കൊടും വേനലില്‍ രാജവെമ്പാലകള്‍ കാടിറങ്ങുന്നു ; റസ്‌ക്യൂ സ്‌പെഷലിസ്റ്റുകള്‍ തിരക്കിലാണ് കണ്ണൂര്‍ : കൊടും വേനലില്‍ വനമേഖലയിലുള്ള ചൂടും ഈര്‍പ്പത്തിന്‍റെ അഭാവവും കാരണം കൂട്ടത്തോടെ രാജവെമ്പാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങിവരുന്നു. രാജ്യത്തെ വിഷപ്പാമ്പുകളില്‍ ഏറ്റവും വിഷമുള്ളതും നീളം കൂടിയതുമായ പാമ്പുകളാണ് രാജവെമ്പാല. നാഗാരാധനക്കാര്‍ കരിനാഗമെന്നും കരിനാടയെന്നും സര്‍പ്പമെന്നുമൊക്കെ വിശേഷിപ്പിക്കുന്നത് രാജവെമ്പാലയെയാണ്.
പാമ്പുകളുടെ രാജാവ് എന്ന പദവി കൂടി രാജവെമ്പാലക്ക് കല്‍പ്പിച്ചു നല്‍കിയിട്ടുണ്ട്. ഹിമാലയ താഴ്വര കഴിഞ്ഞാല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ രാജവെമ്പാലയുള്ളത് കര്‍ണാടകയിലെ ആഗുമ്പ വനമേഖലയിലാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണ് രാജവെമ്പാലക്ക് പഥ്യം. മഴക്കാടുകളും ഇലപൊഴിയും കാടുകളും ഈര്‍പ്പമുളള വനങ്ങളുമാണ് രാജവെമ്പാലയുടെ ആവാസ കേന്ദ്രം. കൊടും ചൂടില്‍ പശ്ചിമഘട്ടത്തിന് താഴെയുളള ഗ്രാമങ്ങളിലേക്ക് ഈര്‍പ്പം തേടി അടുത്ത ദിവസങ്ങളിലായി കടന്നു വന്നത് ഒരു ഡസനോളം രാജവെമ്പാലകളാണ്.
ഇവയെ എല്ലാം സുരക്ഷിതമായി പിടികൂടി ഉള്‍വനങ്ങളിലേക്ക് തിരിച്ചിറക്കുകയാണ് വനംവകുപ്പിന്‍റെ അംഗീകാരമുളള റസ്‌ക്യൂ സ്‌പെഷലിസ്റ്റുകള്‍. ആറളം, കൊട്ടിയൂര്‍, ആലക്കോട്, കേളകം എന്നിവിടങ്ങളില്‍ നിന്നാണ് രാജവെമ്പാലകളെ ജനവാസ കേന്ദ്രങ്ങളില്‍ നിന്നും കണ്ടെത്തി തിരിച്ച് ഉള്‍വനങ്ങളിലേക്ക് അയച്ചത്. ഫൈസല്‍ വിളക്കോട്, മനു ഉദയഗിരി തുടങ്ങിയ റസ്‌ക്യൂ സ്‌പെഷലിസ്റ്റുകളാണ് രാജവെമ്പാലകളെ സുരക്ഷിതമായി ഉള്‍വനത്തിലേക്ക് എത്തിക്കുന്നത്.
ചൂട് കൂടിയതിനാല്‍ അരുവികളും ഈര്‍പ്പമുളള പ്രദേശങ്ങളും തേടിയാണ് വീട്ടുപറമ്പുകളിലേക്ക് എത്തുന്നത്. നനയുളള തെങ്ങ്, വാഴ തുടങ്ങിയ കൃഷിയിടങ്ങളില്‍ രാജവെമ്പാലകള്‍ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ എത്തിച്ചേരുകയാണ്. ഇരകളെയും ഇണകളെയും തേടിയുള്ള ഇത്തരം യാത്രക്കിടയിലാണ് ഇവ ജനവാസ കേന്ദ്രങ്ങളിലെത്തിച്ചേരുന്നത്. മൂര്‍ഖന്‍, ചേര എന്നിവ ഉള്‍പ്പെടെയുളള പാമ്പുകളും സസ്‌തനികളും പക്ഷികളുമൊക്കെയാണ് രാജവെമ്പാലയുടെ ഇരകള്‍.
ഇണപ്പാമ്പുകള്‍ ഒന്നു ചേര്‍ന്ന് കൂടു നിര്‍മ്മിക്കുകയും മുട്ടകള്‍ക്ക് പെണ്‍ പാമ്പുകള്‍ക്ക് അടയിരിക്കുകയും ചെയ്യുകയാണ് ഇവയുടെ രീതി. എന്നാല്‍ ആണ്‍പാമ്പുകള്‍ സമീപ പ്രദേശത്ത് സുരക്ഷിതമൊരുക്കി നിലയുറപ്പിക്കും. മുട്ടവിരിഞ്ഞ് ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് മുക്കാല്‍ മീറ്റര്‍ നീളമുണ്ടാകും. എട്ടടി മുതല്‍ പതിനഞ്ച് അടിവരെയാണ് പൂര്‍ണ വളര്‍ച്ചയുള്ള രാജവെമ്പാലയുടെ നീളം.
ഒരു ദംശനത്തില്‍ ആനയെപ്പോലും കൊല്ലാന്‍ കഴിവുള്ളതാണ് രാജവെമ്പാല. ദംശിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വിഷം കുത്തിവയ്‌ക്കുന്നത് കൊണ്ടാണ് അപകടം സംഭവിക്കുന്നത്. രാപ്പകല്‍ ഭേദമന്യേ ഇവ സഞ്ചരിക്കുമെങ്കിലും ഇരതേടിയും ഇണതേടിയുമാണ് പൊതുവെ പുറത്തിറങ്ങുന്നത്. അല്ലാതെ അലഞ്ഞു തിരിയുന്ന സ്വഭാവം പാമ്പുകള്‍ക്കില്ല.
ജനവാസ കേന്ദ്രങ്ങളില്‍ പാമ്പിനെ കണ്ടാല്‍ ആദ്യം സുരക്ഷിതമായി മാറി നില്‍ക്കുകയാണ് വേണ്ടതെന്ന് റസ്‌ക്യൂ സ്‌പെഷലിസ്റ്റ് റെഗിനേഷ് മുണ്ടേരി പറയുന്നു. അല്ലാതെ വടിയെടുത്ത് പ്രതിരോധിക്കുക എന്ന ശീലം പാടില്ല. വനംവകുപ്പിനെ വിവരമറിയിച്ചാല്‍ അവര്‍ വളണ്ടിയര്‍മാരെ അയച്ച് പാമ്പിനെ സുരക്ഷിതമായി കാട്ടിലേക്ക് തിരിച്ചു വിടും. പാമ്പുകളെ കാണുന്ന മാത്രയില്‍ അതിരു വിട്ടുള്ള പ്രകടനങ്ങള്‍ അരുതെന്നും റെഗിനേഷ് പറയുന്നു.