കേരളം

kerala

ETV Bharat / state

രാജിവച്ചില്ലെങ്കില്‍ പുറത്താക്കുമെന്ന് ഗവര്‍ണര്‍ ; ഒടുവില്‍ മൊഴിമുട്ടി വെറ്ററിനറി സര്‍വകലാശാല വിസിയുടെ രാജി - SIDHARTH DEATH CASE - SIDHARTH DEATH CASE

സസ്‌പെന്‍ഷന്‍ നിലനിര്‍ത്തി വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള സൗകര്യമാണ് ചെയ്‌തിരുന്നതെങ്കില്‍ പോലും ഇത്രയും കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ പോകില്ലായിരുന്നുവെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

SIDHARTHS DEATH  KERALA VETERINARY UNIVERSITY  POOKODE VETERINARY COLLEGE  GOVERNOR
Kerala veterinary university VC quits after Governor cancels contentious order

By ETV Bharat Kerala Team

Published : Mar 26, 2024, 2:08 PM IST

തിരുവനന്തപുരം :പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന ജെ.എസ്. സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് ആന്‍റി റാഗിംഗ് സമിതി കുറ്റക്കാരെന്ന് കണ്ടെത്തിയ 33 വിദ്യാര്‍ഥികളെ ധൃതി പിടിച്ച് കുറ്റമുക്തമാക്കിയ നടപടിക്കുപിന്നാലെ വൈസ് ചാന്‍സലര്‍ക്ക് കസേര പോയത് ഗവര്‍ണറുടെ കര്‍ശന ഇടപെടല്‍ മൂലം (Sidharth Death Case).

സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി സംബന്ധിച്ച വിവരം പുറത്തുവന്ന ഉടന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടുത്ത നിലപാടെടുത്തതോടെ വെറ്ററിനറി സര്‍വകലാശാല വിസിക്ക് പിടിച്ചുനില്‍ക്കാന്‍ മറ്റ് വഴികളുണ്ടായില്ല. പിന്നാലെ വൈസ് ചാന്‍സലര്‍ ഡോ പി.സി. ശശീന്ദ്രന്‍ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു.

പ്രതികള്‍ക്ക് സഹായകമാകുന്ന തരത്തില്‍ ധൃതി പിടിച്ച് വിസി എടുത്ത തീരുമാനം ഗവര്‍ണറെ ചൊടിപ്പിച്ചിരുന്നു. ഉടനടി ഫോണില്‍ വിളിച്ച് വിശദീകരണം ആവശ്യപ്പെട്ട ഗവര്‍ണര്‍ പുറത്താക്കണോ സ്വയം രാജിവയ്ക്കുന്നുണ്ടോ എന്ന് വിസിയോട് ആരായുകയായിരുന്നു.

പുറത്താക്കുമെന്ന് ഉറപ്പായതോടെയാണ് വൈസ് ചാന്‍സലര്‍ ഡോ പി.സി. ശശീന്ദ്രന്‍ രാജിവച്ചൊഴിഞ്ഞത്. സിദ്ധാര്‍ഥിന്‍റെ ആള്‍ക്കൂട്ട വിചാരണയില്‍ നേരിട്ട് പങ്കെടുക്കുകയോ വിവരങ്ങള്‍ മറച്ചുവയ്ക്കുകയോ ചെയ്‌തതായി ആന്‍റി റാഗിംഗ് സമിതി കണ്ടെത്തിയ 31 പേരെ കോളജില്‍ നിന്ന് പുറത്താക്കുകയും, ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 90 പേരെ 7 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തിരുന്നു (Sidharth Death Case).

എന്നാല്‍ സസ്‌പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ 2 പേരുള്‍പ്പടെ 33 വിദ്യാര്‍ഥികളെ നടപടിക്രമങ്ങളൊന്നും പാലിക്കാതെ വിസി തിരിച്ചെടുക്കുകയായിരുന്നു. നടപടി നേരിട്ട ബഹുഭൂരിപക്ഷത്തിനും സംഭവവുമായി നേരിട്ട് ബന്ധമില്ലെങ്കിലും കുറച്ചുപേര്‍ക്ക് മാത്രമായി ശിക്ഷ ഇളവുനല്‍കിയതില്‍ രാഷ്ട്രീയ സ്വാധീനവും സ്വജന പക്ഷപാതവും ഉണ്ടായെന്നാണ് ആരോപണം.

