കേരളം

kerala

ETV Bharat / state

വത്തിക്കാൻ ലോക മതപാർലമെന്‍റിന് തുടക്കമായി; സമ്മേളനത്തിൽ പങ്കെടുക്കുക വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ - WORLD INTERFAITH CONFERENCE VATICAN

ശിവഗിരി മഠം സംഘടിപ്പിക്കുന്ന ലോക മതപാർലമെന്‍റിന് തുടക്കമായി. സമ്മേളനത്തിൽ ഫ്രാൻസിസ് മാർപാപ്പ നാളെ അനുഗ്രഹപ്രഭാഷണം നടത്തും. മതങ്ങളുടെ ഏകതയും സൗഹാർദവും സമത്വവും പ്രചരിപ്പിക്കുക മുഖ്യലക്ഷ്യം.

വത്തിക്കാൻ ലോക മതപാർലമെന്‍റ്  ശിവഗിരി മഠം  3 DAY WORLD INTERFAITH CONFERENCE  LATEST NEWS IN MALAYALAM
Francis Marpappa, Sivagiri (ETV Bharat)

By ETV Bharat Kerala Team

Published : Nov 29, 2024, 9:59 PM IST

ശിവഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സർവമതസമ്മേളനത്തിന് ഇന്ന് (നവംബർ 29) തുടക്കമായി. ശ്രീനാരായണഗുരു ആലുവയിൽ 100 വർഷം മുമ്പ് സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്‍റെ ശതാബ്‌ദിയോടനുബന്ധിച്ചാണ് പരിപാടി. സർവമത സമ്മേളനത്തിനും ലോക മതപാർലമെന്‍റിനും ഇന്ന് വൈകിട്ട് 7ന് സ്നേഹ സംഗമത്തോടെയാണ് തുടക്കമായത്. മതസൗഹാർദം പ്രചരിപ്പിക്കുകയെന്നതാണ് സമ്മേളനത്തിന്‍റെ മുഖ്യലക്ഷ്യം.

നവംബർ 29, 30, ഡിസംബർ ഒന്ന് തീയതികളിലാണ് ലോക മതപാർലമെന്‍റ് നടക്കുന്നത്. മഹാസമ്മേളനത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ നാളെ (നവംബർ 30) അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 100 പ്രതിനിധികളും ഇന്ത്യയിൽ നിന്നടക്കമുള്ള ജനപ്രതിനിധികളും സന്യാസിമാരും സമ്മേളനത്തിൽ പങ്കെടുക്കും.

സച്ചിദാനന്ദ സ്വാമി, മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, മുൻ ട്രഷറർ സ്വാമി വിശാലാനന്ദ, ഗുരുധർമ്മപ്രചരണ സഭാസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർഥ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, സ്വാമിനി ആര്യനന്ദാദേവി എന്നിവരാണ് ശിവഗിരി മഠത്തെ പ്രധിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ ‘സർവ്വമതസമ്മേളനം’ എന്ന ഗ്രന്ഥത്തിന്‍റെ ഇറ്റാലിയൻ പരിഭാഷ, ‘ഗുരുവും ലോകസമാധാനവും’ എന്ന പുസ്‌തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ എന്നിവ പ്രകാശനം ചെയ്യും.

സമ്മേളനത്തിന്‍റെ ആദ്യ ദിവസമായ ഇന്ന് മതസമന്വയവും മതസൗഹാർദവും മുഖ്യഘടകമായി സ്‌നേഹസംഗമവുമാണ് നടന്നത്. ഹൈന്ദവ, ക്രൈസ്‌തവ, ഇസ്‌ലാം, ബുദ്ധ, സിഖ്, യഹൂദ മതങ്ങളിലെ പുരോഹിതന്മാരും ശിവഗിരി മഠത്തിലെ സന്ന്യാസിശ്രേഷ്‌ഠരും അതിൽ പങ്കെടുത്തു. 30ന് ലോക മതപാർലമെന്‍റിനെ ഫ്രാൻസിസ് മാർപാപ്പ അനുഗ്രഹപ്രഭാഷണം നൽകി ആശീർവദിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഗുരുദേവൻ രചിച്ച ദൈവദശകം പ്രാർഥന ഇറ്റാലിയൻ ഭാഷയിൽ ആലാപനം ചെയ്‌താണ് സമ്മേളനം ആരംഭിക്കുക. ശിവഗിരിമഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുടെ അധ്യക്ഷതയിൽ കർദിനാൾ മിഖ്വേൽ ആംഗൽ അയുസോ ക്വിസോട്ട ഉദ്ഘാടനം ചെയ്യും.

പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, കർണാടക സ്‌പീക്കർ യുടി ഖാദർ, ഫാ. ഡേവിഡ് ചിറമേൽ, രഞ്ജിത്‌സിങ്‌ പഞ്ചാബ്, ഡോ. എവി അനൂപ്, കെ മുരളീധരൻ (മുരളിയ), ഡോ. സികെ രവി (ചെന്നൈ), ഗോപുനന്തിലത്ത്, മണപ്പുറം നന്ദകുമാർ, ഫൈസൽഖാൻ തുടങ്ങിയവരും സമ്മേളനത്തിൽ പ്രസംഗിക്കും. റോമിലെ ജോർജിയൻ യൂണിവേഴ്‌സിറ്റി ഇന്‍റർഫെയ്‌സ് ഡയലോഗിന്‍റെ അധ്യക്ഷൻ ഫാ. മിഥിൻ ജെ ഫ്രാൻസിസാണ് ചടങ്ങിന്‍റെ മോഡറേറ്റർ.

ഡിസംബർ ഒന്നിനുള്ള സമ്മേളനത്തിൽ ഇറ്റലിയിലെ ജനപ്രതിനിധികളും പങ്കെടുക്കും. ഇന്ത്യയ്ക്ക് പുറമേ ഇറ്റലി, ബഹ്‌റൈൻ, ഇന്തോനേഷ്യ, അയർലൻഡ്‌, ദുബായ്, അബുദാബി, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങി 15ൽപരം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വത്തിക്കാൻ സമ്മേളനത്തിൽ എത്തിച്ചേരും. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, സജീവ് ജോസഫ്, ടിജെ സനീഷ് കുമാർ, പിവി ശ്രീനിജൻ, ഇരുദയാദാസ് എന്നിവരും സമ്മേളനത്തിന്‍റെ ഭാഗമാകും.

അതേസമയം സമ്മേളനത്തിൽ പങ്കെടുക്കുന്ന സാദിഖലി ശിഹാബ് തങ്ങൾക്ക് മുസ്‍ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ആശംസകൾ നേർന്നു. ലോക ശ്രദ്ധയാകർഷിക്കുന്ന സാഹോദര്യ സംഗമത്തിൽ പങ്കെടുക്കുന്ന പ്രിയപ്പെട്ട തങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു എന്നായിരുന്നു ഫേസ്ബുക്കിലൂടെ കുഞ്ഞാലിക്കുട്ടി കുറിച്ചത്.

Also Read:ഹമാസ് ആക്രമണത്തിന് ഒരാണ്ട്; ഒക്‌ടോബര്‍ ഏഴിന് പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്‌ത് മാർപ്പാപ്പ

ABOUT THE AUTHOR

...view details