തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് പദയാത്ര നടത്താനൊരുങ്ങി ശിവഗിരി മഠം. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് ദര്‍ശനം നടത്താന്‍ അനുമതി നല്‍കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പദയാത്ര. ജനുവരി 17 ന് ആചാര പരിഷ്‌കരണ പദയാത്ര നടത്താനാണ് തീരുമാനമെന്ന് മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന്‍റെ പോഷക സംഘടനയായ ഗുരുധര്‍മ പ്രചാരണ സഭയുടെ ആഭിമുഖ്യത്തിലാകും പദയാത്ര.
ഗുരുദേവ പാരമ്പര്യം പിന്തുടരുന്ന ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ മേൽവസ്‌ത്രം ധരിച്ചുള്ള ദർശനം പരിഷ്‌കാരം നടപ്പാക്കുന്നതിന് ശിവഗിരി മഠം ഇതിനകം തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മഹാ ക്ഷേത്രങ്ങളിലും പരിഷ്‌കരണം സാധ്യമാക്കണമെന്നാണ് ശിവഗിരി മഠത്തിന്‍റെ ആവശ്യം. ഗുരുദേവ പാരമ്പര്യം പിന്തുടരുന്ന മഹാ ക്ഷേത്രമായ ചെറായി ഗൗരീശ്വര ക്ഷേത്രം, കോട്ടയത്തെ കുമാരമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കോഴിക്കോട്ടെ ശ്രീകണ്‌ഠേശ്വര ക്ഷേത്രം എന്നിവിടങ്ങളിലും പരിഷ്‌കരണം വേണമെന്നാണ് ആവശ്യം.
ഷര്‍ട്ട് ധരിക്കാനുള്ള അവകാശത്തിന് പുറമേ, ദേവസ്വം ബോര്‍ഡ് സവര്‍ണ ജനതയുടെ അധികാര കുത്തകയാക്കാതെ എല്ലാ സമുദായങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കുക, സംവരണം ഏര്‍പ്പാടാക്കുക, ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള ദേവസ്വം ക്ഷേത്രങ്ങളില്‍ ജാതിഭേദമില്ലാതെ പൂജാ കര്‍മങ്ങള്‍ നടത്താനുള്ള അവകാശം നൽകുക എന്നീ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് പദയാത്ര.
ക്ഷേത്രങ്ങളിലെ ആചാര പരിഷ്‌കരണത്തിന് സര്‍ക്കാര്‍ ഉറച്ച നടപടികളെടുക്കണമെന്ന് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു
"ദേവസ്വം ബോര്‍ഡ് സവര്‍ണ ജനതയുടെ അധികാര കുത്തകയാവാതെ എല്ലാ സമുദായങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്തണം. ഗുരുവായൂരും ശബരിമലയിലും അടക്കം ജാതി കണക്കിലെടുക്കാതെ എല്ലാവര്‍ക്കും പൂജാദി കര്‍മ്മങ്ങള്‍ ചെയ്യാന്‍ അവസരം നല്‍കണം. വ്യാസന്‍, വസിഷ്‌ഠന്‍, വാല്‍മീകി, ശങ്കരാചാര്യര്‍ എന്നിവര്‍ക്കൊപ്പം ഉത്കൃഷ്‌ട രചനകള്‍ നടത്തിയ ശ്രീനാരായണ ഗുരുവിന്‍റെ കൃതികള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ലഭ്യമാക്കണം. ദൈവ ദശകം പോലുള്ളവ ചൊല്ലാന്‍ അനുവാദം നല്‍കണം. മത പാഠശാലകളില്‍ ഗുരു ദേവ കൃതികള്‍ പഠിപ്പിക്കണം. ഈ ആവശ്യങ്ങളൊക്കെ ഉന്നയിച്ചാണ് ആചാര പരിഷ്‌കരണ യാത്ര." -സ്വാമി സച്ചിദാനന്ദ പറഞ്ഞു.
17 ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ശ്രീനാരായണ ഗുരു പാർക്കിൽ നിന്ന് തുടങ്ങുന്ന പദയാത്ര തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുന്നിൽ അവസാനിക്കും. ശിവഗിരി മഠത്തിലെ സന്യാസിമാരുടെ നേതൃത്വത്തിലാകും പദയാത്ര.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡിസംബര്‍ 15 മുതല്‍ ജനുവരി 5 വരെ നടത്തിയ ശിവഗിരി തീര്‍ഥാടന സമ്മേളനത്തിനിടെയാണ് ആചാര പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നത്. ഡിസംബര്‍ 31 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്‌തത്. പ്രസംഗത്തിൽ ക്ഷേത്രങ്ങളിൽ ഷർട്ട് അഴിച്ച ശേഷം മാത്രമേ ദർശനം നടത്താൻ പാടുള്ളൂ എന്ന നിലപാടിൽ മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ് വിവാദമായത്.