കോട്ടയം:ആകാശപാതയ്‌ക്കെതിരെ ആരോപണം ഉന്നയിക്കുന്നത് സിപിഎമ്മിന്‍റെ രാഷ്ട്രീയ പാപ്പരത്വമെന്ന് കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റി. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ കോട്ടയത്തിന് നൽകിയ വികസന കുതിപ്പിൽ അസൂയ പൂണ്ടാണ് സിപിഎം അടിസ്ഥാന വിരുദ്ധ ആരോപണം ഉന്നയിക്കുന്നതെന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ആരോപിച്ചു. ആകാശപാതയ്‌ക്കെതിരെയുള്ള സിപിഎം ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് കോൺഗ്രസ് ജില്ല നേതൃത്വം മറുപടിയുമായി രംഗത്തെത്തിയത്.
വികസന പ്രവർത്തനങ്ങളിലൂടെ ജനമനസിൽ തിരുവഞ്ചൂരിന് കിട്ടിയ അംഗീകാരം സിപിഎം ഭയപ്പെടുന്നതാണ് ആരോപണത്തിന് പിന്നിലുള്ള കാരണമെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് ആരോപിച്ചു. ഓരോ തെരഞ്ഞെടുപ്പിലും തിരുവഞ്ചൂരിന് വർധിച്ചുവരുന്ന ഭൂരിപക്ഷത്തിൽ സിപിഎം വിറളി പൂണ്ടിരിക്കുകയാണ്. അതിനാലാണ് അദ്ദേഹം കൊണ്ടു വന്ന വികസന പദ്ധതികളെല്ലാം സിപിഎം തടസപ്പെടുത്തിയതെന്നും സുരേഷ് പറഞ്ഞു. തിരുവഞ്ചൂരിനെതിരെ മത്സരിച്ച് പരാജയപ്പെട്ട വ്യക്തികളാണ് ആരോപണത്തിന് പിന്നിലുള്ളത്. ഇത് രാഷ്ട്രീയ പാപ്പരത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിമര്‍ശിച്ച് പിഎ സലിം:ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിന് തിരുവഞ്ചൂരിനോടുള്ള വ്യക്തിപരമായ വിരോധമാണ് ആകാശപാതയ്‌ക്കെതിരെ നീങ്ങാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന് കെപിസിസി ജനറൽ സെക്രട്ടറി പിഎ സലിമും ആരോപിച്ചു. സരിത വിഷയത്തിൽ ഉണ്ടായ കേസുമായി കോൺഗ്രസ് മുന്നോട്ട് പോകുന്നത് ഗണേഷിന് പിണക്കത്തിന് ഇടയാക്കിയെന്നും അദ്ദേഹം പറഞ്ഞു.