കേരളം

kerala

ETV Bharat / state

സിദ്ധാര്‍ഥിന്‍റെ മരണം : എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് കെ അരുണ്‍ കീഴടങ്ങി, ഡിവൈഎസ്‌പിക്ക് മുന്നിലായിരുന്നു കീഴടങ്ങല്‍ - സിദ്ധാര്‍ഥിന്‍റെ മരണം

പ്രതിപ്പട്ടിക വലുതാകുമെന്ന് പൊലീസ്. കുറ്റവാളികള്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമെന്നും ഉദ്യോഗസ്ഥര്‍. നേരത്തെ മുഖ്യ പ്രതി അഖിലിനെ പൊലീസ് പിടികൂടിയിരുന്നു.

Sidharth's Death : Investigation Will be Intensified, Says Kalpatta DYSP
Sidharth's Death : Investigation Will be Intensified, Says Kalpatta DYSP

By ETV Bharat Kerala Team

Published : Feb 29, 2024, 3:36 PM IST

Updated : Mar 1, 2024, 12:07 AM IST

കല്‍പ്പറ്റ :പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ക്രൂരമായ റാഗിങ്ങിന് പിന്നാലെ സിദ്ധാര്‍ഥ് എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിൽ.രാഷ്ട്രീയ ബന്ധമുള്ള മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാൻ മടിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ഏറ്റവുമൊടുവിൽ കേസില്‍ ഒളിവിലായിരുന്ന എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് കെ അരുണ്‍ കീഴടങ്ങിയത്.ഡിവൈഎസ്‌പിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു . കേസുമായി ബന്ധപ്പെട്ട് അഖില്‍ എന്ന വിദ്യാര്‍ഥിയെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഒളിവിലായിരുന്ന പ്രതി പാലക്കാട് നിന്നാണ് അന്വേഷണ സംഘത്തിന്‍റെ വലയിലായത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്നാണ് വിവരമെന്നും വിശദമായി ചോദ്യം ചെയ്‌തുവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കല്‍പ്പറ്റ ഡിവൈഎസ്‍പി ടിഎന്‍ സജീവൻ പറഞ്ഞു.

സിദ്ധാര്‍ഥിന്‍റെ മരണം : അന്വേഷണം ഊർജിതമാക്കുമെന്ന് കൽപ്പറ്റ ഡിവൈഎസ്‌പി

ആദ്യം പ്രതി ചേര്‍ത്ത 12 പേരില്‍ ഒരാളാണ് അഖില്‍. മറ്റ് പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഉള്‍പ്പടെ ഇറക്കുന്ന കാര്യം പരിഗണിക്കും. വിശദമായ ചോദ്യം ചെയ്യലിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്നും ഡിവൈഎസ്‌പി പറഞ്ഞു. ഇതിനിടെ സിദ്ധാര്‍ഥിന്‍റെ മരണത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി അച്ഛൻ ജയപ്രകാശ് രംഗത്തെത്തി.

പ്രധാന പ്രതികളെ പാർട്ടി സംരക്ഷിക്കുകയാണെന്ന് സിദ്ധാര്‍ഥിന്‍റെ അച്ഛൻ ജയപ്രകാശ് ആരോപിച്ചു. പിടികൂടിയ ആറ് പേരിൽ പ്രധാന പ്രതികൾ ഇല്ല. കൊളജിൽ നിന്നും 12 പേരെ സസ്പെൻഡ് ചെയ്‌തിരുന്നു. ഇതിൽ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല. സീനിയേഴ്‌സായ എസ്എഫ്ഐക്കാർ ലഹരി ഉപയോഗിക്കുമെന്ന് മകൻ പറഞ്ഞിരുന്നു. മരണ ശേഷം മകന്‍റെ സുഹൃത്തുകളും ഇക്കാര്യം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട 12പേരും എസ്എഫ് ഐക്കാരാണ്. അറസ്റ്റ് ചെയ്‌ത പ്രതികളിൽ മുഖ്യപ്രതികളില്ല. മുഖ്യപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തത് പാർട്ടി സമ്മർദ്ദം കാരണമാണെന്നും അദ്ദേഹം ആരോപിച്ചു.

അറസ്റ്റിലായവരിലുള്ള ഇടുക്കി സ്വദേശി എസ് അഭിഷേക് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയാണ്.അറസ്റ്റിലായ തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് ആണ് സിദ്ധാര്‍ഥിനെ വിളിച്ചുവരുത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. രഹൻ സിദ്ധാര്‍ഥിന്‍റെ സഹപാഠിയാണ്. രഹന്‍റെ വാക്ക് വിശ്വസിച്ചാണ് സിദ്ധാര്‍ഥ് ക്യാമ്പസിലേക്ക് വന്നത്. 16ന് വൈകിട്ടാണ് സിദ്ധാര്‍ഥ് ഹോസ്റ്റലിലെത്തിയത്. അന്ന് തന്നെ പ്രതികള്‍ സിദ്ധാര്‍ഥിനെ ക്രൂരമായി മര്‍ദിച്ചു. മൂന്ന് മണിക്കൂറിലധികം തുടര്‍ച്ചയായി ക്രൂരമായി മര്‍ദിച്ചുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്നലെ രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8 പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. വിശദമായ ചോദ്യം ചെയ്യലിൽ പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങളും പൊലീസ് പുറത്തുവിട്ടു. ആൾക്കൂട്ട വിചാരണയിലടക്കം പങ്കെടുത്തിരുന്നവരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന ആറുപേരുമെന്ന് പൊലീസ് പറഞ്ഞു.

ഈ ആറുപേരും സിദ്ധാർഥിനെ മർദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ ആറ് പ്രതികൾക്ക് എതിരെയും ആത്മഹത്യ പ്രേരണ, റാഗിംഗ് നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തിയതായും പൊലീസ് പറഞ്ഞു.
(1) ബിൽഗേറ്റ് ജോഷ്വ (സുൽത്താൻബത്തേരി) (2) അഭിഷേക് എസ് (ഇടുക്കി) (3) ആകാശ് എസ് ഡി കൊഞ്ചിറവിള (തിരുവനന്തപുരം) (4) ഡോൺസ് ഡായി (തൊഴുപുഴ) (5)രഹൻ ബിനോയ് തിരുവനന്തപുരം (6) ശ്രീഹരി ആർ ഡി (തിരുവനന്തപുരം) എന്നിവരാണ് ഇന്നലെ അറസ്റ്റിലായവർ.

അതേസമയം സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിപ്പട്ടിക വലുതാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക, അത് ഇനിയും നീളുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കോളജിനകത്തുവച്ച് സിദ്ധാര്‍ഥിനെ മർദ്ദിച്ച സംഭവത്തിൽ 18 പ്രതികൾ ഉണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

ഇതിൽ 6 പേരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. എസ് എഫ് ഐ നേതാക്കളടക്കം ഇപ്പോഴും ഒളിവിലാണ്. സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുദിവസം വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

Also read : സിദ്ധാര്‍ഥന്‍ നേരിട്ടത് കൊടിയ പീഡനം, ഭക്ഷണം പോലും കൊടുത്തില്ല; മരണം ആൾക്കൂട്ട വിചാരണക്ക് പിന്നാലെയെന്ന് പൊലീസ്

സിദ്ധാര്‍ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും വസ്‌തു കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണവുമുണ്ട്. പതിനെട്ടാം തിയതി ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാര്‍ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Last Updated : Mar 1, 2024, 12:07 AM IST

ABOUT THE AUTHOR

...view details