സര്‍വകലാശാല ലോ ഓഫീസറുടെ നിയമോപദേശം ലഭിച്ച ശേഷമേ ആന്‍റി റാഗിംഗ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ എന്ന വ്യവസ്ഥയും ഇക്കാര്യത്തില്‍ വിസി പാലിച്ചില്ല. പകരം വിസിക്ക് കിട്ടിയ അപ്പീല്‍ ലോ ഓഫീസര്‍ക്ക് നല്‍കാതെ സര്‍വകലാശാല ലീഗല്‍ സെല്ലില്‍ തന്നെ തീര്‍പ്പാക്കുകയായിരുന്നു.

ആന്‍റി റാഗിംഗ് കമ്മിറ്റി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് ധൃതിപിടിച്ച് സര്‍വകലാശാല നല്‍കിയ ശിക്ഷ ഇളവ് സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ക്ക് സഹായകമാകുന്നതാണെന്ന നിയമോപദേശവും ഗവര്‍ണര്‍ക്ക് ലഭിച്ചു (Sidharth Death Case).

ഇതോടെയാണ് കടുത്ത നടപടിയിലേക്ക് കടക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ബന്ധിതനായത്. സസ്‌പെന്‍ഷന്‍ നിലനിര്‍ത്തി വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിനുള്ള സൗകര്യമാണ് ചെയ്‌തിരുന്നതെങ്കില്‍ പോലും ഇത്രയും കടുത്ത നിലപാടിലേക്ക് ഗവര്‍ണര്‍ പോകില്ലായിരുന്നുവെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പറഞ്ഞു.

വിസിയുടെ ഉത്തരവ് റദ്ദാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതോടെ 14 ന് ഇറക്കിയ വിവാദ ഉത്തരവ് സര്‍വകലാശാല റദ്ദാക്കുകയും വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ പുനസ്ഥാപിച്ച് ഉത്തരവ് ഇറക്കുകയുമായിരുന്നു. അതേസമയം കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിലെ പുതിയ വിസിയെ ഇന്ന് നിയമിക്കും. വിസിയായിരുന്ന ഡോ പി.സി. ശശീന്ദ്രന്‍റെ രാജി ഗവര്‍ണര്‍ സ്വീകരിച്ചതോടെയാണ് പകരം ആൾക്ക് ചുമതല നൽകുന്നത്.

ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ഥിനെ ക്യാമ്പസിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ഥിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.

സിദ്ധാര്‍ഥ് ക്രൂരമായി മര്‍ദിക്കപ്പെട്ടുവെന്നും, റാഗിങ്ങിന് ഇരയാകുകയായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തുകയും 18 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. സിദ്ധാര്‍ഥ് കോളജില്‍ ഭീകരമായ മര്‍ദനം നേരിട്ടിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്‍റി റാഗിങ് സമിതിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.

സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള നടപടിയാണ് സര്‍വകലാശാല പിന്‍വലിച്ചത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികളുടെ ഒരാഴ്‌ചത്തെ സസ്പെന്‍ഷന്‍ നടപടിയാണ് പിന്‍വലിച്ചത്. അതേസമയം, സസ്പെന്‍ഷന്‍ പിന്‍വലിച്ചത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വിദ്യാർഥികളുടേതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.

ഇതിനിടെ മരിച്ച സിദ്ധാര്‍ഥിന്‍റെ പിതാവ് ടി. ജയപ്രകാശ് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിരുന്നു. കേസ് അന്വേഷണത്തില്‍ ആശങ്ക ഉണ്ടെന്ന് കുടുംബം അറിയിച്ചു. രേഖാമൂലം പരാതി നല്‍കിയതായാണ് വിവരം. സിബിഐ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും പൊലീസ് അന്വേഷണം ദ്രുതഗതിയില്‍ നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയത്.

ABOUT THE AUTHOR

...view details