 41,656 പാമ്പുകള്‍.

FOREST DEPARTMENT WITH NEW PROJECT  SARPA MOBILE APP  ലോക സർപ്പ ദിനം  കുടുംബശ്രീ പാമ്പ് പിടിത്ത പരിശീലനം
Representative Image (ETV Bharat)

തിരുവനന്തപുരം: കേരളത്തിൽ അടുത്തിടെ ഉണ്ടായ മനുഷ്യ - വന്യ ജീവി സംഘർഷങ്ങളിൽ ഏറ്റവും കൂടുതൽ പേര്‍ മരിച്ചത് പാമ്പ് കടിയേറ്റെന്ന് റിപ്പോര്‍ട്ട്. 2019ല്‍ 130 പേരാണ് പാമ്പ് കടിയേറ്റ് മരിച്ചതെന്നാണ് വനം വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2023ല്‍ 40 പേരും 2024ൽ ഇതുവരെ 6 പേരുമാണ് പാമ്പ് കടിയേറ്റ് മരിച്ചത്.

130 ഇനം വ്യത്യസ്‌തയിനം പാമ്പുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ 10 എണ്ണം മാത്രമാണ് വിഷമുള്ളവ. വിഷമുള്ള പാമ്പുകളിൽ 6 എണ്ണം കരയിലും 4 എണ്ണം വെള്ളത്തിലും കാണപ്പെടുന്നവയാണ്. എന്നാൽ പാമ്പിനെ കണ്ടെന്ന് കേട്ടാൽ ഉടൻ വടിയെടുക്കുന്ന മലയാളികൾ പലപ്പോഴും വിഷമില്ലാത്ത പാമ്പുകളെ നിഷ്‌കരുണം തല്ലികൊല്ലുന്ന കാഴ്‌ച നാട്ടിൽ പുതുമയല്ല.

ഇതിന് പരിഹാരം കാണാനായി ലോക സർപ്പ ദിനത്തില്‍ കൂടുതൽ പാമ്പ് പിടിത്ത പരിശീലനം നൽകാൻ ഒരുങ്ങുകയാണ്‌ വനം വകുപ്പ്. 4500 പേർക്കാണ് ഇതുവരെ വനം വകുപ്പ് പാമ്പ് പിടിത്തത്തിന് പരിശീലനം നൽകിയിട്ടുള്ളത്. ആവാസ വ്യവസ്ഥയെ നിലനിർത്താൻ പാമ്പുകളുടെ സാന്നിധ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്ന് അഡിഷണൽ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.പി പുകഴേന്തി പറഞ്ഞു. ലോക സർപ്പ ദിനത്തിന്‍റെ പ്രാധാന്യവും അതാണെന്ന് അദ്ദേഹം പറയുന്നു.

സംസ്ഥാനത്ത് 281 പഞ്ചായത്തുകളാണ് വനത്തോട് ചേർന്ന് കിടക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു പാമ്പുകളുടെ സംരക്ഷണം ലക്ഷ്യമിട്ട് വനം-വന്യ ജീവി വകുപ്പ് സർപ്പ മൊബൈൽ ആപ്പ് പുറത്തിറക്കുന്നത്. ഇതുവരെ 41,656 പാമ്പുകളെ സർപ്പ ആപ്പിൽ നിന്നും ലഭിച്ച നിർദേശ പ്രകാരം പിടികൂടിയിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.

വൻ സ്വീകാര്യത നേടിയ ഈ പദ്ധതിയിൽ കുടുംബശ്രീയെ കൂടി ഭാഗമാക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർക്കാകും പാമ്പ് പിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം നൽകുക. പരിശീലനം പൂർത്തിയായാൽ വനം വകുപ്പിന്‍റെ അംഗീകൃത ലൈസൻസും നൽകും.

വിഷമുള്ള പാമ്പുകൾ:

മൂർഖൻ, വെള്ളിക്കെട്ടൻ (ശംഖ്‌വരയൻ), ചേന തണ്ടൻ, ചുരുട്ട മണ്ഡലി, മുഴമൂക്കൻ കുഴി മണ്ഡലി (ചുരട്ട), രാജവെമ്പാല.

ALSO READ:3 വർഷം കൊണ്ട് നേടിയത് 5 കോടി: പാമ്പ് വിഷം ഉപജീവനമാർഗമാകുന്ന ആദിവാസി സമൂഹത്തെ അറിയാം...

ABOUT THE AUTHOR

...view details